വമ്പന്മാരെ മുട്ടുകുത്തിച്ച് 'ചെറുമീനുകൾ' മുന്നേറുന്നത് പതിവായ ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരുന്നു അർജന്റീന- നെതർലൻഡ്സ് മത്സരം. രണ്ടു ഗോളിന് മുന്നിൽ നിന്ന മെസ്സിസംഘം അവസാന മിനിറ്റുകളിൽ അത്രയും തിരിച്ചുവാങ്ങുകയും ഷൂട്ടൗട്ടിൽ ജയിച്ച് മുന്നേറുകയും ചെയ്ത കളി. ടൂർണമെന്റിൽ തന്റെ ഗോൾ സമ്പാദ്യം നാലാക്കി ഉയർത്തിയ മെസ്സിക്കു പക്ഷേ, കളി നിയന്ത്രിച്ച റഫറിയോടായിരുന്നു അരിശമത്രയും.
ലോകകപ്പ് ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ കാർഡുകൾ പുറത്തെടുത്ത മത്സരങ്ങളിലൊന്നായിരുന്നു അർജന്റീന- നെതർലൻഡ്സ് പോരാട്ടം. മെസ്സിയടക്കം എട്ട് അർജന്റീന താരങ്ങളും കോച്ച് സ്കലോണി ഉൾപ്പെടെ രണ്ട് ഒഫീഷ്യലുകളും കാർഡ് കണ്ടു. ഏഴ് ഡച്ചുതാരങ്ങൾക്കും കിട്ടി മഞ്ഞക്കാർഡ്. മുമ്പ് 2006 ലോകകപ്പിൽ 16 താരങ്ങൾക്ക് കാർഡ് നൽകിയ റെക്കോഡാണ് ഈ കളിയിൽ തിരുത്തപ്പെട്ടത്. സ്പാനിഷ് റഫറി അന്റോണിയോ മാറ്റ്യൂ ലഹോസാണ് ഈ വിവാദ റഫറി. ഏറെയായി വിവാദനായകനായ ലഹോസ് തന്നെ വേട്ടയാടുന്നുവെന്ന തോന്നൽ മെസ്സിക്ക് നേരത്തെയുള്ളതാണ്.
ഡീഗോ മറഡോണക്ക് ആദരമർപിച്ച് ഒരു മത്സരത്തിനിടെ ജഴ്സിയഴിച്ചതിന് കാർഡ് കാണിച്ച പാരമ്പര്യം ലഹോസിനുണ്ട്. അതിനിയും വിട്ടില്ലെന്ന സുചന നൽകുന്നതായിരുന്നു ഈ മത്സരവും.
ലുസൈൽ മൈതാനത്തെ കളിയിൽ ലഹോസിന് വിസിലൂതുന്ന ചുമതല നൽകരുതായിരുന്നുവെന്ന് പിന്നീട് മെസ്സി തുറന്നടിച്ചു. ''റഫറിയെ കുറിച്ചു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പറഞ്ഞുകഴിഞ്ഞാൽ അവർ ശാസനയുമായി എത്തും. അല്ലെങ്കിൽ വിലക്കു വീഴും. എന്തു നടന്നെന്ന് ജനം കണ്ടതാണ്. ഫിഫ ഇത് പുനഃപരിശോധിക്കണം. അവർ ശരിയാകില്ലെന്നുവന്നാൽ ഇത്രയും പ്രാധാന്യമുള്ള ഒരു കളിയുടെ നിയന്ത്രണം ഇതുപോലൊരു റഫറിക്ക് നൽകരുത്''- മെസ്സി പറഞ്ഞു.
ഞങ്ങൾക്കത് മഹത്തായ ഒരു മത്സരം ആയിരുന്നില്ല. റഫറിയാണ് കളി അധിക സമയത്തേക്ക് നീട്ടിയത്. അയാൾ എന്നും ഞങ്ങൾക്കെതിരാണ്. കഴിഞ്ഞ കളിയിൽ അത് ഒരു ഫൗൾ ആയിരുന്നില്ല''- അർജന്റീന നായകൻ തുറന്നടിച്ചു.
ഷൂട്ടൗട്ടിനൊടുവിൽ ഡച്ച് താരം ഡെൻസൽ ഡംഫ്രീസിനെ ലഹോസ് രണ്ടാം മഞ്ഞക്കാർഡ് നൽകി പുറത്താക്കിയതിനും മൈതാനം സാക്ഷിയായിരുന്നു.മത്സരത്തിൽ ശരിക്കും ഹീറോ അർജന്റീന ഗോളി എമിലിയാനോ മാർടിനെസായിരുന്നു. ഷൂട്ടൗട്ടിൽ ഡച്ചുപടയെ സമ്മർദത്തിലാക്കി രണ്ടു നിർണായക കിക്കുകളാണ് മാർടിനെസ് തടുത്തിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.