മറഡോണയുടെ ആ റെക്കോഡും തന്റെ പേരിലാക്കി മെസ്സി; അർജന്റീനക്ക് മുന്നിൽ ഇനി 'ചെറിയ, വലിയ' പോരാട്ടങ്ങൾ

സൗദിക്കു മുന്നിൽ വീണുപോയ അർജന്റീന ടീമിനു പിന്നാലെയായിരുന്നു നാളുകളേറെയായി എതിരാളികൾ. നന്നായി കളിച്ചിട്ടും ആദ്യ കളി തോറ്റുപോയവർക്ക് ഇനി തിരിച്ചുവരവ് നേർത്ത സാധ്യതയെന്ന തരത്തിലായിരുന്നു വിശകലനങ്ങൾ. കളി മറന്ന മെസ്സിക്കൂട്ടമെന്ന പരിഹാസങ്ങൾ പലതു പറന്നുനടന്നു സമൂഹ മാധ്യമങ്ങളിൽ. രണ്ടു കളികൾ കൂടി കഴിഞ്ഞതോടെ ചിത്രമാകെ മാറിയിരിക്കുന്നു. ഗ്രൂപ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തിയെന്നു മാത്രമല്ല, ഏറ്റവും മികച്ച ടീം ഗെയിമുമായി അർജന്റീന സമ്പൂർണമായി പരിവർത്തനം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ലയണൽ സ്കലോണിയുടെ ഈ കുട്ടികൾക്ക് ഇനി എന്തും സാധ്യമെന്ന തരത്തിലാണ് പുതിയ വായനകൾ.

നിർണായക മത്സരത്തിൽ പോളണ്ടിനെതിരെ ഗോൾ കുറിച്ച അരങ്ങേറ്റക്കാരൻ അലക്സിസ് മാക് അലിസ്റ്റർ തന്നെ ഇതേ കുറിച്ചു പറയും: ''അന്നത്തെ തോൽവിക്ക് പകരം വേണ്ടിയിരുന്നു ഞങ്ങൾക്ക്. രണ്ടാം കളി മുതൽ ടീംഗെയിം തിരിച്ചുപിടിച്ചവരായി അർജന്റീന മാറിയിട്ടുണ്ട്. മൈതാനത്തു നിറ​യേണ്ട ശാന്തത വീണ്ടെടുത്തുകഴിഞ്ഞു. പോളണ്ടിനെതിരെ ശരിക്കും ഒരുമനസ്സായ ഗെയിമായിരുന്നു. ഏറ്റവും മികച്ച കളിസംഘമാണിപ്പോൾ ഞങ്ങൾ''- മത്സരം കഴിഞ്ഞുടനായിരുന്നു താരത്തിന്റെ ആത്മവിശ്വാസം നിറഞ്ഞ പ്രതികരണം. മെസ്സിക്കൊപ്പം ഒരിക്കൽ വെറുതെയെങ്കിലും പന്തു തട്ടണമെന്ന് സ്വപ്നം കണ്ട ആ കൗമാരക്കാരൻ മാത്രമല്ല, കഴിഞ്ഞ രണ്ടു കളികൾ കണ്ട ആരും പറയുന്ന വാക്കുകൾ.

മെസ്സി എടുത്ത പെനാൽറ്റി കിക്ക് തടുത്തിട്ട ഗോളി വോസിയെക് സെസസ്നിയെ കടന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ വീഴുമ്പോൾ അർജന്റീന അതിലേറെ വലുതിനുള്ള ഒരുക്കങ്ങളിലായിരുന്നു. മെസ്സിയെന്ന മാന്ത്രികന്റെ കാലുകൾ അപൂർവ സുന്ദര വഴക്കത്തോടെ​ മൈതാനം നിറഞ്ഞുനീങ്ങിയ മുഹൂർത്തങ്ങൾ. ഏതുനിമിഷവും പൊട്ടിപ്പോകാവുന്ന പ്രതിരോധക്കോട്ട കെട്ടുപൊട്ടാതെ നിർത്താൻ പോളണ്ട് ശരിക്കും വിയർത്തുകളിച്ച കാഴ്ചകൾ. 13 തവണയായിരുന്നു പോളണ്ട് ഗോളിയെ ലക്ഷ്യമിട്ട് അർജന്റീന പന്തടിച്ചത്. അതിൽ 11ഉം മെസ്സിയുടെ വക. ഗോളായതു പക്ഷേ, മറ്റു രണ്ടെണ്ണമായത് നിർഭാഗ്യം കൊണ്ടാകാം. അ​ക്ഷരാർഥത്തിൽ കളം ഭരിച്ചും കളി നയിച്ചും നിറഞ്ഞുനിന്ന മെസ്സിയായിരുന്നു പോളണ്ടിനെതിരെ ടീമി​ന്റെ എഞ്ചിൻ. മൈതാനത്ത് ഓടിക്കൊണ്ടേയിരിക്കുന്നതിന് പകരം കാത്തുപാർത്ത് നിൽക്കുന്ന ആ കണ്ണുകളും ഒപ്പം കാലുകളും ചേർന്ന് ടീമിന് നൽകുന്ന ഊർജം ഒന്നുവേറെത്തന്നെ. ​അതായിരുന്നു വിജയമൊരുക്കിയ പ്രധാന ഘടകവും.

മനോഹരമായ ടീം ഗെയിമും ഇതിൽ നിർണായകമായി. രണ്ടാം ഗോളിലെത്തിയ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാലറിയാം ടീം ഒന്നിച്ചു ക്ഷമയോടെ നടത്തിയ നീക്കങ്ങളുടെ സൗകുമാര്യം. ഒട്ടും തിടുക്കം കാട്ടാതെ മുന്നോട്ടുതന്നെ പായുന്നതിന് പകരം പിൻനിരയെ ഏതുനിമിഷത്തിലും ഉപയോഗപ്പെടുത്തിയുള്ള എണ്ണമറ്റ നീക്കങ്ങൾക്കൊടുവിലായിരുന്നു ടീമിന്റെ രണ്ടാം ഗോൾ.

ഈ ടീമിനു മുന്നിൽ പ്രീക്വാർട്ടറിൽ ഇനി സോക്കറൂസുകളായ ആസ്ട്രേലിയയാണ് എതിരാളികൾ. അവരെ വീഴ്ത്താനായാൽ മിക്കവാറും വാൻ ഗാൽ പരിശീലിപ്പിക്കുന്ന ഡച്ചുപട ക്വാർട്ടറിൽ ലഭിച്ചേക്കും. 

Tags:    
News Summary - FIFA World Cup: as Argentina buries trauma by reaching knockouts, Messi becomes hero

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.