ഖത്തറിൽ ഫുട്ബാൾ ലോകത്തിന്റെ മനംനിറച്ച നാല് ഗോൾകീപ്പർമാർ

ദോഹ: ഗോൾകീപ്പർമാരാണ് ഖത്തർ ലോകകപ്പിലെ താരങ്ങൾ. അർജന്റീന, ക്രൊയേഷ്യ, മൊറോക്കോ, ഫ്രാൻസ് ടീമുകളെ സെമിയിലെത്തിച്ചതിൽ ഗോളികൾ വഹിച്ച പങ്ക് ഏറെ വലുതാണ്. അർജന്റീനയുടെ വല കാക്കുന്ന എമിലിയാനോ മാർട്ടിനസ്, ക്രൊയേഷ്യയുടെ കാവൽക്കാരൻ ഡൊമിനിക് ലിവകോവിച്, മൊറോക്കോയുടെ രക്ഷകൻ യാസീൻ ബൗനു, ഫ്രഞ്ച് നായകൻ ഹ്യൂഗോ ലോറിസ് എന്നിവർ ബാറിന് കീഴെ പുറത്തെടുത്ത മികവുകൂടിയാണ് ഈ ലോകകപ്പിനെ അവിസ്മരണീയമാക്കുന്നത്. ഇവരുടെ ക്വാർട്ടർ ഫൈനൽ വരെയുള്ള പ്രകടനങ്ങൾ നോക്കാം.

എമിലിയാനോ മാർട്ടിനസ്


ടീം: അർജന്റീന, വയസ്സ്: 30

മത്സരങ്ങൾ: 24

ഖത്തർ ലോകകപ്പ് വഴങ്ങിയ ഗോൾ 5

ക്ലീൻ ഷീറ്റ് 2

നെതർലൻഡ്സിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് അർജന്റീന രണ്ടാം ഗോൾ വഴങ്ങുന്നത്. എക്സ്ട്രാ ടൈമിലും ടീമിനെ കാത്ത മാർട്ടിനസ്, ഷൂട്ടൗട്ടിൽ വിർജിൽ വാൻ ഡിക്ക്, സ്റ്റീവൻ ബെർഗൂയിസ് എന്നിവരുടെ കിക്കുകൾ തടുത്തിട്ട് വിജയം പിടിച്ചുവാങ്ങി. നീലപ്പടയുടെ പെനാൽറ്റി സ്പെഷലിസ്റ്റായ താരം, കോപ്പ അമേരിക്ക 2021ലെ പ്രകടനത്തോടെയാണ് ഒന്നാം ഗോൾകീപ്പറുടെ സ്ഥാനം ഉറപ്പാക്കിയത്. കൊളംബിയക്കെതിരായ സെമി ഫൈനലിൽ ഷൂട്ടൗട്ടിലൂടെ അർജന്റീനക്ക് ജയം നേടിക്കൊടുത്ത മാർട്ടിനസ് ബ്രസീലിനെതിരായ ഫൈനലിൽ ഗോൾ വഴങ്ങിയില്ല.

യാസീൻ ബൗനൂ


ടീം: മൊറോക്കോ, വയസ്സ്: 31

മത്സരങ്ങൾ: 50

ഖത്തർ ലോകകപ്പ് വഴങ്ങിയ ഗോൾ 1

ക്ലീൻ ഷീറ്റ് 3

ഖത്തർ ലോകകപ്പിൽ ഏറ്റവുമധികം ക്ലീൻ ഷീറ്റുകൾ നേടിയതും ഏറ്റവും കുറച്ച് ഗോൾ വഴങ്ങിയതും യാസീൻ ബൗനൂ തന്നെ. കളിച്ച മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് ബൗനൂവിന്റെ പോസ്റ്റിലേക്ക് പന്ത് കടന്നത്. അതും കാനഡക്കെതിരെ സഹതാരത്തിൽനിന്ന് സംഭവിച്ച സെൽഫ് ഗോൾ. സ്പെയിനെതിരായ പ്രീ ക്വാർട്ടർ ഗോൾരഹിത സമനിലയായിരുന്നു. ഷൂട്ടൗട്ടിൽപ്പോലും സ്പാനിഷ് താരങ്ങൾക്ക് ഗോൾ നേടാൻ കഴിഞ്ഞില്ല. പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ 6-1ന് തകർത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലും ബൗനൂവിന് മുന്നിൽ മുട്ടുമടക്കി.

ഡൊമിനിക് ലിവകോവിച്


ടീം: ക്രൊയേഷ്യ, വയസ്സ്: 27

മത്സരങ്ങൾ: 39

ഖത്തർ ലോകകപ്പ് വഴങ്ങിയ ഗോൾ 3

ക്ലീൻ ഷീറ്റ് 2

ക്രൊയേഷ്യ പ്രീ ക്വാർട്ടറിൽ ജപ്പാനെയും ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെയും തോൽപിച്ചത് ഷൂട്ടൗട്ടിലായിരുന്നു. മത്സരങ്ങൾ പൂർത്തിയാവുമ്പോൾ സ്കോർ 1-1. അതായത് ലിവ, വഴങ്ങിയ മൂന്നിൽ രണ്ട് ഗോളുകൾ നോക്കൗട്ടിലായിരുന്നു. ഗ്രൂപ് റൗണ്ടിലെ മൂന്ന് മത്സരങ്ങളിൽ ഒരേയൊരു ഗോൾ. ലിവകോവിചിന്റെ അത്യുജ്വലപ്രകടനത്തിൽ പ്രീ ക്വാർട്ടറിൽ 3-1നും ക്വാർട്ടറിൽ 4-2നും ഷൂട്ടൗട്ട് ജയിച്ചു ക്രൊയേഷ്യ.

ഇക്കുറി ക്വാർട്ടർ ഫൈനൽവരെ ലിവ നടത്തിയത് 11 സേവുകൾ. 2014 ന് ശേഷം ഒരു ടൂർണമെന്റിൽ ഏതൊരു ഗോൾകീപ്പറും നടത്തിയ ഏറ്റവും കൂടുതൽ സേവുകളാണിത്.

ഹ്യൂഗോ ലോറിസ്


ടീം: ഫ്രാൻസ്, വയസ്സ്: 35

മത്സരങ്ങൾ: 143

ഖത്തർ ലോകകപ്പ് വഴങ്ങിയ ഗോൾ 5

ക്ലീൻ ഷീറ്റ് 0

ഷൂട്ടൗട്ടിലേക്ക് പോവാതെ നോക്കൗട്ട് മത്സരങ്ങളിൽ ഫ്രാൻസ് ആധികാരിക ജയങ്ങൾ നേടിയപ്പോഴും ഹ്യൂഗോ ലോറിസിന്റെ മികവ് കാണാതിരുന്നുകൂടാ. നായകനെന്ന അധികച്ചുമതലകൂടി വഹിച്ച് 35ാം വയസ്സിലും നിറഞ്ഞുനിൽക്കുന്നു താരം. ഫ്രാൻസ് ഇക്കുറി കിരീടം സ്വന്തമാക്കിയാൽ തുടർച്ചയായ ലോകകപ്പുകളിൽ മുത്തമിടുകയെന്ന അപൂർവനേട്ടം ലോറിസിന് ലഭിക്കും. തന്റെ 143 അന്താരാഷ്ട്ര മത്സരങ്ങളിൽ 62 ക്ലീൻ ഷീറ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Four goalkeepers who filled the heart of the football world in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.