അത് ഓഫ്സൈഡല്ല; ഗ്രീസ്മാന്റെ ആ ഗോൾ അനുവദിക്കണം; ഫിഫക്ക് പരാതി നൽകി ഫ്രാൻസ്

ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് കണ്ട തുനീഷ്യ- ഫ്രാൻസ് പോരാട്ടത്തിൽ മൈതാനം നിറഞ്ഞുകളിച്ച് ജയം പിടിച്ചുമടങ്ങിയ തുനീഷ്യയുടെ ​ആഘോഷങ്ങൾ പാതിവഴിയിൽ നിർത്തി അവസാന വിസിലിന് സെക്കൻഡുകൾ ബാക്കിനിൽക്കെ ഗ്രീസ്മാൻ ഗോൾ മടക്കിയിരുന്നു. ഇത്തിരിക്കുഞ്ഞൻ ടീമിനോട് തോൽവി ​വാങ്ങിയതിന്റെ ക്ഷീണം തീർത്തായിരുന്നു ടീമിന് വിലപ്പെട്ട സമനില നൽകി ഗ്രീസ്മാന്റെ കിടിലൻ ഗോൾ. റഫറി ഗോൾ അനുവദിക്കുകയും ചെയ്തതാണ്. എന്നാൽ, ഒന്നുകൂടി പരിശോധന നടത്തണമെന്നായി 'വാർ'. തീരുമാനം നിർത്തിവെച്ച് 'വാർ' പരിശോധന പൂർത്തിയാക്കിയ ന്യൂസിലൻഡുകാരനായ മാത്യു റഫറി കോംഗർ ഫ്രഞ്ച് ക്യാമ്പിനെ നിരാശയിലാഴ്ത്തി ഓഫ്സൈഡ് വിളിച്ചു. സാ​ങ്കേതികത്വം പിന്നെയും വില്ലനായ തീരുമാനം ശരിയല്ലെന്നും ആ ഗോൾ റഫറി നിഷേധിച്ചത് അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി ഫ്രാൻസ് ഫിഫയെ സമീപിച്ചിരിക്കുകയാണ്.

റഫറിയുടെ തീരുമാനം പിൻവലിച്ച് ടീമിന് ഗോൾ അനുവദിക്കണമെന്നാണ് ആവശ്യം.

ഫ്രീകിക്ക് എടുക്കുമ്പോൾ ഓഫ്സൈഡ് പൊസിഷനിലായിരുന്ന ഗ്രീസ്മാന്റെ സാന്നിധ്യം തുനീഷ്യൻ പ്രതിരോധത്തിന്റെ ശ്രദ്ധ തെറ്റിച്ചെന്നും അതിനാൽ നിയമപ്രകാരം ഓഫ്സൈഡാണെന്നുമാണ് റഫറിയുടെ തീർപ്പ്. എന്നാൽ, ഗ്രീസ്മാൻ പന്തിനായി ഒരു ശ്രമവും നടത്തിയില്ലെന്നും തുനീഷ്യൻ പ്രതിരോധ നിരതാരം ക്ലിയർ ചെയ്തത് കാലിലെടുത്താണ് താരം ഗോളാക്കിയതെന്നും ഫ്രാൻസും പറയുന്നു. ഇരുവശത്തും ന്യായങ്ങളുള്ളതിനാൽ റഫറിയുടെ തീരുമാനം അംഗീകരിക്കപ്പെടാനേ തരമുള്ളൂ.

തോൽവിയും സമനിലയും ഫ്രാൻസിന് പോയിന്റ് നിലയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതായിരുന്നില്ല. എന്നാലും, അപരാജിത കുതിപ്പ് നൽകുന്ന ആത്മവിശ്വാസം ചോർത്തുന്നതായിരുന്നു തീരുമാനം. മാത്രവുമല്ല, 1971നു ശേഷം ആദ്യമായാണ് തുനീഷ്യ ഫ്രാൻസിനെ കീഴടക്കുന്നത്. ജയം തുനീഷ്യക്കും നോക്കൗട്ട് പ്രവേശനം സാധ്യമാക്കിയില്ല.

ഇതേ ഗ്രൂപിൽ തൊട്ടുമുമ്പിലുണ്ടായിരുന്ന ആസ്ട്രേലിയ രണ്ടു ജയവുമായി പോയിന്റ് പട്ടികയിൽ രണ്ടാമന്മാരായി പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു.

ഫ്രാൻസിന് പ്രീക്വാർട്ടറിൽ പോളണ്ടാണ് എതിരാളികളെങ്കിൽ അർജന്റീനക്ക് ആസ്ട്രേലിയയെയും നേരിടണം. ഡെന്മാർക്കിനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആസ്ട്രേലിയ വീഴ്ത്തിയത്. കറുത്ത കുതിരകളാകുമെന്ന് കരുതപ്പെട്ട ഡെന്മാർക്ക് ഒരു ജയം പോലുമില്ലാതെ ടൂർണമെന്റിൽനിന്ന് തിരിച്ചുപോകുന്നുവെന്നതാണ് ​ഈ ഗ്രൂപിലെ അദ്ഭുതപ്പെടുത്തുന്ന വിശേഷം.

Tags:    
News Summary - France filing complaint to FIFA over disallowed Griezmann goal in Tunisia loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.