ദോഹ: സ്വിറ്റ്സർലൻഡിനെതിരായ പ്രീക്വാർട്ടർ ഫൈനലിനുള്ള പോർച്ചുഗൽ ടീമിന്റെ അവസാന ഇലവൻ പുറത്തുവന്നപ്പോൾ ആരാധകർ ഒന്ന് ഞെട്ടി. ക്യാപ്റ്റനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ല. കോച്ചിന്റെ ധീരമായ തീരുമാനമെന്ന് ചിലർ വിലയിരുത്തി. റൊണാൾഡോ ഫോമിലേക്കുയരുമെന്ന് ആരാധകർ വിശ്വസിച്ചിരുന്നു. എന്നാൽ, തികച്ചും പ്രഫഷനൽ സമീപനവുമായി കോച്ച് ഫെർണാണ്ടോസ് സാന്റോസ് റൊണാൾഡോയെ ബെഞ്ചിലിരുത്തി.
പകരം വന്ന ഗോൺസാലോ റാമോസ് ഹാട്രിക്കുമായി 6-1ന്റെ തകർപ്പൻ ജയത്തിന് തിളക്കം കൂട്ടിയതും കോച്ചിന് ആശ്വാസമായി. ടീം തോറ്റിരുന്നെങ്കിൽ റൊണാൾഡോ വീരനായകനും കോച്ച് വില്ലനുമാകുമായിരുന്നു. ആരാധകരുടെ ഇടനെഞ്ചിലുള്ള റൊണാൾഡോ ബെഞ്ചിലിരിക്കുന്നത് അപൂർവമാണ്. 2008ലെ യൂറോകപ്പിലാണ് ഒടുവിൽ ഈ താരം തുടക്കത്തിൽ തന്നെ ബെഞ്ചിലിരുന്നത്. അന്നും സ്വിറ്റ്സർലൻഡിനെതിരെയായിരുന്നു മത്സരം.
കഴിഞ്ഞ ദിവസം കൊറിയക്കെതിരായ ഗ്രൂപ് മത്സരത്തിൽ റൊണാൾഡോയെ കോച്ച് കരക്ക് കയറ്റിയത് താരത്തിന് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. കലിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സ്വിറ്റ്സർലൻഡിനെതിരായ പ്രീക്വാർട്ടറിൽ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് ഔദ്യോഗിക ടെലിവിഷൻ കാമറകളും നൂറുകണക്കിന് മാധ്യമ ഫോട്ടോഗ്രാഫർമാരും ഈ താരത്തെയാണ് ഫോക്കസ് ചെയ്തത്.
പിന്നീട് ഡഗ്ഔട്ടിൽ പുഞ്ചിരി വരുത്താൻ ശ്രമിച്ച, ചമ്മിയ മുഖവുമായി ഇരിക്കുന്ന റൊണാൾഡോയെയാണ് ലോകം കണ്ടത്. ഫോമിലല്ലാത്ത റൊണാൾഡോക്ക് പന്തെത്തിക്കാനും മറ്റും പരിശ്രമിക്കുന്ന താരങ്ങൾക്ക് കഴിഞ്ഞ മത്സരങ്ങളിൽ നിരാശയായിരുന്നു ഫലം. പ്രീക്വാർട്ടറിൽ റൊണാൾഡോ ഇല്ലാതിരുന്നതോടെ പോർച്ചുഗൽ താരങ്ങൾ കൂടുതുറന്ന ചീറ്റപ്പുലികളെ പോലെയായി. മുൻനിരയിലെ എല്ലാ താരങ്ങൾക്കും മധ്യനിര പന്തെത്തിച്ചതോടെ മത്സരിച്ച് ഗോളടി നടന്നു.
റൊണാൾഡോയുടെ കളി കാണാനെത്തിയ പോർചുഗീസ് ആരാധകർക്ക് നിരാശയുണ്ടായതിന്റെയൊപ്പം സ്വിസ് ആരാധകർക്കും കോച്ചിന്റെ തീരുമാനം ഒരു തരത്തിൽ തിരിച്ചടിയായി. റാമോസിന്റെ ഗോളടി വിദ്യകൾ സ്വിറ്റ്സർലൻഡിന് നാണക്കേടായതാണ് കാരണം. റൊണാൾഡോ തന്നെ കളിച്ചാൽ മതിയായിരുന്നു എന്ന് സ്വിസ് ടീമും ചിന്തിച്ചിട്ടുണ്ടാകും.
അതേസമയം, റാമോസിന്റെ ഗോൾ ആഘോഷങ്ങളിൽ ബെഞ്ചിൽ നിന്ന് ഓടിവന്ന് റൊണാൾഡോ പങ്കാളിയാവുകയും ചെയ്തു. ടീം 4-1ന് മുന്നിലെത്തിയ ശേഷം ലുസൈൽ സ്റ്റേഡിയത്തിൽ 'റൊണാൾഡോ, റൊണാൾഡോ വിളികൾ അലയടിച്ചിരുന്നു. 73ാം മിനിറ്റിൽ പകരക്കാരനായി എത്തിയ റൊണാൾഡോ ഒരു വട്ടം പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ലോങ്‍വിസിലിന് ശേഷം വമ്പൻ ജയം ടീമംഗങ്ങൾ ആഘോഷിക്കുമ്പോൾ താരം പെട്ടെന്ന് ഗ്രൗണ്ട് വിട്ടതും ചർച്ചയായിട്ടുണ്ട്.
അതേസമയം, റൊണാൾഡോയെ പുറത്തിരുത്താനുള്ള തീരുമാനം യുദ്ധതന്ത്രമായിരുന്നെന്ന് കോച്ച് സാന്റോസ് പറഞ്ഞു. ടീമിലെ സുപ്രധാന താരമാണ് അദ്ദേഹമെന്നും കോച്ച് പറഞ്ഞു. റൊണാൾഡോക്ക് 19 വയസ്സുള്ളപ്പോൾ മുതൽ അറിയാമെന്നും കോച്ച് കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും മികച്ച താരത്തിന്റെ കളി കാണികൾക്ക് 90 മിനിറ്റും ആസ്വദിക്കാൻ കഴിയാത്തത് എന്തൊരു നാണക്കേടാണെന്ന് റൊണാൾഡോയുടെ പങ്കാളി ജോർജ് റോഡ്രിഗ്വസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.