ദോഹ: തൊപ്പിയണിഞ്ഞ അൽതുമാമ സ്റ്റേഡിയത്തിന്റെ നടുത്തളത്തിൽ കിരീടംവെച്ച് കിലിയൻ എംബാപെ. ഇരുവട്ടം വലകുലുക്കി എംബാപെ അസാമാന്യ പ്രഹരശേഷിയുടെ ആഴം ബോധ്യപ്പെടുത്തിയ കളിയിൽ ഫ്രാൻസ് ആധികാരിക ജയത്തോടെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ.
പ്രീക്വാർട്ടറിൽ പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കിയാണ് ലോകചാമ്പ്യൻ ടീമിന്റെ മുന്നേറ്റം. 44ാം മിനിറ്റിൽ ഒളിവിയർ ജിറൂഡിലൂടെ മുന്നിലെത്തിയ ഫ്രാൻസിനുവേണ്ടി 74ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമാണ് എംബാപെയുടെ ഗോളുകൾ. ഇഞ്ചുറി ടൈമിൽ പെനാൽറ്റി സ്പോട്ടിൽനിന്ന് റോബർട്ട് ലെവൻഡോവ്സ്കിയാണ് പോളണ്ടിന്റെ ആശ്വാസഗോൾ നേടിയത്.
ഗോളി വൊസീച് സെസ്നിയുടെ മിടുക്ക് കൂടെയുള്ളതിനാൽ പോളണ്ട് സമനിലയും പിന്നെ ടൈബ്രേക്കറും ഉന്നമിട്ടാണ് കളിക്കുകയെന്ന് ഫ്രാൻസിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കിക്കോഫ് മുതൽ ചാമ്പ്യൻ ടീം ആഞ്ഞടിച്ചു. ആദ്യ 20 മിനിറ്റിൽ അവർ നിരന്തരം കയറിയെത്തി. ഈ സമയത്തിനുള്ളിൽ ഗോളെന്നുറച്ച മൂന്നു ശ്രമങ്ങൾ തടഞ്ഞിട്ട് സെസ്നി വിശ്വാസം കാത്തു.
ഇടതു വിങ്ങിൽ മണിക്കൂറിൽ 35 കി.മീ. വേഗത്തിലോടിയ എംബാപെയെ ഇടതു വിങ്ങിൽ മാറ്റി കാഷും യാക്കൂബ് കമിൻസ്കിയും ചേർന്ന് ശ്രമകരമായാണെങ്കിലും തടഞ്ഞുനിർത്തിയത് ഫ്രഞ്ച് മുന്നേറ്റങ്ങളുടെ മൂർച്ചയെ ബാധിച്ചു. പതിയെ മത്സരത്തിലേക്ക് തിരിച്ചുവരുകയായിരുന്നു പോളണ്ട്. വിങ്ങുകളിലൂടെ അവർ പ്രത്യാക്രമണങ്ങൾ ശക്തമാക്കി.
ഫ്രാൻസിന്റെ ആധിപത്യമായിരുന്നെങ്കിലും ആദ്യ പകുതിയിൽ ഏറ്റവും നല്ല അവസരം ലഭിച്ചത് പോളണ്ടിനായിരുന്നു. അതും, ഒന്നല്ല, അഞ്ചു സെക്കൻഡിനുള്ളിൽ മൂന്ന് അവസരങ്ങൾ. 38ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ തകർപ്പനൊരു കട്ട്ബാക്ക് നീക്കം. ഫ്രഞ്ച് ഡിഫൻസ് ആകപ്പാടെ അന്ധാളിപ്പിലാണ്ടുപോയ ശ്രമത്തിനൊടുവിൽ പന്തു കിട്ടിയത് ഓടിയെത്തിയ സീലിൻസ്കിക്ക്.
പത്തുവാര അകലെനിന്നുള്ള ഷോട്ട് 142ാം രാജ്യാന്തര മത്സരത്തിനിറങ്ങിയ ഹ്യൂഗോ ലോറിസിന്റെ നേരെയായിരുന്നു. ആയാസകരമായി തടഞ്ഞിട്ടപ്പോൾ റീബൗണ്ടിൽ വീണ്ടും ഷോട്ട്. അതൊരു ഡിഫൻഡർ ബ്ലോക്ക് ചെയ്തപ്പോൾ വീണ്ടും അവസരം. ഗോളിലേക്കു നീങ്ങിയ ഷോട്ടിനെ വറാനെ ഗോൾലൈനിൽ വീണു കിടന്ന് തടഞ്ഞപ്പോൾ ഇന്നത്തെ രാത്രി പോളണ്ടിന്റേതല്ലെന്ന് ഏറക്കുറെ ഉറപ്പായി.
മത്സരത്തിന്റെ 42ാം മിനിറ്റിലാണ് ഫ്രഞ്ച് ഡിഫൻഡർ യൂൾസ് കോണ്ടെ സ്വർണ നെക്ലസ് അണിഞ്ഞത് റഫറിയുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ അത് ഊരിവാങ്ങി. പിന്നാലെ മത്സരത്തിൽ ഫ്രാൻസിന്റെ സുവർണ നിമിഷം. ഉപുമെകാനോയിൽനിന്ന് പന്ത് എംബാപെയിലേക്ക്. ശേഷം ജിറൂഡിനെ ലാക്കാക്കി പാസ്. ഫ്രഞ്ചുകാരനെ ഓഫ്സൈഡിൽ കുരുക്കാനായിരുന്നു പോളിഷ് ഡിഫൻഡർ കാമിൽ ഗ്ലികിന്റെ പദ്ധതി. അതുപക്ഷേ, ഇഞ്ചിന് പാളി. പന്തെടുത്ത ജിറൂഡ് സമർഥനായ സെസ്നിയെ പ്ലേസിങ് ഷോട്ടിലൂടെ കീഴടക്കി. 52 ഗോളുമായി തിയറി ഒന്റിയെ മറികടന്ന് ജിറൂഡ് ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച സ്കോററായി.
ഇടവേളക്കുശേഷം ഇരുനിരയും കൂടുതൽ ജാഗരൂകരായതോടെ മുന്നേറ്റങ്ങൾക്ക് മൂർച്ച കുറഞ്ഞു. 57ാം മിനിറ്റിൽ കണ്ണഞ്ചിക്കുന്ന സിസർകട്ടിലൂടെ ജിറൂഡ് വലകുലുക്കിയെങ്കിലും സെസ്നിയും വറാനെയും അതിനു മുമ്പ് കൂട്ടിയിടിച്ചുവീണതോടെ റഫറി ഫൗൾ കിക്കിന് വിസിലൂതി. സമനില ഗോൾ തേടി പോളണ്ട് ആക്രമിച്ചുകയറുമ്പോൾ ലീഡുയർത്താൻ ശ്രമിക്കാമെന്ന ഫ്രഞ്ച് മോഹം എംബാപെയിലൂടെ പൂവണിഞ്ഞു. ജിറൂഡിൽ നിന്ന് വലതു വിങ്ങിൽ ഡെംബലെയിലൂടെ നീക്കം.
ഡെംബലെ സമാന്തരമായി പന്ത് തള്ളിനീക്കുമ്പോൾ എംബാപെ മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്നു. തൊട്ടുമുമ്പ് കമിൻസ്കിയെ സബ്സ്റ്റ്യൂട്ട് ചെയ്തതിന്റെ ഫലം. പന്തെടുത്ത എംബാപെ ബോക്സിൽനിന്ന് കൊടുത്ത പൊള്ളുന്ന ഡ്രൈവിന് സെസ്നിക്ക് മറുപടിയുണ്ടായില്ല. ടൂർണമെൻറിൽ എംബാപെയുടെ നാലാം ഗോൾ. പിന്നാലെ അതിന്റെ പകർപ്പുപോലെ ഇഞ്ചുറി ടൈമിൽ വീണ്ടുമൊരു ഡ്രൈവ്. കാര്യമായ ചെറുത്തുനിൽപുകളൊന്നുമില്ലാതെ കീഴടങ്ങുന്നതിനിടയിൽ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കിക്ക് രണ്ടാം ശ്രമത്തിൽ ലക്ഷ്യത്തിലെത്തിച്ച് ലെവൻഡോവ്സ്കി പോളണ്ടിന് അൽപം ആശ്വാസമേകി.
ബെഞ്ചിലിരിക്കുന്ന മുഴുവൻ താരങ്ങൾക്കും അവസരം നൽകാൻ പ്ലേയിങ് ഇലവനെ അടിമുടി മാറ്റിപ്പണിതതിനെ തുടർന്ന് തുനീഷ്യക്കെതിരെ തോറ്റമ്പിയ ടീമിൽ ഒമ്പതു മാറ്റങ്ങളുമായാണ് കോച്ച് ദിദിയർ ദെഷാംപ്സ് തന്ത്രങ്ങൾ ആവിഷ്കരിച്ചത്. മുന്നണിയിൽ കരുത്തരായ ഉസ്മാൻ ഡെംബലെ-ഗ്രീസ്മാൻ-എംബാപെ-ഒലിവിയർ ജിറൂഡ് സംഘം തിരിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.