ലോകകപ്പ് കലാശപ്പോരിൽ അധിക സമയം വരെ ആയുസ്സ് നീട്ടിയെടുത്ത ശേഷം ഷൂട്ടൗട്ടിൽ അർജന്റീനയോട് തോൽവി സമ്മതിച്ച തങ്ങളുടെ ടീം നാട്ടിലും പുറത്തും നേരിടുന്ന രൂക്ഷ പ്രതികരണങ്ങൾ ഇനിയും തുടരാൻ അനുവദിക്കരുതെന്ന ആവശ്യവുമായി ഫ്രഞ്ച് മന്ത്രി. ഇതുവരെയും നടന്ന സംഭവങ്ങൾ ഫിഫ അന്വേഷിക്കണമെന്നുമാണ് ആവശ്യം.
സമൂഹ മാധ്യമങ്ങളിലും അല്ലാതെയും എംബാപ്പെക്കും മറ്റു താരങ്ങൾക്കും നേരെ വംശീയാധിക്ഷേപം നടത്തിയവർക്കെതിരെ നിയമ നടപടി ആലോചിക്കുമെന്ന് ഫ്രാൻസ് സോക്കർ ഫെഡറേഷനും അറിയിച്ചിട്ടുണ്ട്.
കിരീടവുമായി അർജന്റീനയിൽ തിരിച്ചെത്തിയ ടീമിന് വരവേൽപ് നൽകി തലസ്ഥാന നഗരമായ ബ്വേനസ് ഐറിസിൽ തടിച്ചുകൂടിയ ജനക്കൂട്ടം ശവപ്പെട്ടിയൊരുക്കി എംബാപ്പെയുടെ ചിത്രത്തിനു മേൽ കുരിശുവെച്ചിരുന്നു. തുറന്ന ബസിൽ യാത്ര ചെയ്ത ഗോൾകീപർ എമിലിയാനോ മാർടിനെസ് എംബാപ്പെയുടെ മുഖമുള്ള കുഞ്ഞുകളിപ്പാവ കരുതിയതും വിമർശനത്തിനിടയാക്കി.
ലോകകപ്പ് തുടങ്ങുംമുമ്പ് എംബാപ്പെ നടത്തിയ പരാമർശങ്ങളാണ് താരത്തിനെതിരെ അർജന്റീന ടീമിനെയും നാട്ടുകാരെയും ഒരുപോലെ ശത്രുപക്ഷത്ത് നിർത്തിയത്. ലാറ്റിൻ അമേരിക്കയിൽ യൂറോപിനോളം മികച്ച കളിയില്ലെന്നും അതാണ് കപ്പ് യൂറോപിൽ തന്നെ തുടരുന്നതെന്നുമായിരുന്നു പരാമർശം. എന്നാൽ, യൂറോപ്യൻ ടീമിനെ തന്നെ കടന്ന് ലാറ്റിൻ അമേരിക്കൻ സംഘം കപ്പുയർത്തി. ഇതിനു പിന്നാലെയായിരുന്നു താരത്തെ വളഞ്ഞിട്ട് ആക്രമിക്കൽ. ഫ്രാൻസിലും പെനാൽറ്റി നഷ്ടപ്പെടുത്തിയ താരങ്ങൾ വംശീയാധിക്ഷേപത്തിനിരയായി. കിങ്സ്‍ലി കോമാൻ, ഒറേലിയൻ ഷൂവാമേനി എന്നിവരുടെ കിക്കുകളാണ് വലയിലെത്താതെ പോയത്. മറ്റുതാരങ്ങൾക്കു നേരെയും അപൂർവം ചിലയിടത്തുനിന്ന് എതിർപ്പുയർന്നു.
ഇതുപക്ഷേ, അതിരുവിട്ടതോടെയാണ് ഫിഫ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന ചോദ്യമുയർന്നത്. സംഭവം മാന്യതക്കു നിരക്കാത്തതാണെന്നും ഫിഫ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നും ഫ്രാൻസ് ധനമന്ത്രി ബ്രൂണോ ലെ മെയർ ചോദിച്ചു. തീവ്ര വലതുപക്ഷ പ്രകടനമാണിതെന്നും ഫ്രാൻസിൽ ഇത് നടത്തുന്നവരെ ഫ്രഞ്ചുകാരായി കാണാനാവില്ലെന്നം വംശീയ വിരുദ്ധ സംഘടനയായ എസ്.ഒ.എസ് റാസിസം സെക്രട്ടറി ജനറൽ ഹെർമൻ എബോംഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.