ദോഹ: ലോകകപ്പ് ആവേശപ്പോരാട്ടങ്ങൾക്കായി കാത്തിരിക്കുന്ന ദോഹയുടെ മണ്ണിലേക്ക് അമേരിക്കൻ ഫുട്ബാൾ പടയെത്തി. വ്യാഴാഴ്ച രാത്രി ന്യൂയോർക്കിൽ നിന്നുള്ള ഖത്തർ എയർവേസ് വിമാനത്തിലാണ് അമേരിക്കൻ ടീം ദോഹയിലെത്തിയത്.
യൂറോപ്യൻ ലീഗ് സീസൺ തിരക്കിലുള്ള ഏതാനും താരങ്ങളൊഴികെ വലിയൊരു നിരയുമായാണ് കോച്ച് ഗ്രെഗ് ബെർഹാൾട്ടർ പോരാട്ട നഗരിയിലെത്തിയത്. ചെൽസി താരം കൂടിയായ ക്യാപ്റ്റൻ ക്രിസ്റ്റ്യൻ പുലിസിച് ഉൾപ്പെടെ ഏതാനും പേർ ക്ലബ് സീസൺ ഇടവേളയിൽ നേരിട്ട് ദോഹയിലെത്തി ടീമിനൊപ്പം ചേരും.
വ്യാഴാഴ്ച പകൽ ന്യൂയോർക്കിൽ നിന്നും ടീം പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് കോച്ചും സംഘവും ദോഹയിലേക്ക് പറന്നത്. ഏതാണ്ട് പൂർണമായ സംഘവുമായി ദോഹയിലെത്തുന്നവർ കൂടിയാണ് അമേരിക്ക. നേരത്തെ ജപ്പാൻ സംഘമെത്തിയെങ്കിലും കോച്ചിനൊപ്പം ഏതാനും കളിക്കാർ മാത്രമേ ദോഹയിലെത്തിയുള്ളൂ. ദുബൈയിൽ നടക്കുന്ന സന്നാഹ മത്സരം കൂടി കഴിഞ്ഞാവും ജപ്പാൻ ടീമിന്റെ വരവ്.
ഹമദ് വിമാനത്താവളത്തിൽ നിന്നു പ്രത്യേകം സജ്ജീകരിച്ച ടീം ബസിൽ അമേരിക്കൻ സംഘം ബേസ് ക്യാമ്പായ പേൾ ഖത്തറിലെ മർസ മലസ് കെംപിൻസ്കിയിലെത്തി. ഇവിടെ നിന്നും 15 കിലോമീറ്റർ മാത്രം അകലെയുള്ള അൽ ഗറാഫയിലാണ് അമേരിക്കൻ ടീമിന്റെ പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.