ലോകം മുഴുവൻ ജർമനിയെന്ന് ആർത്തുവിളിച്ചതും പേരുകേട്ട ഫുട്ബാൾ നഗരങ്ങളെല്ലാം വിജയത്തിന്റെ ആഹ്ലാദാരവങ്ങൾ മുഴക്കിയതും ആരാധകരുടെ മനസ്സിൽ ഇന്നും മായാത്ത ചിത്രമായി നിൽക്കുന്നുണ്ടാവണം. ഒരിക്കലെങ്കിലും ലോകകപ്പ് നേടുകയെന്ന സ്വപ്നവുമായി മൈതാനത്തെത്തുന്ന ടീമുകൾക്ക് ജർമനിയുടെ നേട്ടങ്ങൾ അത്ഭുതമായിരുന്നു. നാലു തവണ ലോകകപ്പിൽ മുത്തമിട്ടതിന്റെ പോരിഷ ആരാധകർക്ക് പറഞ്ഞു തീർക്കാവുന്നതിലും അപ്പുറമാണ്. ഇത്തവണ യൂറോപ്യൻ യോഗ്യതമത്സരത്തിൽ ഉത്തര മാസിഡോണിയയെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ആരാധകരുടെ പ്രിയപ്പെട്ട ജർമനി ഖത്തറിലേക്കെത്തുന്നത്.
1934ലായിരുന്നു ആദ്യ ലോകകപ്പിലെ ആദ്യ അങ്കം. വിജയത്തിന്റെ പ്രൗഢിയും മഹിമയും ഏറെ പറയാനുണ്ടെങ്കിലും അപ്രതീക്ഷിത തിരിച്ചടി നേരിട്ട വർഷമായിരുന്നു 2018. ഫുട്ബാളിൽ എന്തും സംഭവിക്കാമെന്ന അടക്കംപറച്ചിലിന്റെ യാഥാർഥ്യമായിരുന്നു റഷ്യയിലെ ലോകകപ്പിൽ ജർമനിയിലൂടെ കണ്ടത്. ഗ്രൂപ് ഘട്ടത്തിൽനിന്നുതന്നെ പുറത്തുപോകേണ്ടിവന്നവർക്ക് ഇത്തവണ കൂടുതൽ കരുതലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ ലോകം. പഴികേൾക്കലുകൾകൊണ്ട് സങ്കടപ്പെടേണ്ട സ്ഥിതി ഇതുവരെ ജർമനിക്ക് വന്നിട്ടില്ല. ഇവരുടെ പ്രതിരോധവും മധ്യനിരയും മുന്നേറ്റവുമെല്ലാം ഗാലറി ഒരുപോലെ ആസ്വദിച്ചിട്ടുണ്ട്. ഒരേ രീതിയിൽ കളിക്കുന്നതിനു പകരം എതിർ ടീമിന്റെ കളിയുടെ ഗതി മനസ്സിലാക്കി സാഹചര്യങ്ങൾക്കൊത്ത് ശൈലി മാറ്റുന്നവരാണ് ബർലിൻ മതിലിന്റെ നാട്ടുകാർ.
കുന്തമുന
ജർമനിക്കുവേണ്ടി ഗോൾവല കുലുക്കാൻ മൈതാനത്ത് അവസരങ്ങളിലേക്ക് പാഞ്ഞടുക്കുന്ന തോമസ് മുള്ളറിൽ ഇത്തവണയും വലിയ പ്രതീക്ഷയുണ്ട്. 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലാണ് തോമസ് മുള്ളറുടെ മികവ് ജർമനിയും ഫുട്ബാൾ ലോകവും തിരിച്ചറിഞ്ഞത്. ലോകകപ്പ് കരസ്ഥമാക്കാനായതിൽ മുള്ളറുടെ പങ്ക് വലുതാണ്. ഇനിയൊരു ലോകകപ്പിന് താനുണ്ടാവില്ലെന്നത് അദ്ദേഹം മനസ്സിലുറപ്പിച്ചുകഴിഞ്ഞു. എന്നാൽ, അവസാനമായി കളിക്കുന്ന ലോകകപ്പ് തന്നെയും തന്റെ ടീമിനെയും സ്നേഹിക്കുന്നവർക്ക് മധുരമേറിയ സമ്മാനമാകണമെന്നതും അതേ മനസ്സിൽ കരുതിയിട്ടുണ്ടാവണം.
ഫുട്ബാൾ മൈതാനത്ത് ആവേശമുണർത്തുന്നതും നെഞ്ചിടിപ്പിക്കുന്നതുമായ നിരവധി സംഭവങ്ങൾ സൃഷ്ടിച്ചയാളാണ് തോമസ് മുള്ളർ. 2014ലെ ലോകകപ്പിൽ പോർചുഗലിനെതിരെ ഹാട്രിക് ഗോൾ നേടിയത് ഏറെ വിസ്മയകരമായിരുന്നു. മാറക്കാനയിൽ ബ്രസീൽ തകർന്നടിഞ്ഞപ്പോഴും ആക്രമണം നടത്തിയത് മുള്ളറായിരുന്നു. ആക്രമണശൈലിയിൽ മിഡ് ഫീൽഡറായും മുന്നേറ്റതാരമായും കളം നിറഞ്ഞുനിൽക്കുന്ന മുള്ളർക്ക് തന്റെ കരിയറിൽ ഒരിക്കൽകൂടി നന്നായി കളിക്കണം. ബയേൺ മ്യൂണിക്കിന്റെയും ഇഷ്ടതാരമായ മുള്ളർ 139 ഗോളുകളാണ് ഇതുവരെ ക്ലബിന് നേടിക്കൊടുത്തത്.
ആശാൻ
വെസ്റ്റ് ജർമനിയിലെ ഹെയിഡെൽബർഗിൽനിന്നുള്ള ഹാൻസി ഫ്ലിക്കാണ് ടീമിന്റെ ആശാൻ. ജർമനിയുടെ അണ്ടർ 18 ടീമിലും വിവിധ ക്ലബുകളിലും പന്തുതട്ടിയിരുന്ന ഇദ്ദേഹം 1996ലാണ് പരിശീലനരംഗത്തിറങ്ങിയത്. മിഡ് ഫീൽഡർ പൊസിഷനിൽ കളിച്ചിരുന്ന കാലം ക്ലബുകൾക്കായി നിരവധി ഗോളുകളും നേടിയിട്ടുണ്ട്. ബയേൺ മ്യൂണിക്കിലുള്ള കാലം അഞ്ചു ഗോളുകളും നേടിക്കൊടുത്തിരുന്നു. വിക്ടോറിയ ബമ്മെന്റൽ ടീമിനെയാണ് ആദ്യം പരിശീലിപ്പിച്ചത്. 2006 മുതൽ 2014 വരെ ജർമനിയുടെ അസിസ്റ്റന്റ് കോച്ചായിരുന്നു. 2019ൽ ബയേൺ മ്യൂണിക്കിലും അസിസ്റ്റന്റായി പ്രവർത്തിച്ചു. പിന്നീട് ബയേൺ മ്യൂണിക്കിന്റെതന്നെ പ്രധാന കോച്ചായി മാറിയ ഇദ്ദേഹം 2021ലാണ് ജർമനിയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. ടീമിന്റെ ശൈലിയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും പുതിയ തന്ത്രങ്ങൾ പ്രയോഗിക്കാനും ഹാൻസി ഫ്ലിക് ശ്രമിച്ചേക്കും. പുതിയ താരങ്ങളെ ഇറക്കിയുള്ള പരീക്ഷണത്തിനും ഹാൻസി ഫ്ലിക് തയാറാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.