വലകുലുക്കി ജിറൂഡ്; പോളണ്ടിനെതിരെ ഫ്രാൻസ് ഒരു ഗോളിനു മുന്നിൽ

ദോഹ: ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പോളണ്ടിനെതിരെ ആദ്യ പകുതി പിന്നിടുമ്പോൾ ഫ്രാൻസ് ഒരു ഗോളിനു മുന്നിൽ. 44ാം മിനിറ്റിൽ ഒളിവിയർ ജിറൂഡാണ് ഫ്രാൻസിനായി വലകുലുക്കിയത്.

സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് ഗോളിനു വഴിയൊരുക്കിയത്. ബോക്സിനു വെളിയിൽനിന്ന് എംബാപ്പെ നൽകിയ പാസ് സ്വീകരിച്ച് ജിറൂഡ് വലയുടെ വലതു മൂലയിലേക്ക് പന്ത് പായിച്ചു. പോളണ്ട് ഗോളി വോയ്സിച്ച് ഷെസ്നി ഈസമയം കാഴ്ചക്കാരനായിരുന്നു.

ഇതോടെ 52 രാജ്യാന്തര ഗോളുകൾ നേടിയ ജിറൂഡ് ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി. 51 ഗോളുകൾ നേടിയ തിയറി ഹെൻ റിയെയാണ് താരം മറികടന്നത്.

അൽ തുമാമ സ്റ്റേഡിയത്തിൽ പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം ഫ്രാൻസിന്‍റെ ആധിപത്യമാണ്. ഗോളെന്നു തോന്നിച്ച ഏതാനും നീക്കങ്ങൾ പോളണ്ടും നടത്തി. ആദ്യ പകുതിയിൽ പോളണ്ടിന്‍റെ വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് അഞ്ചു ഷോട്ടുകളാണ് ഫ്രഞ്ച് പട തൊടുത്തത്.

പോളണ്ട് രണ്ടു തവണയും. ആദ്യ മിനിറ്റുകളിൽ തന്നെ പോളണ്ടിന്‍റെ ഗോൾ മുഖം വിറപ്പിച്ച് ഫ്രാൻസിന്‍റെ മുന്നേറ്റമായിരുന്നു. എന്നാൽ, നീക്കങ്ങളെല്ലാം ബോക്സിനകത്ത് പോളണ്ട് പ്രതിരോധിച്ചു. 13ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള ഓരേലിയ ചൗമെനിയുടെ നിലംപറ്റെയുള്ള ഷോട്ട് പോളണ്ട് ഗോളി വോയ്സിച്ച് ഷെസ്നി തട്ടിയകറ്റി. 17ാം മിനിറ്റിൽ ഒസ്മാനോ ഡെംപലെ പോളണ്ട് താരങ്ങളെ ഡിബ്ര്ൾ ചെയ്ത് ബോക്സിനു മുന്നിലേക്ക് കയറി വലയിലേക്ക് തൊടുത്ത ദുർബല ഷോട്ട് ഗോളി കൈയിലൊതുക്കി.

20ാം മിനിറ്റിൽ പോളണ്ട് ബോക്സിനകത്ത് അപകടം വിതച്ച് ഫ്രഞ്ച് മുന്നേറ്റം. ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. പിന്നാലെ പോളണ്ടിന്‍റെ കൗണ്ടർ അറ്റാക്കിങ്. 20 വാരെ അകലെനിന്നുള്ള റോബർട്ട് ലെവൻഡോവ്സ്കിയുടെ കിടിലൻ ഷോട്ട് പോസ്റ്റിനു പുറത്തേക്ക്. ആദ്യ 20 മിനിറ്റുകളിൽ മത്സരത്തിൽ ഫ്രഞ്ച് ആധിപത്യം തുടർന്നു.

29ാം മിനിറ്റിൽ സുവർണാവസരം പാഴാക്കി ഫ്രാൻസ്. ഗ്രീസ്മാനിൽനിന്ന് പാസ് സ്വീകരിച്ച് ബോക്സിന്‍റെ വലതു വിങ്ങിലേക്ക് മുന്നേറി പോസ്റ്റിനു സമാന്തരമായി നൽകിയ പന്ത് ജിറൗഡ് കൃത്യമായി കണക്ടറ്റ് ചെയ്യാനായില്ല. താരത്തിന്‍റെ കാലിൽ തട്ടി പന്ത് പോസ്റ്റിനു പുറത്തേക്ക്. 35ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ എംബാപ്പെ പോളണ്ട് താരങ്ങളെ ഡിബ്ര്ൾ ചെയ്ത് മുന്നേറി പോസ്റ്റിലേക്ക് ഷോട്ട് തൊടുത്തെങ്കിലും ഗോളി തട്ടിയകറ്റി.

38ാം മിനിറ്റിൽ ഫ്രാൻസ് ഗോൾമുഖം വിറപ്പിച്ച് പോളണ്ട് താരങ്ങൾ. ഗോളി ലോറിസിന്‍റെയും പ്രതിരോധ താരങ്ങളുടെയും ഇടപെടൽ അപകടം ഒഴിവാക്കി. ഒടുവിൽ 44ാം മിനിറ്റിലാണ് ഫ്രാൻസിന് ജിറൂഡിലൂടെ പോളണ്ട് പ്രതിരോധം ഭേദിക്കാനായത്. പരസ്പരം ഏറ്റുമുട്ടിയപ്പോൾ അവസാന മൂന്നു മത്സരത്തിലും പോളണ്ടിനുമേൽ ഫ്രാൻസിനായിരുന്നു ജയം. പ്രാഥമികറൗണ്ടിലെ അവസാനമത്സരത്തില്‍ ഇരുടീമുകളും തോറ്റിരുന്നു.

ഫ്രാന്‍സ് തുനീഷ്യയോടും (0-1) പോളണ്ട് അര്‍ജന്റീനയോടും (0-2). മുമ്പ് പ്രീക്വാര്‍ട്ടറില്‍ അവര്‍ തോറ്റുമടങ്ങിയത് 1934-ലാണ്. പോളണ്ടിനെതിരായ അവസാന മൂന്ന് മത്സരങ്ങളില്‍ ഫ്രാന്‍സ് ഗോള്‍ വഴങ്ങിയിട്ടില്ല.

ഫ്രാൻസ് ടീം: ഹ്യൂഗോ ലോറിസ്, ജൂൾസ് കൗണ്ടെ, റാഫേൽ വരാനെ, ദയോത് ഉപമെക്കാനോ, തിയോ ഹെർണാണ്ടസ്, ഓരേലിയ ചുവമേനി, അഡ്രിയൻ റാബിയോട്ട്, ഒസ്മാനോ ഡെംപലെ, അന്റോണിയോ ഗ്രീസ്മാൻ, കിലിയൻ എംബാപ്പെ, ഒളിവിയർ ജിറൂഡ്.

പോളണ്ട് ടീം: വോയ്സിച്ച് ഷെസ്നി, ബാർട്ടോസ് ബെറെസിൻസ്കി, കമാൽ ഗ്ലിക്ക്, ജാക്കൂബ് കിവിയോർ, മാറ്റി കാഷ്, സെബാസ്റ്റ്യൻ സിമാൻസ്‌കി, ഗ്രെഗോർസ് ക്രൈച്ചോവിയാക്, പ്രിസെമിസ്ലാ ഫ്രാങ്കോവ്സ്കി, പിയോറ്റർ സീലിൻസ്കി, യാക്കൂബ് കാമിൻസ്കി, റോബർട്ട് ലെവൻഡോവ്സ്കി.

Tags:    
News Summary - france leading against poland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.