ലണ്ടൻ: ഒരു താരം പാസ്‍പോർട്ടിൽ വ്യാജ വിവരങ്ങൾ ചേർത്തതിന് എക്വഡോർ ടീമിനെ വിലക്കണമെന്നും തൊട്ടുപിറകിലുള്ള തങ്ങൾക്ക് അവസരം നൽകണമെന്നുമുള്ള ചിലിയുടെ അപേക്ഷ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയും തള്ളി. പ്രതിരോധ നിരയിലെ ബൈറൺ കാസ്റ്റിലോയുടെ പേരിൽ നടപടി ആവശ്യപ്പെട്ട പരാതിയാണ് തള്ളിയത്.
കാസ്റ്റിലോ കൊളംബിയയിൽനിന്ന് അതിർത്തി കടന്നതാണെന്നും മാതാപിതാക്കളും സമാനമായി വന്നവരാണെന്നും ചിലി പരാതിയിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് വിപരീതമായ വിവരങ്ങളാണ് താരം പാസ്‍പോർട്ടിൽ ചേർത്തത്. ഫിഫ ചട്ടം 21 പ്രകാരം വ്യാജ വിവരങ്ങൾ നൽകുന്ന പക്ഷം താരത്തിനെതിരെയും കളിക്കാൻ അവസരം നൽകിയ ടീമിനെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാം. എന്നാൽ, കാസ്റ്റിലോയുടെ പാസ്പോർട്ട് വ്യാജമല്ലാത്തതിനാൽ ടീമിനെ അയോഗ്യമാക്കേണ്ടതില്ലെന്ന് കായിക തർക്ക പരിഹാര കോടതി (സി.എ.എസ്) വിധിയിൽ വ്യക്തമാക്കി. 2026 ലോകകപ്പിനുള്ള യോഗ്യത ഘട്ടത്തിൽ എക്വഡോറിന്റെ മൂന്നു പോയിന്റ് കുറക്കും. ചിലിക്കൊപ്പം പെറുവും പരാതി നൽകിയിരുന്നു.
എട്ടു യോഗ്യത മത്സരങ്ങളിലും അയോഗ്യനായ താരത്തെ ഇറക്കിയെന്നും അതിനാൽ ടീം അയോഗ്യമാണെന്നുമായിരുന്നു വാദം. അത് സമ്മതിക്കാതിരുന്ന കോടതി കാസ്റ്റിലോക്ക് ഇനിയും എക്വഡോർ ടീമിനായി കളിക്കാനും അനുമതി നൽകി. ഒരു ലക്ഷം ഡോളർ പിഴയും വിധിച്ചിട്ടുണ്ട്. താരത്തെ കളിപ്പിച്ച എക്വഡോർ ഫുട്ബാൾ ടീം തുക നൽകണം.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ എക്വഡോർ ഖത്തറിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.