അക്ര: ഖത്തറിൽ ആഫ്രിക്കൻ സ്വപ്നങ്ങളെ ആകാശത്തോളം ഉയരെ നിർത്താൻ എത്തുന്ന ഘാന ടീമിൽ ഇടംപിടിച്ച് സഹോദരന്മാർ. ഒരമ്മ പെറ്റ മൂന്നു സഹോദരന്മാരിൽ രണ്ടു പേരും ദേശീയ ടീമിലെന്ന അത്യപൂർവ ഭാഗ്യവുമായാണ് ആന്ദ്രേ ദെദെ ആയൂ, ജോർഡൻ ആയൂ എന്നിവർ ഫിഫ ലോകകപ്പിനായി ദോഹയിലേക്ക് വിമാനം കയറുന്നത്. യൂറോപ്യൻ ലീഗുകളിലും ദേശീയ ജഴ്സിയിലും ഒരുപോലെ നക്ഷത്രത്തിളക്കത്തോടെ നിൽക്കുന്ന ഇരുവരെയും മാറ്റിനിർത്തി ടീം പ്രഖ്യാപിക്കാനാവില്ലെന്നതിനാലാണ് പരിശീലകൻ ഓട്ടോ അഡ്ഡോ 26 അംഗ സംഘത്തിൽ ക്യാപ്റ്റനായി ദെദെക്കും സഹതാരമായി ജോർഡനും അവസരം നൽകിയത്. 2010ൽ ലോകകപ്പ് സെമിക്കരികെ മടങ്ങിയ ഘാന ടീമിൽ അംഗമായിരുന്നു 32കാരനായ ആന്ദ്രേ. അന്ന്, അധികസമയത്തേക്ക് നീണ്ട കളിയുടെ അവസാന നിമിഷങ്ങളിൽ ഉറുഗ്വായിയുടെ ലൂയിസ് സുവാരസിന്റെ ഹാൻഡ്ബാളിന് ലഭിച്ച പെനാൽറ്റി സഹതാരം അസമാവോ ഗ്യാൻ എടുത്തത് ലക്ഷ്യം കാണാതെ ടീം പുറത്തായിരുന്നു. 2014ലും ആന്ദ്രേ ദേശീയ ടീമിലുണ്ടായിരുന്നു. നാലു വർഷം കഴിഞ്ഞുള്ള റഷ്യൻ ലോകകപ്പിൽ പക്ഷേ, ആഫ്രിക്കയിൽനിന്ന് ഘാന യോഗ്യത നേടിയില്ല. നൈജീരിയ, ഈജിപ്ത് ഉൾപ്പെടെ വമ്പന്മാർ ഖത്തർ ടിക്കറ്റ് ലഭിക്കാതെ പുറത്തായപ്പോൾ കളിമികവുമായി ഘാന അവസരമുറപ്പാക്കുകയായിരുന്നു.
ക്യാപ്റ്റൻ ദെദെ 2007ൽ ഘാന ടീമിനായി കളി തുടങ്ങിയിട്ടുണ്ട്. അതിവേഗം യൂറോപ്യൻ ടീമുകളിലും ദേശീയ ജഴ്സിയിലും ഉയരങ്ങൾ കീഴടക്കിയ താരം നിലവിൽ ക്യാപ്റ്റനാണ്. മൂന്നുവർഷം കഴിഞ്ഞ് ദേശീയ ടീമിലെത്തിയ അനുജൻ നിലവിൽ ഇംഗ്ലീഷ് പ്രിമിയർ ലീഗ് ടീമായ ക്രിസ്റ്റൽ പാലസിനൊപ്പമാണ് പന്തു തട്ടുന്നത്.
ടീം: ഗോൾകീപർമാർ: അബ്ദുൽ നൂറുദ്ദീൻ (യൂപെൻ, ബെൽജിയം), ഇബ്രാഹിം ഡൻലഡ് (അസാന്റെ കൊടോകോ), ലോറൻസ് അറ്റി സിഗി (സെന്റ് ഗാലെൻ, സ്വിറ്റ്സർലൻഡ്).
പ്രതിരോധം: ഡെനിസ് ഒഡോയ് (ബ്രൂഗ്/ബെൽജിയം), താരിഖ് ലാംപ്ടെയ് (ബ്രൈറ്റൺ), അലിഡു സെയ്ദു (ക്ലർമണ്ട്, ഫ്രാൻസ്), ഡാനിയൽ അമാർട്ടി (ലെസ്റ്റർ), ജോസഫ് ഐഡൂ (സെൽറ്റ വിഗോ), അലക്സാണ്ടർ ജികു (സ്ട്രാസ്ബർഗ്, ഫ്രാൻസ്), മുഹമ്മദ് സാലിസു (സതാംപ്ടൺ),അബ്ദുൽ റഹ്മാൻ ബാബ (റീഡിങ്, ഇംഗ്ലണ്ട്), ഗിഡിയോൺ മെൻസ (ഓക്സറെ, ഫ്രാൻസ്).
മിഡ്ഫീൽഡ്: ആന്ദ്രേ ആയൂ (അൽസദ്ദ്, ഖത്തർ), തോമസ് പാർട്ടി (ആഴ്സണൽ), എലിഷ ഒവുസു (ഗെന്റ്, ബെൽജിയം),സാലിസ് അബ്ദുൽ സമദ് (ലെൻസ്, ഫ്രാൻസ്), മുഹമ്മദ് ഖുദുസ് (അയാക്സ്), ഡാനിയൽ കോഫി കയെരെ (ഫ്രീബർഗ്, ജർമനി).
ഫോർവേഡ്: ഡാനിയൽ ബാർനീഹ് (ഹർട്സ് ഓഫ് ഓക്, ഘാന), കമാൻ സോവ (ക്ലബ് ബ്രൂഗ്), ഇസ്സഹാകു അബ്ദുൽ ഫതാവു (സ്‍പോർടിങ്), ഉസ്മാൻ ബുഖാരി (റെഡ് സ്റ്റാർ ബെൽഗ്രേഡ്), ഇനാകി വില്യംസ് (അറ്റ്ലറ്റിക് ബിൽബാവോ), അന്റോയിൻ സെമെന്യോ (ബ്രിസ്റ്റൽ സിറ്റി, ഇംഗ്ലണ്ട്), ജോർഡൻ ആയോ (ക്രിസ്റ്റൽ പാലസ്), കമാലുദീൻ സുലൈമാന (റെനെ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.