ഖത്തര്‍ ലോകകപ്പ് പരിസമാപ്തിയോടടുക്കുകയാണ്. ഈ ടൂര്‍ണമെന്റിന്റെ ഏറ്റവും കൗതുകകരമായ വളര്ച്ചകളിലൊന്നായിരുന്ന ആഫ്രോ-അറബ് പ്രതിനിധികളായ മൊറോക്കോ നിലവിലെ ജേതാക്കളായ ഫ്രാന്‍സിനോട് 2-0 എന്ന മാര്‍ജിനില്‍ പോരാടിത്തന്നെ വിടവാങ്ങി. ഏറെ ആവേശം ജനിപ്പിച്ച അവരുടെ പ്രകടനം ലോകഫുട്ബോളില് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് മാത്രമല്ല, വലിയ ഫുട്ബോള്‍ പ്രോജക്റ്റുകളുമായി മുമ്പോട്ട് പോവുന്ന രാജ്യങ്ങളിലുണ്ടാക്കുന്ന സ്വാധീനം വലുതാവുമെന്ന് വിചാരിക്കുന്നു.
പ്രതീക്ഷ നിലനിര്‍ത്തിയ തുടക്കമായിരുന്നു ഇരു ടീമുകളുടേതും. കടലാസിലെങ്കിലും വിഭവധാരാളിത്തമുള്ള ഫ്രാന്‍സിന്റെ മുന്മത്സരങ്ങളില് ഉല്പ്രേരകമായിരുന്ന റാബിയോയുടെ അഭാവം യാതൊരു വിധത്തിലും ബാധിക്കാത്ത വിധം അവര്‍ പന്ത് തട്ടി. കളിയുടെ ഡ്രൈവ് പിടികിട്ടും മുമ്പേ അഞ്ചാം മിനിറ്റിലെ തിയോ ഫെര്‍ണാണ്ടസിന്റെ മിന്നും ആക്രോബാറ്റിക് ഗോള്‍ കളിയുടെ ജാതകം എഴുതി എന്ന് കരുതുന്നു. മൊറോക്കോ നന്നായി റിയാക്ട് ചെയ്യാന്‍ തുടങ്ങിയെങ്കിലും ഫ്രാന്‍സിന്റെ ഡിഫന്‍സീവ് ലൈന്‍ അക്ഷോഭ്യരായി നിലകൊണ്ടു. ഫ്രാന്‍സ് എന്ന ടീമിന്റെ ഗുണമേന്മ അവരുടെ മെന്റല്‍ സ്റ്റെബിലിറ്റിയാണ്. പ്രായത്തില്‍ കുറവെങ്കിലും യൂറോപ്യന്‍ സര്‍ക്യൂട്ടില്‍ പരിചയസമ്പന്നതയുള്ള താരങ്ങള്‍ ഏത് ടീമിനോടും , ഏത് സന്ദര്‍ഭങ്ങളോടും നന്നായി പ്രതികരിക്കുന്നതും, തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതും ഈ ബലത്തിലാണ്.
ആക്രമണ -പ്രതിരോധപ്രവര്‍ത്തനങ്ങളെ മനോഹരമായി ഏകോപിപ്പിക്കുന്ന ഗ്രീസ്മാന്റെ സ്ഥാനവ്യതിചലനങ്ങള്ക്ക് അനുപൂരകമായി കളിയെ സന്തുലിതമാക്കുന്ന ഫൊഫാനയും, ച്യൂവമാനിയും വരുംകാല ഫ്രാന്‍സ് ഇനിയും മാരകമാണെന്നതിന് തെളിവാണ്.
ആക്രമണനിരയില്‍ എംബാപ്പെയുടെ സാന്നിധ്യം പോലെ പ്രധാനമാവുന്നുണ്ട് ഡെംബെലേയുടെ എതിര്പ്രതിരോധങ്ങളെ വലക്കുന്ന ഓട്ടങ്ങള്‍. തന്റെ വേഗതയെ കുറേക്കൂടി ഒപ്റ്റിമൈസ് ചെയ്ത് ഇരുത്തം വന്ന കളിക്കാരനായി ഡെംബെലേ മാറിയതും ഖത്തറില്‍ ഫ്രാന്‍സിന് പ്രതീക്ഷ കൂട്ടുന്നുണ്ട്.
മൊറോക്കോ ഫുട്ബോള്‍ പ്രേമികളുടെ ഹൃദയത്തില്‍ തങ്ങളുടെ കളിമുദ്ര പതിപ്പിച്ചാണ് പടിയിറങ്ങിയത്. അംറബാതും, സയേഷും, ഓനയും, ഹകീമിയും ബോനോയുമെല്ലാം ഏതൊരു എലൈറ്റ് ടീമിന്റെയും അവിഭാജ്യമാകാന് കെല്പുള്ളവരാണ്. ഒരു പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ടീം ക്യാരെക്റ്റെറിസ്റ്റിക്സ് ഇന്നലെയും അവര്‍ പ്രദര്‍ശിപ്പിച്ചു. തുടക്കത്തിലേ ഗോള്‍ വഴങ്ങിയെങ്കിലും അതിന്റെ അങ്കലാപ്പുകള്‍ പെട്ടെന്ന് മായ്ച് കളയാന്‍ പാകത്തില്‍ പരുവപ്പെട്ട ഒരു ടീമായി അവര്‍ മാറിക്കഴിഞ്ഞിരുന്നു. 62% പന്തിന്റെ നിയന്ത്രണം , ഫ്രാന്‍സിനേക്കാള്‍ 200ഓളം പാസുകളുടെ ആധിക്യം, 86% കൃത്യതയുള്ള കൊടുക്കല്‍ വാങ്ങലുകള്‍, ഫ്രാന്‍സിനൊപ്പം ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ അങ്ങനെ കണക്കിലും കളത്തിലും മൊറോക്കോ അവരുടെ ഭാഗധേയം നന്നായി വരച്ചു ചേര്‍ത്തു. മൊറോക്കോക്ക് ക്ലിനികല്‍ സ്ട്രൈക്കറില്ലെന്ന വാദത്തെ അവഗണിക്കാവുന്നതാണ്. കാരണം അങ്ങനെയൊരു സ്ട്രാറ്റജി ഇല്ലാതെ തന്നെയാണ് അവരിതുവരെ എത്തിയതും, ശക്തരായ ഓരോ ടീമിനോടും വിജയിച്ചതും.
ഫ്രാന്‍സ് തീര്‍ത്തും അര്‍ഹിച്ച വിജയം ആയിരുന്നു. ഓരോ വകുപ്പിലും മികച്ച താരങ്ങളും, ഏറ്റവും മികച്ച തന്ത്രജ്ഞരിലൊരാളായ കോച്ചും ചേര്‍ന്ന് മൊറോക്കോയുടെ ഗെയിമിനുമേല് സാങ്കേതികമായി മികച്ചുനിന്നു നേടിയ വിജയമാണിത്.
ലോകകപ്പ് നിലനിര്‍ത്തുക എന്ന സമ്മോഹനതലത്തിലേക്ക് ഒറ്റമത്സരം മാത്രമകലെ അവര്‍ മെസ്സിയുടെ അര്‍ജന്റീനയെ കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.