ദോഹ: കാൽപന്തുകളിയുടെ പെരുങ്കളിയാട്ടത്തിന് അറേബ്യൻ മണൽപരപ്പിൽ കൊടിയേറ്റം. നാലാണ്ടിന്റെ ദൈർഘ്യമുള്ള കാത്തിരിപ്പിനറുതിയിട്ട് ഖത്തർ എന്ന കൊച്ചുരാജ്യത്തെ 'അൽബൈത്ത്' എന്ന കളിക്കളത്തിൽ ആദ്യ വിസിൽ മുഴങ്ങി. ഇനി ലോകം മുഴുവൻ അവിടെ തട്ടിക്കളിക്കുന്ന പന്തിന് പിറകെയുള്ള ഓട്ടത്തിലാണ്.
അതിശയങ്ങളുടെ ചെപ്പ് തുറന്ന ഉദ്ഘാടന ചടങ്ങിനൊടുവിൽ ഇന്ത്യൻ സമയം 9.30ന് ആതിഥേയരായ ഖത്തർ തെക്കനമേരിക്കൻ കരുത്തരായ ഇക്വഡോറിനെ നേരിട്ടാണ് വിശ്വമേളക്ക് അങ്കം കുറിച്ചിരിക്കുന്നത്. ഇറ്റാലിയൻ റഫറി ഡാനിയൽ ഒർസാറ്റോയാണ് മത്സരം നിയന്ത്രിക്കുന്നത്. ആദ്യമായാണ് ഖത്തർ ലോകകപ്പില്‍ പന്തുതട്ടുന്നത്.
ഇന്ത്യൻ സമയം രാത്രി എട്ടോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. ഖത്തറിന്റെ ചരിത്രവും സാംസ്കാരികത്തനിമയും ഫിഫ ലോകകപ്പിന്റെ നാൾവഴികളുമെല്ലാം കാഴ്ചക്കാരിലേക്കെത്തിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങിലെത്തിയത്. അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാനായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ നിറസാന്നിധ്യങ്ങളിലൊരാൾ.
പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബി.ടി.എസിലെ അംഗമായ ജുങ് കൂക്കിന്റെ വിസ്മയ പ്രകടനത്തിനും സ്റ്റേഡിയം സാക്ഷിയായി. അദ്ദേഹത്തിന്റെ ഡ്രീമേഴ്സ് എന്ന മ്യൂസിക് വിഡിയോ ഇന്ന് രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ ലൈവ് അവതരണമാണ് അൽ ബൈത്ത് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. കനേഡിയൻ ഗായിക നോറ ഫത്തേഹി, ലബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും കാണികൾക്ക് മുന്നിൽ സംഗീത വിസ്മയം തീർത്തു.
ഫുട്ബാൾ ലോകകപ്പുകളോടനുബന്ധിച്ച് ഇറങ്ങി തരംഗം തീർത്ത റിക്കി മാർട്ടിന്റെ 'ഗോൾ ഗോൾ ഗോൾ...അലെ അലെ അലെ'യും ഷക്കീറയുടെ 'വക്കാ വക്കാ'യുമെല്ലാം സ്റ്റേഡിയത്തിലെ ആവേശം പരകോടിയിലെത്തിച്ചു. ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ ദേശീയ പതാകകളും ഉദ്ഘാടന വേദിയിൽ ഉയർന്നുപാറി.
ഇനി ഒരു സ്വർണക്കിരീടത്തിനായി 32 രാജ്യങ്ങളിൽനിന്നെത്തിയ 832 കളിക്കാരുടെ പോരാട്ടമാണ്. ഡിസംബർ 18ന്റെ രാവിൽ ലുസൈൽ സ്റ്റേഡിയത്തിൽ ഒരു ടീം കിരീടം മാറോട് ചേർക്കുന്നത് വരെ ആകാംക്ഷ തുടരും. ഒരുക്കങ്ങളിലും ആവേശങ്ങളിലും ആഘോഷങ്ങളിലുമെല്ലാം മലയാളത്തനിമയുള്ള ലോകകപ്പിന് കൂടിയാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.