കളത്തിൽ മാത്രമല്ല, ഗാലറിയിലും കോട്ട കെട്ടണം- 'ശബ്ദ മതിലി'ൽ മൊറോക്കോയെ വീഴ്ത്താൻ ഫ്രാൻസ്

വമ്പന്മാരെ അട്ടിമറിച്ചുള്ള വരവാണ് ആ​ഫ്രിക്കൻ സാന്നിധ്യമായ ​മൊറോക്കോയുടെത്. ബെൽജിയം, സ്‍പെയിൻ, പോർച്ചുഗൽ തുടങ്ങി അവരോടു മുട്ടിയവരൊന്നും രക്ഷപ്പെട്ടിട്ടില്ല. പഴുതില്ലാത്ത പ്രതിരോധവും അതിവേഗതയാർന്ന പ്രത്യാക്രമണവും ചേർന്ന സമാനതകളില്ലാത്ത കേളീശൈലിയാണ് ടീമിന്റെ സവിശേഷത. ഓരോ കളിയിലും അവർ തങ്ങളുടെ ക്ലാസ് തെളിയിച്ചിട്ടുണ്ട്. അൽബൈത് സ്റ്റേഡിയത്തിൽ ലോകകപ്പ് രണ്ടാം സെമിയിൽ മൊറോക്കോയുമായി മുഖാമുഖം വരുമ്പോൾ ഫ്രാൻസിനും ആധികൾ ചെറുതല്ല.

ആഫ്രിക്കൻ വൻകരയുടെയും ഒപ്പം അറബ് ലോകത്തിന്റെയും ഏകസാന്നിധ്യമായ മൊറോക്കോക്ക് കരുത്ത് മൈതാനത്തു മാത്രമല്ലെന്നതാണ് വലിയ പ്രതിസന്ധി. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ് എത്തുന്ന മൊറോക്കോ ആരാധകർ ഒറ്റ സെക്കൻഡു വിടാതെ ടീമിനെ പിന്തുണച്ച് ആർത്തുവിളിക്കുമ്പോൾ ഏതു കൊലകൊമ്പനും മുട്ടുവിറക്കുക സ്വാഭാവികം. ഇത് അവസരമാക്കി വലീദ് റഗ്റാഗൂയിയുടെ കുട്ടികൾ കളി ജയിച്ച് മടങ്ങുന്നതും പതിവുകാഴ്ച.

എംബാപ്പെ, ജിറൂദ്, ഗ്രീസ്മാൻ തുടങ്ങി ഡെംബലെ വരെ നീളുന്ന കരുത്തരുടെ നിരക്ക് ആവേശം പകർന്ന് ഗാലറിയിൽ വലിയ നിരയെ ഒരുക്കി നിർത്തുക മാത്രമാണ് പോംവഴിയെന്ന് ഫ്രഞ്ച് പരിശീലകൻ ​ദിദിയർ ദെഷാംപ്സ് കരുതുന്നു. ''അവർക്ക് ലഭിക്കുന്ന നിറഞ്ഞ പിന്തുണ കാര്യമായി പ്രയോജനം ചെയ്യുന്നുണ്ട്. ഇത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പലരും എന്നോട് പങ്കുവെക്കുകയും ചെയ്തു. കൂടുതൽ ശബ്ദമുഖരിതമാകും അന്തരീക്ഷമെന്നറിയാം. എന്നാലും സന്ദർഭം അതു തേടുന്നുണ്ട്. അങ്ങനെയും നാം സജ്ജരാകണം''- വാർത്ത സമ്മേളനത്തിൽ ദെഷാംപ്സിന്റെ വാക്കുകൾ.

​ശബ്ദം കൊണ്ടൊരു പ്രത്യാക്രമണം തന്നെ ഫ്രാൻസിനു മുന്നിലെയും വഴിയെന്ന് ക്യാപ്റ്റൻ ഹ്യുഗോ ലോറിസും പറയുന്നു. ഗ്രൂപ് ചാമ്പ്യന്മാരായി എത്തിയ കളി സംഘം ചെറിയമീനുകളല്ലെന്നും ഒന്നും ഭാഗ്യത്തിന് കിട്ടിപ്പോയതല്ലെന്നും ചേർത്തുപറയുന്ന, ഫ്രഞ്ച് നായകൻ.

''മൈതാനത്തിനകത്തും പുറത്തും ഗുണങ്ങളേറെയുള്ള സംഘമാണവർ. ഒത്തൊരുമയാണ് ടീമിന്റെ കരുതൽ. അന്തരീക്ഷം ഞങ്ങൾക്കെതിരാകാം, എന്നാലും തയാറെടുക്കുകയാണ്''- ലോറിസിന് മൊറോക്കോ സംഘത്തെ കുറിച്ച് പറയാൻ വാക്കുകളേറെ.

പ്രതിരോധവും പ്രത്യാക്രമണവും എന്ന ഇരട്ട മന്ത്രം തന്നെയാണ് ഫ്രാൻസിന്റെയും രീതിയെന്നത് ഇന്നത്തെ മത്സരം കൂടുതൽ ആവേശകരമാക്കും. കളി ജയിക്കുന്നവർക്ക് കലാശപ്പോരിൽ അർജന്റീനയാകും എതിരാളികൾ. 

Tags:    
News Summary - France wary of Morocco threat, preparing for wall of noise in semi-final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.