ആദ്യം സൗദി, പിന്നെ ജപ്പാൻ...ഖത്തർ മണ്ണിൽ ഏഷ്യൻ പടയോട്ടം ഏതുവരെ?

നാലു നാൾ മാത്രം പിന്നിട്ട ഖത്തർ ലോകകപ്പിൽ ഇതിനകം നടന്നത് രണ്ടു വമ്പൻ അട്ടിമറികൾ. കിരീട സാധ്യത കൽപിക്കപ്പെട്ടവരിൽ ഏറെ മുന്നിലായിരുന്ന അർജന്റീനയെ മറികടന്ന് സൗദി അറേബ്യയാണ് തുടക്കമിട്ടത്. അത്യപൂർവമായി സംഭവിക്കുന്ന ഒന്നു മാത്രമെന്നു കരുതിയവരെ വീണ്ടും ഞെട്ടിച്ച് തൊട്ടുപിറ്റേന്ന്, നാലുവട്ടം ലോകചാമ്പ്യന്മാരായ ജർമനി ജപ്പാനു മുന്നിൽ കീഴടങ്ങി. രണ്ടു കളികളിലും ആദ്യം ഗോളടിച്ച് ലീഡുപിടിച്ചത് വമ്പന്മാരായിരുന്നുവെന്നത് ചേർത്തുവായിക്കണം. എന്നിട്ടും അവർ തോറ്റു. അതും മനോഹരമായി പിറന്ന ഗോളുകളിൽ.

കളിയുടെ തുടക്കത്തിൽ ഗോളടിച്ച് ​മെസ്സി നൽകിയ ലീഡിൽ കടിച്ചുതൂങ്ങിയും ഓഫ്സൈഡ് കുരുക്കിൽ വീണു കിതച്ചും നിന്ന അർജന്റീന വലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു രണ്ടു ഗോളുകൾ വീഴുന്നതും കളി കൈവിടുന്നതും. ജപ്പാനു മുന്നിൽ ജർമനിക്കും അതുതന്നെ കിട്ടി. ആദ്യ കളിയിൽ സൗദി താരം അൽദൗസരിയും രണ്ടാം നാളിൽ ജപ്പാന്റെ തകുമാ ​അസാനോയും നേടിയത് ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളുകൾ കൂടിയായിരുന്നു.

ലോക റാങ്കിങ്ങിൽ മൂന്നാമന്മാരാണെന്നതു മാത്രമല്ല, അർജന്റീനയെ ഖത്തറിൽ വേറിട്ടതാക്കുന്നത്. സാക്ഷാൽ ലയണൽ മെസ്സി നയിക്കുന്ന സംഘം നീണ്ട മൂന്നര പതിറ്റാണ്ടിന്റെ ഇടവേളക്ക് അവധി നൽകി കിരീടം പിടിക്കാൻ കച്ചകെട്ടി എത്തിയവരാണ്. മൂന്നു വർഷത്തിനിടെ ഒരു കളി പോലും തോൽക്കാത്തവർ- കൃത്യം കണക്കുകൂട്ടിയാൽ 36 മത്സരങ്ങൾ. സൗദി ജയിക്കുമെന്ന് അ​വർക്കു പോലും വിശ്വസിക്കാനാവാത്തത്ര ഉയരത്തിലായിരുന്നു ലാറ്റിനമേരിക്കൻ സംഘമപ്പോൾ. എന്നിട്ടും, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് ലുസൈൽ കളിമുറ്റത്ത് കാണികൾ സാക്ഷിയായി. ആദ്യ പകുതിയിൽ ശരിക്കും മൈതാനം വാണ മെസ്സിസംഘം ഇടവേള കഴിഞ്ഞെത്തിയപ്പോൾ നിശ്ശൂന്യരായിപ്പോയി.

ജപ്പാനു പക്ഷേ, 2018ലും സമാനമായൊരു കഥയുണ്ട്. അന്നവർ ജർമനിയെ വീഴ്ത്തിയത് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു. ഒരു ഗോൾ തിരിച്ച് സമുറായ് വലയിലെത്തിച്ചെന്നതു മാത്രമാകും ഇത്തവണ ജർമൻകാർക്ക് ആശ്വാസം. അർജന്റീന അടിച്ചതിനു സമാനമായി ജർമനിയുടെതും ​പെനാൽറ്റി ഗോളാണെന്നത് ആകസ്മികതയാകാം.

ജപ്പാന്റെ ആദ്യ ഇലവനിൽ അഞ്ചു പേരും ജർമൻ മൈതാനങ്ങളിൽ പന്തു തട്ടുന്നവരായത് ജപ്പാന് ആനുകൂല്യമായിട്ടുണ്ടാകണം. ആദ്യം സ്കോർ ചെയ്ത റിറ്റ്സു ഡോവൻ ഫ്രീബർഗിലും വിജയ ഗോളിനുടമയായ അസാനോ ബോഷമിലും കളിക്കുന്നവർ.

ഒരു കളിയിൽ എല്ലാം തീരുമാനമാകുന്നതല്ല, പ്രാഥമിക റൗണ്ട്. ജയിച്ച ജപ്പാനും സൗദിയും നോക്കൗട്ടിലെത്തിയെന്നോ തോറ്റ അർജന്റീനയും ജർമനിയും മടക്ക ടിക്കറ്റെടുത്തെന്നോ ഇതിനർഥമില്ല. എല്ലാം തീരുമാനമാകാൻ മൂന്നാഴ്ച കാത്തിരിക്കണം. എന്നാലും, 2002 ലെ കൊറിയ ജപ്പാൻ ലോകകപ്പിനു ശേഷം ഏഷ്യ ചിലതു തീരുമാനിച്ച പോലെയാണ് ആദ്യ മത്സരങ്ങൾ നൽകുന്ന സൂചന. രണ്ട് പതിറ്റാണ്ട് മുമ്പ് ദക്ഷിണ കൊറിയ സെമി കളിച്ചതാണ് ലോകകപ്പിൽ ഏഷ്യയുടെ ഏറ്റവും ഉയർന്ന റെക്കോഡ്. അത് ഇത്തവണ തിരുത്തപ്പെടുമോ? കാത്തിരുന്നു തന്നെ കാണണം. ഫുട്ബാൾ അനിശ്ചിതത്വങ്ങളുടെത് കൂടിയാണല്ലോ...

Tags:    
News Summary - FIFA World Cup: Asian Nations Dominating As 2 Giants Fall in 2 Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.