'ആ കളി ഇവിടെ വേണ്ട'; ജർമൻ ടീമിന് പിഴയിട്ട് ഫിഫ

ദോഹ: ജർമൻ ടീമിന് 10,000 സ്വിസ് ഫ്രാങ്ക് (ഏകദേശം എട്ടര ലക്ഷത്തോളം രൂപ) പിഴയിട്ട് ഫിഫ. സ്‌പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിന് കളിക്കാരനെ അയക്കാത്തതിനാണ് ഫിഫയുടെ ശിക്ഷ നടപടി. പരിശീലകനൊപ്പം ഒരു കളിക്കാരനും വാർത്ത സമ്മേളനത്തിൽ എത്തണമെന്നാണ് ചട്ടം. എന്നാൽ, പരിശീലകൻ ഹാൻസി ഫ്ലിക്ക് തനിച്ചാണ് എത്തിയത്. സ്‌പെയിനിനെതിരായ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാലാണ് കളിക്കാരനെ കൊണ്ടുവരാത്തതെന്നായിരുന്നു വിശദീകരണം.

നേരത്തെ ജപ്പാനെതിരായ മത്സരത്തിനിറങ്ങും മുമ്പുള്ള ഫോട്ടോ സെഷനിൽ വായ് മൂടി ജര്‍മന്‍ താരങ്ങൾ പ്രതിഷേധിച്ചിരുന്നു. എൽ.ജി.ബി.ടി.ക്യു സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടിൽ പ്രതിഷേധിച്ച് 'വൺ ലവ്' എന്ന് രേഖപ്പെടുത്തിയ ആംബാൻഡ് ധരിച്ച് ലോകകപ്പിൽ കളിക്കാനിറങ്ങുന്നത് വിലക്കിയ ഫിഫ നടപടിയിലുള്ള പ്രതിഷേധമായിരുന്നു ഇത്. മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ ജര്‍മന്‍ മന്ത്രി നാന്‍സി ഫേയ്സർ മഴവില്‍ ആംബാന്‍ഡ് ധരിച്ചാണ് സ്റ്റേഡിയത്തിലിരുന്നത്.

അതേസമയം, ഗ്രൂപ്പ് ഇയിലെ കോസ്റ്റാറിക്കക്കെതിരായ അവസാന റൗണ്ട് പോരാട്ടത്തിന് ഒരുങ്ങുകയാണ് ജർമനി. നാല് പോയന്റുമായി സ്‌പെയിനാണ് ഗ്രൂപ്പിൽ മുന്നിൽ. ജപ്പാനും കോസ്റ്റാറിക്കക്കും മൂന്ന് പോയന്റ് വീതമാണുള്ളത്. ഒരു പോയന്റുമായി ജർമനി അവസാന സ്ഥാനത്താണ്. 

Tags:    
News Summary - FIFA has fined the German team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.