മൂന്നര പതിറ്റാണ്ടിനു ശേഷം ലോകകിരീടത്തിൽ മുത്തമിട്ട അർജന്റീന ടീമിനൊപ്പം നാട്ടിലുള്ള ലിസാന്ദ്രോ മാർടിനെസ് ഇതുവരെയും തിരികെ വിമാനം കയറാത്തതിൽ പരിഭവം പങ്കുവെച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്. ആദ്യ നാലു സ്ഥാനങ്ങൾക്കായി പോരാട്ടം അതിശക്തമായ പ്രിമിയർ ലീഗിൽ അഞ്ചാമതാണ് നിലവിൽ മാഞ്ചസ്റ്റർ യുനൈറ്റഡ്. ഓരോ ടീമും കരുത്തുകാട്ടി മുൻനിരയിലേക്ക് പന്തടിച്ചുകയറുമ്പോൾ ഇനിയുള്ള മത്സരങ്ങൾ കൂടുതൽ കടുത്തതാകുമെന്ന തിരിച്ചറിവ് താരത്തിന് വേണമെന്നും അതിവേഗം മടങ്ങിയെത്തണമെന്നുമാണ് ആവശ്യം.
‘‘ബ്വേനസ് ഐറിസിൽ അയാൾ ആഘോഷത്തിലാണ്. അതെനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാൽ, പ്രിമിയർ ലീഗ് പുരോഗമിക്കുന്നുണ്ടെന്നും ലിസാന്ദ്രോ മാർടിനെസ് മനസ്സിലാക്കണം’’- ടെൻ ഹാഗ് പറഞ്ഞു.
ഖത്തർ മൈതാനങ്ങളിൽ അർജന്റീനയുടെ പിൻനിരയിലെ കരുത്തുള്ള കാലുകളായിരുന്നു ലിസാന്ദ്രോ. കോപ അമേരിക്ക, ഫൈനലിസിമ കപ്പുകളുടെ തുടർച്ചയായി ഫിഫ ലോകകപ്പും സ്വന്തമാക്കുമ്പോൾ പ്രതിരോധത്തിന്റെ മിടുക്കും പ്രശംസ പിടിച്ചുപറ്റി. കപ്പുമായി ഖത്തറിൽനിന്ന് മടങ്ങിയ ടീം ഇപ്പോഴും ആഘോഷം തുടരുകയാണ്.
എന്നാൽ, യൂറോപിൽ കളിമുറ്റങ്ങൾ സജീവമായതോടെയാണ് താരങ്ങളുടെ വരവ് നീളുന്നത് കോച്ചുമാരെ ആശങ്കയിലാക്കുന്നത്. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയാണ് യുനൈറ്റഡിന് അടുത്ത മത്സരം.
ഈ കളിയിൽ ലിസാന്ദ്രോ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയിലായിരുന്നു ടെൻ ഹാഗിന്റെ വൈകാരിക പ്രതികരണം. ‘‘ആ ചോദ്യത്തിന് ഇപ്പോൾ ഉത്തരം പറയാനാകില്ല. അയാൾ അർജന്റീനയിൽ ആഘോഷത്തിലാണ്. ബ്വേനസ് ഐറിസിൽ ആഘോഷപൂർവം തെരുവുചുറ്റുന്ന കാറിൽ അയാളുമുണ്ട്. അതെനിക്ക് മനസ്സിലാക്കാനാകും. വൈകാരികമാണത്. അയാളുടെ വികാരങ്ങളെയും നാം പ്രശംസിക്കുന്നു. നിങ്ങൾ ഇത്രയും നേടുമ്പോൾ, ലോകകിരീടം സ്വന്തം രാജ്യത്തെത്തുമ്പോൾ നേടാവുന്നതിൽ ഏറ്റവും വലുതാണത്. എന്നാൽ, 27ന് യുനൈറ്റഡ് വീണ്ടും മൈതാനത്തെത്തുകയാണെന്ന് താരം മനസ്സിലാക്കണമെന്നും കോച്ച് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.