ദോഹ: പൂരത്തിന് കൊടിയേറുംമുമ്പേ സാമ്പ്ൾ വെടിക്കെട്ട് തന്നെ ആരാധകർ ഏറ്റെടുത്ത് മഹാപൂരമാക്കിയാലോ... പന്തുരുളാൻ രണ്ടു ദിനം ബാക്കിനിൽക്കെ ബുധനാഴ്ച രാത്രിയിൽ ടെസ്റ്റ് ഇവൻറായാണ് ദോഹ അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദി ആരാധകർക്ക് തുറന്നുനൽകിയത്. ലോകകപ്പിന് കിക്കോഫ് കുറിക്കുന്നതിന് തലേദിനമായ ശനിയാഴ്ച മുതൽ സജീവമാകുന്ന ഫിഫ ഫാൻ സോണിന്റെ തയാറെടുപ്പുകളും സുരക്ഷാപരിശോധനയും വിലയിരുത്താനായിരുന്നു കഴിഞ്ഞ രാത്രിയിൽ പരീക്ഷണ പരിപാടി സംഘടിപ്പിച്ചത്.
എന്നാൽ, കാത്തുകാത്തിരുന്ന പൂരത്തിന് കൊടിയേറിയ ആവേശത്തിൽ ഫുട്ബാൾ ആരാധകർ ഒഴുകിയെത്തിയപ്പോൾ 188 ഹെക്ടറിൽ പരന്നുകിടക്കുന്ന അൽ ബിദ്ദ വീർപ്പുമുട്ടി. വൈകീട്ട് അഞ്ചിന് ഗേറ്റുകൾ തുറന്നതിനു പിന്നാലെതന്നെ ഫാൻസോണിലേക്ക് കാണികളുടെ പ്രവാഹം തുടങ്ങി. മാച്ച് ദിനങ്ങളിൽ എന്നപോലെ, ഹയ്യ കാർഡുള്ളവർക്കായിരുന്നു കർശന പരിശോധനയിലൂടെ പാർക്കിനുള്ളിലേക്ക് പ്രവേശനം അനുവദിച്ചത്.
കാണികൾക്കായി നിരനിരയായി പ്രവേശന കവാടങ്ങൾ. മാധ്യമപ്രവർത്തകർക്കുള്ള പ്രവേശനത്തിന് മറ്റൊരു മേഖലയും. ഐഡി കാർഡ് പരിശോധനയും കഴിഞ്ഞ് സുരക്ഷാപരിശോധന. മൊബൈൽ ഫോൺ, വാലറ്റ്, പേന, ഐഡി കാർഡ് മുതൽ ബെൽറ്റുവരെ അഴിപ്പിച്ചായിരുന്നു മെറ്റൽ ഡിറ്റക്ടറിലെയും മറ്റും സ്ക്രീനിങ്. ഏതാനും മിനിറ്റുകൾ നീണ്ട പരിശോധന പൂർത്തിയാക്കി അൽബിദ്ദ പാർക്കിന്റെ വിശാലമായ ആഘോഷത്തിരക്കിലേക്ക്.
ആകാശം തൊടുന്ന ഉയരത്തിൽ കൂറ്റൻ സ്ക്രീനിൽ അപ്പോഴേക്കും പാട്ടും ഡാൻസും തുടങ്ങിയിരുന്നു. തൊട്ടുതാഴെയുള്ള വേദിയിൽ നിറഞ്ഞാടുന്ന കലാകാരന്മാർക്ക് മുമ്പാകെ പലദേശക്കാർ നിറഞ്ഞു നിൽക്കുന്നു. മെക്സികോ, തുനീഷ്യ, അർജൻറീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങി ലോകകപ്പിൽ മാറ്റുരക്കുന്ന പല ടീമുകളുടെയും ആരാധകർ ഓരോ ഇടത്തായി കേന്ദ്രീകരിച്ച് പാട്ടിനൊപ്പം ചുവടുവെച്ചു. ആദ്യമെത്തുന്നവരെ കടത്തിവിട്ടുകൊണ്ടായിരുന്നു ജനപ്രവാഹം നിയന്ത്രിച്ചത്. 20,000 പേർ പ്രവേശിച്ചതോടെ ഗേറ്റുകൾ അടഞ്ഞു.
അപ്പോഴും, വൈകാതെ അകത്തു കയറാൻ കഴിയുമെന്ന കാത്തിരിപ്പിൽ കോർണിഷിലെ തെരുവിലും അൽ ബിദ്ദ പാർക്കിനു പുറത്തുമായി ആയിരങ്ങൾ തടിച്ചുകൂടിയിരുന്നു. തിരക്ക് നിയന്ത്രിച്ചശേഷം, കൂടുതൽ പേരെ പ്രവേശിപ്പിച്ചുകൊണ്ട് ഫാൻ ഫെസ്റ്റിന്റെ ആഘോഷത്തിന് കൊടിയേറ്റം കുറിച്ചു. പോപ് സംഗീതലോകത്തെ രാജാവ് മൈക്കൽ ജാക്സണുള്ള ആദരവായാണ് സംഗീതപരിപാടി അരങ്ങേറിയത്. മൈക്കൽ ജാക്സൺ ഷോകളിലൂടെ ലോകപ്രശസ്തിയാർജിച്ച റോഡ്രിഗോ ടീസറായിരുന്നു 'ജാക്സൺ ട്രിബ്യൂട്ടിന്' നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.