കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ ക്വാർട്ടർ മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകവെ ഫുട്ബാൾ ആരാധകർ ആവേശത്തിന്റെ പരകോടിയിൽ. അവസാന എട്ടു ടീമുകളിൽനിന്ന് വിജയിച്ചു കയറുന്നവർ ആരൊക്കെയാകും എന്നാണ് ചർച്ച. വെള്ളിയാഴ്ചയിലെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ബ്രസീലും നെതർലൻഡ്സിനെതിരെ അർജന്റീനയും വിജയിക്കുമെന്നാണ് ഇരു ടീമുകളുടെയും ഫാൻസുകളുടെ വിശ്വാസം. ഇതു സംഭവിച്ചാൽ സെമിയിൽ ബ്രസീൽ-അർജന്റീന പോരിന് ലോകകപ്പ് സാക്ഷിയാകും.
മലയാളി ഫാൻസുകളുടെ ഏറ്റുമുട്ടൽകൂടിയാകുമത്. കുവൈത്ത് മലയാളികൾക്കിടയിലും ഏറ്റവും കൂടുതൽ ഫാൻസുള്ളത് ബ്രസീലിനും അർജന്റീനക്കുമാണ്. ലോകകപ്പ് തുടക്കംമുതലേ ട്രോളുകളും കുറിപ്പുകളും മറ്റുമായി ഇരുവിഭാഗവും സമൂഹമാധ്യമങ്ങളിൽ 'ഏറ്റുമുട്ടൽ' ആരംഭിച്ചിട്ടുണ്ട്. ആദ്യ കളിയിൽ സൗദിയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ അർജന്റീനയെ നിലത്തു നിർത്താതെ ട്രോളിയാണ് ബ്രസീൽ ഫാൻസ് 'സ്ഥിരം എതിരാളികളെ' നേരിട്ടത്. ഇതോടെ പ്രതിരോധത്തിലായ അർജന്റീന ഫാൻസിന് ബ്രസീൽ കാമറൂണിനോട് തോറ്റതോടെ തിരിച്ചടിക്കാനുള്ള വടിയായി.
കണക്കുകളും കളിയും പിഴച്ചില്ലെങ്കിൽ സെമിയിൽ നേർക്കുനേർ കാണാമെന്ന വെല്ലുവിളികളിലാണ് ഇരു ടീമുകളുടെ ഫാൻസുമിപ്പോൾ. കഴിഞ്ഞ കോപ കപ്പ് ഫൈനലിലെ ചരിത്രം ആവർത്തിക്കുമെന്നാണ് അർജന്റീന ഫാൻസിന്റെ ആത്മവിശ്വാസം. എന്നാൽ, എല്ലാറ്റിനുമുള്ള പ്രതികാരം സെമിയിൽ കാണാമെന്ന വെല്ലുവിളി ബ്രസീൽ ഫാൻസ് ഉയർത്തുന്നു.
അതേസമയം, മൊറോക്കോ-പോർചുഗൽ, ഇംഗ്ലണ്ട്-ഫ്രാൻസ് മത്സരം കടുത്തതായിരിക്കുമെന്നതിൽ നാലു ടീമുകളുടെയും ഫാൻസിന് സംശയം ഇല്ല. അതുകൊണ്ടു തന്നെ ഇതിന്റെ ഫലത്തെക്കുറിച്ചും ഫാൻസുകൾ മൗനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.