ഹൃദയം തകർന്ന് ഫ്രാൻസ്; മടക്കം പക്ഷേ, ഏറ്റവും മികച്ച കളിസംഘത്തെ ലോകത്തിന് നൽകി

ദോഹ: രണ്ടാം നിരയെ ഇറക്കി ടുണീഷ്യക്കു മുന്നിൽ വീണുപോയതൊഴിച്ചാൽ ഈ ലോകകപ്പിലെ ഏവരുടെയും ഉറക്കം കെടുത്തിയ ഇലവനായിരുന്നു ആദ്യാവസാനം ഫ്രാൻസ്. ബൂട്ടുകെട്ടി മുന്നിലെത്തിയത് വമ്പന്മാരായാലും ചെറുമീനുകളായാലും ഒരു കളിയിൽ പോലും ക്ഷീണം കാണിക്കാത്തവർ. അർജന്റീനക്കെതിരായ ഫൈനലിൽ പക്ഷേ, തുടക്കം പതറിയ ടീം അവസാനത്തിൽ എംബാപ്പെ ഒറ്റക്കു നയിച്ചാണ് വീണ്ടും കിരീടത്തിനരികെയെത്തിയത്. കളി ഷൂട്ടൗട്ടിലേക്ക് നീണ്ടതോടെ അർജന്റീന ഗോളി എമി മാർടിനെസിന്റെ മിടുക്കിനു മുന്നിൽ വീണുപോകുകയും ചെയ്തു.

ഉദ്വേഗം അവസാന നിമിഷം വരെ നീണ്ട കളി തോറ്റതിന്റെ കണ്ണീർ ​ഫ്രാൻസിൽ ഇനിയും ഉണങ്ങിയിട്ടില്ല. ഷൂട്ടൗട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് രണ്ടു പേർ വംശീയാധിക്ഷേപത്തിനിരയാകുകയും ചെയ്തു. 2018ലെ ജേതാക്കൾക്ക് ഇത്തവണയും കിരീടസാധ്യത കൽപിച്ചവർ ഏറെയായിരുന്നെങ്കിലും മെസ്സിപ്പട ഷൂട്ടൗട്ട് കടന്ന് കപ്പുമായി മടങ്ങുകയായിരുന്നു.

നഷ്ടക്കണക്കുകളുണ്ടെങ്കിലും ടീമിന് ഏറ്റവും ശുഭകരമായാണ് ഖത്തർ ലോകകപ്പ് പൂർത്തിയാകുന്നത്. ബാലൺ ദി ഓർ ജേതാവ് കരീം ബെൻസേമ, സ്ട്രൈക്കർ ക്രിസ്റ്റഫർ എൻകുൻകു, മിഡ്ഫീൽഡർമാരായ എൻഗോളോ കാന്റെ, പോൾ പോഗ്ബ തുടങ്ങിയവർ ഒരു കളിയിൽ പോലും ഇല്ലാതെയാണ് ടീം ഇറങ്ങിയത്. ലെഫ്റ്റ് ബാക്ക് ലുകാസ് ഹെർണാണ്ടസിനെ ആദ്യ കളിയിൽ നഷ്ടമാകുകയും ചെയ്തു. ടീമിന്റെ എഞ്ചിനുകളാകേണ്ട അഞ്ചുപേർ പുറത്തിരുന്നിട്ടും ഫൈനൽ വരെയെത്താനായെന്നതാണ് ടീമിനെ ശരിക്കും വേറിട്ടതാക്കുന്നത്. കളി തുടങ്ങുംമുമ്പുള്ള ആധി കളി പൂർത്തിയാകുമ്പോൾ ഇല്ലെന്ന് പരിശീലകൻ ഫൈനലിനു ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞതിലുണ്ട് ആ ടീമിന്റെ സാധ്യതകളെ കുറിച്ചുള്ളതെല്ലാം.

ഫൈനലിൽ ടീം നേടിയ മൂന്നു ഗോളും 24ാം വയസ്സിലേക്കു കടന്ന എംബാപ്പെയുടെ ബൂട്ടിൽനിന്നായിരുന്നു. ലോകകപ്പിലെ ഗോൾ സമ്പാദ്യം 12 ആക്കി ഉയർത്തിയ താരം തന്നെയായിരുന്നു ഗോൾഡൻ ബൂട്ടിനുടമയും. മുന്നേറ്റത്തിൽ ഏറ്റവും അപകടകാരിയായ സ്ട്രൈക്കർ. ഏത് ആംഗിളിലും ഗോളടിക്കാൻ കാലുകളിൽ മായിക സ്പർശം കരുതിവെച്ചവൻ. എംബാപ്പെ തന്നെയാണ് ഫ്രാൻസ് ഇത്തവണയും സോക്കർ ലോകത്തിനു മുന്നിലേക്കു വെച്ചുനൽകിയ ഒന്നാമൻ. മിഡ്ഫിൽഡിൽ ഒറേലിയൻ ഷുവാമേനി, അഡ്രിയൻ റാബിയോ, സെന്റർ ബാക്കുകളായ ദയോ ഉപമെകാനോ, ഇബ്രാഹിമ കൊനാട്ടെ തുടങ്ങിയവരുടെ പ്രകടനം ടീമിനെ ചെറുതായൊന്നുമല്ല സഹായിച്ചത്. പുതുനിരക്ക് കൂടുതൽ അവസരം നൽകിയുള്ള ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണ് ടീമെന്ന് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് വ്യക്താക്കുന്നു. ഗ്രീസ്മാൻ, ജിറൂദ്, ഡെംബലെ തുടങ്ങി പഴയ പടക്കുതിരകളും ഏറ്റവും പ്രഹരശേഷിയുള്ളവരായി നിലയുറപ്പിച്ചു.

ഏറ്റവും മികച്ച പ്രതിഭകളുടെ വലിയ ശേഖരമുള്ള കളിസംഘമാണ് ഫ്രാൻസിന്റെതെന്ന് ഈ ലോകകപ്പ് വ്യക്തമാക്കിയതായി കോച്ച് ദെഷാംപ്സ് പറയുന്നു. ഇവ​രെ മുന്നിൽനിർത്തിയുള്ള ഒരു ടീമിനെയാകണം വരംനാളുകളിൽ രുപപ്പെടുത്തേണ്ടതെന്നും അദ്ദേഹത്തിന്റെ വാക്കുകൾ. 

Tags:    
News Summary - France heartbroken, but the team to be remembered one of the best

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.