ദോഹ: ആവേശക്കടലിലേക്ക് കോർണിഷ് വാതിൽ തുറക്കുകയാണ്. കതാറയുടെ മേലാപ്പിൽ കളിയുടെ നിറങ്ങൾ നിറഞ്ഞുതൂവുന്നു. അറബിക്കഥയിലെ രാജകുമാരനാകാൻ മോഹിച്ച് ലയണൽ മെസ്സി പറന്നിറങ്ങുന്ന ദിവസമാണിന്ന്. കിരീടം കാത്തുസൂക്ഷിക്കാൻ കരീം ബെൻസേമയും കിലിയൻ എംബാപെയുമടങ്ങുന്ന ഇരട്ടക്കുഴൽ തോക്കുമായി ഫ്രാൻസും. ഹമദ് എയർപോർട്ടിന്റെ എക്സിറ്റിൽനിന്ന് അവർ കാലൂന്നുക കാൽപന്തുകളിയുടെ കനകപോരാട്ട നിലങ്ങളിലേക്കാണ്. മികവിന്റെ ആകാശത്ത് താരപ്പകിട്ടോടെ വിരാജിക്കുന്ന നക്ഷത്രങ്ങൾ മണ്ണിലേക്കിറങ്ങുന്നതോടെ, ഖത്തർ പടപ്പുറപ്പാടിനൊരുങ്ങുകയാണ്. ഇനി നാലു ദിനം മാത്രം. ദ പേൾ ഖത്തറിനരികെ നേട്ടങ്ങളുടെ മുത്തുവാരാനെത്തുകയാണ് ലോകം. അരങ്ങൊരുക്കുന്നതിന്റെ ആവേശത്തിരയിലാണീ നാട്.
ചോരത്തിളപ്പിന്റെ കരുത്തുമായി ഇംഗ്ലണ്ട് ഈ മണ്ണിലെത്തിക്കഴിഞ്ഞു. ബിർമിങ്ഹാമിലെ മഴനനഞ്ഞ സെന്റ് ജോർജ് പാർക്കിൽനിന്ന് വില്യം രാജകുമാരന്റെ പ്രഭാഷണം കേട്ട് പ്രചോദിതരായാണ് അവർ വിമാനം കയറിയത്. നിർഭാഗ്യങ്ങളുടെ വേരറുക്കാനുറച്ച് പ്രതിഭകളുടെ കൂട്ടവുമായി നെതർലൻഡ്സിന്റെ ഓറഞ്ചുകുപ്പായക്കാരുമെത്തി. ഡെന്മാർക്കും എക്വഡോറുമെത്തിയതോടെ പത്തു നിരകൾ ഖത്തറിന്റെ തീരമണഞ്ഞു.
അർജന്റീനക്കും ഫ്രാൻസിനും പുറമെ സെനഗാളും വെയ്ൽസും ബുധനാഴ്ചയെത്തും. യു.എ.ഇയുമായി അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ സൗഹൃദമത്സരം കളിച്ചതിനു പിന്നാലെയാണ് മെസ്സി നയിക്കുന്ന അർജന്റീന ദോഹയിലേക്കു പറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.