വ​ക്ര ബീ​ച്ചി​ൽ ഘാ​ന​ക്കാ​ർ​ക്കൊ​പ്പം ഫു​ട്ബാ​ൾ ക​ളി​ക്കു​ന്ന തോ​മ​സ് തേ​ഷാ​നും ഒ​ഡീ​സ​സ് പ​രാ​ബ്സെ​സും

ഒഴിവുദിനം, ഉല്ലാസം മുഖ്യം

നിർത്താതെ 17 ദിവസം തിമിർത്തുപെയ്ത് കളി തൽക്കാലത്തേക്കൊന്നു തോർന്നു. അപ്പോൾ മഴയൊന്ന് ചാറിത്തുടങ്ങി. ദോഹയിൽ പലയിടത്തും ബുധനാഴ്ച നേരിയ ചാറ്റൽമഴ പെയ്തു. കനത്ത കാർമേഘക്കൂട്ടങ്ങൾക്കു കീഴെ മഴ ശക്തമാവുമെന്ന് പ്രതീക്ഷിച്ച് നജ്മ മുതൽ അൽ വക്ര വരെ സഞ്ചരിച്ചെങ്കിലും അതുണ്ടായില്ല. കപ്പിലേക്കെന്ന് വമ്പുപറഞ്ഞ ജർമനിയും സ്പെയിനുമൊക്കെ പെയ്യാതൊഴിഞ്ഞുപോയ വഴിയേ മഴയും അതിന്റെ വഴിക്കു പോയി.

രണ്ടു ദിവസം കളിക്ക് വിശ്രമമായതോടെ കാണികളും 'ലോകകപ്പ് ആവേശ'ത്തിന് അവധി പ്രഖ്യാപിച്ച മട്ടായിരുന്നു. ഖത്തറിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കായിരുന്നു അവരുടെ യാത്ര. കോർണിഷും സൂഖ് വാഖിഫും അൽബിദ പാർക്കുമൊക്കെ പതിവുപോലെ ഫുട്ബാൾ ആരാധകരുടെ തിരക്കിലമർന്നു. ഇതിനു പുറമെ അൽഖോറിലെ ദഖീറ ബീച്ച്, അൽഖോർ സൂഖ്, വക്ര ബീച്ച്, സൂഖ്, സീ ലൈൻ തുടങ്ങി ഖത്തറിനെ അറിയാനുള്ള ശ്രമങ്ങളായിരുന്നു ഏറെയും.

വക്രയിലെ ഡ്രൈവ് ഇൻ ബീച്ചിൽ വാഹനങ്ങൾ ഏറെയുണ്ട്. വെള്ളം ഉൾവലിഞ്ഞ മണൽപ്പരപ്പിലൂടെ അവ ഒഴുകിപ്പരക്കുന്നു. വക്ര സൂഖിനുള്ളിലൂടെയെത്തിയാൽ മനോഹരമായ മറ്റൊരു ബീച്ച്. അവിടെ വിദേശികളുടെ തിരക്കാണ്. മിക്കവരും കളി കാണാനെത്തിയവർ. മണലിൽ കുത്തിയിരുന്ന് സൊറ പറയുന്ന തിരക്കിലാണ് കുറെ സംഘങ്ങൾ. ബീച്ചിനോട് മുഖംതിരിഞ്ഞുള്ള ഭക്ഷണശാലകളുടെ തുറന്ന തീന്മേശകളിൽ തണുത്ത കാറ്റേറ്റ് ഗ്രിൽ ഫിഷിന്റെ രുചി നുകരുന്നവരേറെ.

കളിയില്ലാത്ത നാളിൽ കളിക്കാൻ സമയം കണ്ടെത്തുകയായിരുന്നു അർജന്റീനക്കാരായ തോമസ് തേഷാനും ഒഡീസസ് പരാബ്സെസും. സമയം സസ്യ കഴിഞ്ഞ് ഇരുട്ടു പരന്നിരുന്നു.ബീച്ചിൽ ഫുട്ബാൾ കളിച്ചിരുന്ന ഘാന സ്വദേശികൾക്കൊപ്പം ചേരാൻ ഇരുവർക്കും താൽപര്യം.

സെയ്ദാൻ മുസ്തഫയും മൂന്നു കൂട്ടുകാരും അവരെ സ്നേഹത്തോടെ ഒപ്പം കൂട്ടി. പിന്നെ തെക്കനമേരിക്കയും ആഫ്രിക്കയും ചേർന്ന ഫുട്ബാൾ ആവേശം. പോരാട്ടം ഇടക്ക് വെള്ളത്തിലിറങ്ങിയും തുടർന്നു. ഒഴിവുദിവസം കാഴ്ച കാണാൻ ഇറങ്ങുകയായിരുന്നുവെന്ന് തോമസ്. നെതർലൻഡ്സിനെതിരെ ജയിച്ച് അർജൻറീന സെമിയിലെത്തുമെന്ന് തോമസ്. മെസ്സി തകർപ്പൻ ഫോമിലാണ്.

സെമിയിൽ ബ്രസീൽ ആണെങ്കിലും ഞങ്ങൾക്ക് പ്രശ്നമില്ല' -തോമസിന്റെ ആത്മവിശ്വാസത്തിന് അതിരുകളില്ല. അപ്പോൾ അതുവഴി ഉച്ചത്തിൽ പാട്ടുവെച്ച് ഒരു സംഘം മൊറോക്കോ ആരാധകർ കടന്നുവരുന്നു. ഒരു ദിവസമായിട്ടും ചരിത്രജയം അവർ ഇതുവരെ ആഘോഷിച്ചു തീർന്നിട്ടില്ല.

ഇതിന് വിപരീതമായി കളിയിലേതുപോലെ വിശ്രമം തിരഞ്ഞെടുത്തവരുമുണ്ടായിരുന്നു. ഏഴായിരത്തോളം അപാർട്മെന്റുകൾ നിരനിരയായി നിൽക്കുന്ന ബർവ മദീനത്ത്നയിൽ ആളനക്കം കുറവാണ്. എന്നാൽ, ഒരിടത്ത് അത്യുച്ചത്തിൽ ഡി.ജെ മ്യൂസിക്. റെക്കോഡഡാണ്. കൈകാര്യംചെയ്യുന്ന ഫിലീപ്പിൻകാരൻ കാർലോയോട് ചോദിച്ചപ്പോൾ ഒരു 'ഓള'ത്തിനാണെന്ന് മറുപടി. 'ആദ്യ റൗണ്ടും പ്രീക്വാർട്ടറും കഴിഞ്ഞതോടെ കുറെ കാണികൾ നാട്ടിലേക്കു മടങ്ങിക്കഴിഞ്ഞു. കുറെപ്പേർ ഇവിടെയുണ്ട്. സന്ധ്യയോടെ അവർ ഇവിടെ ഒത്തുചേരും. അതിനുള്ള മുന്നൊരുക്കമാണ് ഈ മ്യൂസിക്.'

Tags:    
News Summary - fun is main in off Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.