സ്റ്റേ​ഡി​യം 974

കണ്ടെയ്നറിൽ കളി കഴിഞ്ഞു; ഇനി ചരിത്രത്തിലേക്ക്

ദോഹ: നവംബർ 22ന് തുടങ്ങി ഡിസംബർ അഞ്ചുവരെയായി ലോകകപ്പ് ഫുട്ബാളിലെ ഏഴ് മത്സരങ്ങൾക്ക് വേദിയായ ഖത്തർ ഒരുക്കിയ കണ്ടെയ്നർ വിസ്മയം ചരിത്രത്തിലേക്ക് മറയുകയാണ്. സ്റ്റേഡിയം 974ന്റെ ലോകകപ്പ് ദൗത്യം തിങ്കളാഴ്ച രാത്രിയിൽ അരങ്ങേറിയ ബ്രസീൽ-ദക്ഷിണ കൊറിയ മത്സരത്തിന്റെ ലോങ് വിസിലോടെ സമാപനമായി. കളിത്തിരക്കെല്ലാം കഴിഞ്ഞ് പൊളിച്ചുനീക്കൽ നടപടികൾ ആരംഭിക്കുന്നതോടെ 92 വർഷത്തെ ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിന്റെ ഭാഗമായി ഈ കണ്ടെയ്നർ അത്ഭുതവും രേഖപ്പെടുത്തും.

ലോകകപ്പിൽ ഗ്രൂപ് റൗണ്ടിൽ ആറും പ്രീക്വാർട്ടറിലെ ഒരു മത്സരത്തിനുമായിരുന്നു സ്റ്റേഡിയം 974 വേദിയായത്. 40,000 ഇരിപ്പിട ശേഷിയുള്ള വേദിയിൽ ബ്രസീൽ, അർജന്റീന, പോർചുഗൽ, മെക്സികോ ഉൾപ്പെടെ ടീമുകളുടെ മത്സരങ്ങൾ ആതിഥ്യം വഹിച്ചു. ദോഹ വിമാനത്താവളത്തോട് ഏറ്റവും അടുത്തായുള്ള സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് 2018ലായിരുന്നു തുടക്കം കുറിച്ചത്. കഴിഞ്ഞ വർഷം അറബ് കപ്പ് മത്സരത്തോടെ കാൽപന്തു പ്രേമികൾക്ക് തുറന്നുനൽകി.

സ്റ്റേഡിയം നിർമാണത്തിനായി ഉപയോഗിച്ച ആകെ ഷിപ്പിങ് കണ്ടെയ്നറുകളുടെ എണ്ണം കണക്കാക്കിയാണ് ഈ കളിമുറ്റത്തിന് 974 എന്ന് പേരുവിളിച്ചത്. കോൺക്രീറ്റ് നിർമിതികളൊന്നുമില്ലാതെ കണ്ടെയ്നറുകളും മോഡുലാർ സ്റ്റീലുകളും ഉപയോഗിച്ചായിരുന്നു നിർമാണം പൂർത്തിയാക്കിയത്. ഡഗ് ഔട്ടും ഡ്രസ്സിങ് റൂമും വാഷിങ് റൂമും മുതൽ സ്റ്റേഡിയത്തിലെ എല്ലാം നിർമിച്ചത് കണ്ടെയ്നറുകൾ മുറിച്ചുചേർത്തും അടുക്കിവെച്ചുമാണ്.

പൊളിച്ചുമാറ്റുമ്പോൾ നീക്കം ചെയ്യുന്ന ഇരിപ്പിടങ്ങളും കണ്ടെയ്നറുകളുമെല്ലാം ആഫ്രിക്കയിലെയും ഏഷ്യയിലെയും പല സ്റ്റേഡിയങ്ങൾ, ആശുപത്രി, സ്കൂൾ എന്നിവയുടെ നിർമാണ വസ്തുക്കളായി മാറും. ശേഷം, സ്റ്റേഡിയം നിലനിന്ന ഇടം വിശാലമായൊരു പൂന്തോട്ടവും പാർക്കുമാക്കി മാറ്റാനാണ് സംഘാടകരുടെ തീരുമാനം. സ്റ്റേഡിയം 974ലെ ലോകകപ്പ് മത്സരങ്ങൾ അവസാനിച്ചുവെങ്കിലും ഡിസംബർ 16ന് ലോകോത്തര ഡിസൈനർമാർ പങ്കെടുക്കുന്ന ഖത്തർ ഫാഷൻ യുനൈറ്റഡ് ഷോക്ക് സ്റ്റേഡിയം വേദിയാവുന്നുണ്ട്.

Tags:    
News Summary - Game over in the container; Now to the history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.