ദോഹ: ദോഹക്കും ബർലിനുമിടയിൽ നയതന്ത്ര തർക്കത്തിന് ഇടയാക്കിയ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ജർമൻ ആഭ്യന്തരമന്ത്രി നാൻസി ഫൈസർ. ജർമൻ മന്ത്രിയുടെ ദോഹ സന്ദർശനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
ഫിഫ ലോകകപ്പിനുള്ള ഖത്തറിന്റെ ആതിഥേയത്വത്തെ പരസ്യമായി വിമർശിച്ചതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ രണ്ടു ദിവസത്തെ ഖത്തർ സന്ദർശനം. ലോകകപ്പിൽ ജർമൻ ടീം പങ്കെടുക്കുമെന്നും ദോഹയിൽ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുമായുള്ള കൂടിക്കാഴ്ചക്കിടെ അവർ വ്യക്തമാക്കിയിരുന്നു.
ലോകകപ്പിനുള്ള ഖത്തറിന്റെ തയാറെടുപ്പുകളെയും ഖത്തർ നടപ്പാക്കിയ വിപുലമായതും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ തൊഴിൽ പരിഷ്കാരങ്ങളെയും ഫൈസർ പ്രശംസിച്ചു.
തൊഴിൽരംഗത്തെ ഖത്തറിന്റെ സുപ്രധാന പരിഷ്കാരങ്ങൾ ശ്ലാഘനീയമാണെന്നും അതുകൊണ്ടുതന്നെയാണ് ലോകകപ്പിന്റെ ഭാഗമാകാനും ജർമൻ ടീമിന്റെ ആദ്യ മത്സരത്തിനായി എത്താനും തീരുമാനിച്ചതെന്നും ഫൈസർ വ്യക്തമാക്കി. ഖത്തർ പോലെയുള്ള രാജ്യങ്ങൾക്ക് ലോകകപ്പ് ടൂർണമെന്റ് നൽകാതിരിക്കുന്നതാണ് നല്ലതെന്ന ഇവരുടെ പ്രസ്താവന ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്രബന്ധത്തെ പരിക്കേൽപിച്ചിരുന്നു. മന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് ഖത്തറിലെ ജർമൻ സ്ഥാനപതിയെ ഖത്തർ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തുകയും പ്രതിഷേധമറിയിക്കുകയും പ്രസ്താവനയെ അപലപിച്ചുകൊണ്ടും വിശദീകരണം തേടിയുമുള്ള ഒബ്ജക്ഷൻ മെമ്മോ കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.