ആദ്യ ഇലവനിൽനിന്ന് തുടർച്ചയായ രണ്ടാം മത്സരത്തിലും പുറത്തായി രണ്ടാം പകുതിയിൽ മൈതാനത്തെത്തുന്ന താരത്തിന്റെ കാലുകളിലെത്തുന്നത് ആകെ 10 ടച്ചുകൾ. സമനില ഗോളിനായി ടീം ദാഹിച്ചുനിന്ന 40 മിനിറ്റിൽ എതിർവല ലക്ഷ്യമിട്ട് പറന്നത് ഒരു ഷോട്ട് മാത്രം. ടീമിൽ സ്ഥിരം ഫ്രീകിക്കുകാരനാണെങ്കിലും ഇത്തവണ കിക്കെടുത്തത് ബ്രൂണോ ഫെർണാണ്ടസും മറ്റുള്ളവരും... ലോകകപ്പിൽ അവസാന മത്സരത്തിനിറങ്ങുമ്പോൾ ക്രിസ്റ്റ്യാനോയെന്ന മാന്ത്രികൻ ഇതൊന്നുമാകില്ല കാത്തിരുന്നത്. പലവട്ടം എതിർവല കുലുക്കി സ്വപ്നങ്ങളിലെ രാജകുമാരനായി കോടിക്കണക്കിന് ആരാധക മനസ്സുകളിൽ നിറയാമെന്നും തന്റെ രാജ്യത്തെ അങ്ങനെ ലോകകിരീടത്തിലേക്ക് നയിക്കാമെന്നുമായിരിക്കണം. ദേശീയ ജഴ്സിയിൽ 196ാം തവണ ഇറങ്ങിയ മത്സരത്തിൽ പക്ഷേ, എല്ലാം നഷ്ടപ്പെട്ടായിരുന്നു ടീമിനൊപ്പം താരത്തിന്റെയും മടക്കം.
റൂബൻ നെവസിനു പകരം 51ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ ഇറങ്ങിയിരുന്നത്. വിങ്ങുകളിൽനിന്ന് പറന്നെത്തുന്ന പന്ത് കാത്ത് മൊറോക്കോ ബോക്സിൽ കാത്തുകെട്ടിക്കിടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. പലപ്പോഴും പാസ് പറന്നിറങ്ങിയത് സമീപത്തുണ്ടായിരുന്ന സഹതാരങ്ങളുടെ കാലുകളിൽ. 91ാം മിനിറ്റിൽ ലഭിച്ച സുവർണാവസരമാകട്ടെ, മൊറോക്കോ ഗോളി യാസീൻ ബോനോയെന്ന അതിമാനുഷന്റെ കൈകൾ തട്ടിയകറ്റുകയും ചെയ്തു.
ടീമിൽ മുഴുസമയവും കളിക്കാൻ അവസാന മൂന്നു കളികളിലും അവസരം കിട്ടാതെപോയ താരമായിരുന്നു റൊണാൾഡോ. ഗ്രൂപ് ഘട്ടത്തിൽ ദക്ഷിണ കൊറിയക്കെതിരെ കളി പാതിയിൽ നിൽക്കെ റൊണാൾഡോയെ കോച്ച് പിൻവലിച്ചു. സ്വിറ്റ്സർലൻഡിനെതിരെയും ഒടുവിൽ മൊറോക്കോക്കെതിരെ ക്വാർട്ടറിലും ആദ്യ ഇലവനിൽ പോലുമുണ്ടായില്ല. താരമൂല്യവും ജനപിന്തുണയും ക്രിസ്റ്റ്യാനോയെ ഏറെ മുന്നിൽ നിർത്തുന്നുവെങ്കിലും കളത്തിലെ കളിയിൽ പുതിയ കണക്കുകൾ താരത്തിനൊപ്പം നിൽക്കാത്തതാണ് വില്ലനായത്. ഇതിനെതിരെ താൻ ഒറ്റക്കും മറ്റുള്ളവരും പ്രതികരിച്ചെങ്കിലും കോച്ച് സാന്റോസ് കൂട്ടാക്കിയില്ല. വിജയം ലക്ഷ്യമാകുമ്പോൾ ടീമാണ് പ്രധാനമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ക്വാർട്ടർ പോരാട്ടം കഴിഞ്ഞ് ടീം പരാജയം സമ്മതിച്ചുനിൽക്കുമ്പോൾ വിതുമ്പി മൈതാനത്തുനിന്ന താരത്തെ ആശ്വസിപ്പിക്കാനും ആരുമുണ്ടായില്ല. അഞ്ചാം ലോകകപ്പ് കളിച്ചിട്ടും ഒരു തവണ പോലും കിരീടം ചൂടാനാകാത്ത നഷ്ടം മറ്റാരുടെതുമായിരുന്നില്ലെന്നതായിരുന്നു ക്രിസ്റ്റ്യാനോയെ ഇത്രമേൽ കണ്ണീരിലാഴ്ത്തിയത്. പോർച്ചുഗലിന് പക്ഷേ, സമീപകാല കണക്കുകൾ കൂട്ടില്ലാത്തതിനാൽ ഇത് അത്ര വലിയ നഷ്ടമായില്ല. പരാജയം സമ്മതിക്കുന്നുവെന്നായിരുന്നു കോച്ചിനും മറ്റുള്ളവർക്കും പറയാനുണ്ടായിരുന്നത്.
ആരും പരിഗണിക്കാനില്ലാതെ ഡ്രസ്സിങ് റൂമിലേക്ക് അതിവേഗം മടങ്ങുന്നതും ടൂർണമെന്റിന്റെ വേദനിപ്പിക്കുന്ന കാഴ്ചയായി. ലോകകപ്പിനു മുമ്പ് തന്റെ ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ രംഗത്തെത്തി വിവാദമുണ്ടാക്കുകയും ടീം വിടുകയും ചെയ്തായിരുന്നു ക്രിസ്റ്റ്യാനോ ലോകകപ്പിനെത്തിയത്. എല്ലാം ലോകകപ്പിൽ കാണാമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. അതിനിടെ, സൗദി ക്ലബ് റെക്കോഡ് തുകക്ക് താരത്തെ എടുത്തതായും വാർത്തകൾ വന്നു.
ലോകകപ്പിൽ ഇംഗ്ലണ്ടും പോർച്ചുഗലും മടങ്ങുമ്പോൾ ക്രിസ്റ്റ്യാനോക്കിത് സമാനതകളില്ലാത്ത നഷ്ടങ്ങൾ സമ്മാനിച്ചുള്ള മടക്കമാണ്. അഞ്ചുലോകകപ്പുകളിൽ 22 കളികളിൽനിന്നായി എട്ടു ഗോളും രണ്ട് അസിസ്റ്റും സ്വന്തമായുള്ള താരത്തിന് ഒരു കിരീടം കൂടി അർഹിച്ചിരുന്നുവെന്ന് ആരാധകർ വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.