ദോഹ: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിച്ചതിലൂടെ രാജ്യത്തിനും പ്രദേശത്തിനും വലിയ വിജയമാണ് സമ്മാനിച്ചിരിക്കുന്നത്. 29 ദിവസം നീണ്ടുനിന്ന ടൂർണമെന്റിെൻറ ഭാഗമായി 14 ലക്ഷം ആരാധകർ ഖത്തറിലെത്തി. എട്ടു വേദികളിലായി നടന്ന 64 മത്സരങ്ങളിൽ ഓരോ മാച്ചിനും ശരാശരി 53,000 പേർ എത്തുകയും ആകെ കാണികളുടെ എണ്ണം 34 ലക്ഷത്തിലെത്തുകയും ചെയ്തു. ഖത്തറിനും അറബ് ലോകത്തിനും വമ്പൻ കായിക ഇവൻറുകൾ അവതരിപ്പിക്കാനും സംഘടിപ്പിക്കാനുമുള്ള കഴിവ് ഇതിലൂടെ തെളിയിക്കപ്പെട്ടതോടൊപ്പം ഭാവിയിൽ നടക്കാനിരിക്കുന്ന വലിയ കായിക ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾക്കായി പുതിയ തലങ്ങളും മാനദണ്ഡങ്ങളും കൂടി ഖത്തർ സ്ഥാപിച്ചിരിക്കുകയാണ്. ഖത്തർ ലോകകപ്പിനെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പങ്കുവെക്കുകയാണ് ലോകകപ്പ് അംബാസഡർമാർ.
എല്ലാ അർഥത്തിലും അസാധാരണമായ ലോകകപ്പായിരുന്നുവെന്ന് ഇറാഖ് ഫുട്ബാൾ ഇതിഹാസവും ലോകകപ്പ് അംബാസഡറുമായ യൂനിസ് മഹ്മൂദ് പറയുന്നു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നേടിയ സമയം മുതൽ സംഘാടകർ ഈ ലോകകപ്പ് തീർത്തും അസാധാരണവും അതിശയിപ്പിക്കുന്നതുമായ ടൂർണമെൻറായിരിക്കുമെന്ന് ആരാധകർക്ക് വാഗ്ദാനം നൽകിയിരുന്നുവെന്നും അതാണ് ഇവിടെ സാക്ഷാത്കരിച്ചിരിക്കുന്നതെന്നും യൂനിസ് മഹ്മൂദ് വ്യക്തമാക്കി.
സ്റ്റേഡിയങ്ങൾ മുതൽ ആരാധകരുടെ അനുഭവങ്ങൾവരെ അതിശയിപ്പിക്കുന്നതായിരുന്നു. ലോകകപ്പ് സംഘടിപ്പിക്കുന്നതിൽ ഖത്തർ പുതിയ മാനദണ്ഡങ്ങളും മാതൃകകളുമാണ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയിലെ ആതിഥേയ രാജ്യങ്ങൾ ഖത്തറിൽ നടന്ന ടൂർണമെൻറിലെ മികച്ച മാതൃകകളിൽനിന്ന് കടമെടുക്കുകയും അതിെൻറ മാന്ത്രികത ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആരാധകർക്ക് ദിവസം ഒന്നിലധികം മത്സരങ്ങൾ നേരിട്ട് വീക്ഷിക്കാനുള്ള അവസരം നൽകുകയെന്നത് തീർത്തും അത്ഭുതകരമായ കാര്യമാണെന്നും ആരാധകർ ഇതിനെ ആഘോഷിച്ചതായും ഒമാൻ മുൻ ഗോൾകീപ്പർ അലി അൽ ഹബ്സി പറഞ്ഞു. ടൂർണമെൻറിെൻറ എല്ലാ നിറങ്ങളിലും മാന്ത്രികതയിലും മുഴുകാനും പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നെല്ലാമുള്ള ആരാധകരെ കാണാനും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമകൾ സ്ഥാപിക്കാനും ആരാധകർക്ക് അവസരം നൽകുന്നതായിരുന്നു ഖത്തർ ലോകകപ്പ് ടൂർണമെെൻറന്നും അൽ ഹബ്സി ചൂണ്ടിക്കാട്ടി.
ആളുകൾക്ക് പരസ്പരം കണ്ടുമുട്ടാനും സാംസ്കാരിക വേലിക്കെട്ടുകൾ തകർക്കാനും നാമെല്ലാവരും ഇഷ്ടപ്പെടുന്ന മനോഹരമായ ഗെയിം ആസ്വദിക്കാനും ഒരു വേദി സൃഷ്ടിച്ച ടൂർണമെൻറിെൻറ കോമ്പാക്ട് സ്വഭാവം അതിെൻറ വിജയങ്ങളിലൊന്നാണെന്ന് കരുതുന്നതായും അദ്ദേഹം വിശദീകരിച്ചു. പിച്ചിലെ ശ്രദ്ധേയമായ കാര്യം, അത് മൊറോക്കോയുടെ സെമി ഫൈനലിലേക്കുള്ള പ്രയാണമായിരുന്നു. ഇതിലൂടെ ലോകകപ്പിെൻറ ചരിത്രത്തിൽ അവസാന നാലിൽ ഇടംനേടുന്ന പ്രഥമ അറബ്-ആഫ്രിക്കൻ രാജ്യമാകാൻ അവർക്കായെന്നും അൽ ഹബ്സി പറഞ്ഞു.
മൊറോക്കോയുടെ പ്രകടനമായിരുന്നു മുൻ ഐവറികോസ്റ്റ് ഇതിഹാസം യായാ ടുറെയെ അതിശയിപ്പിച്ചത്. ആഫ്രിക്കൻ ഫുട്ബാളിെൻറ സാന്നിധ്യം വീണ്ടും അടയാളപ്പെടുത്തുന്നതായിരുന്നു അവരുടെ ഓരോ വിജയവുമെന്ന് ടുറെ കൂട്ടിച്ചേർത്തു. ആഫ്രിക്കൻ ഫുട്ബാളിലെ ആ നിമിഷത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. ഖത്തറിലെ മൊറോക്കോയുടെ പ്രകടനത്തിലൂടെ താമസിയാതെ ഒരു ആഫ്രിക്കൻ രാജ്യം ലോക കിരീടം ഉയർത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഖത്തറിലും മിഡിലീസ്റ്റിലും കൂടുതൽ താരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിന് ഈ ടൂർണമെൻറ് പ്രചോദനമാകുമെന്ന് മുൻ ഡെന്മാർക്ക് താരം നാദിയ നദീം പറഞ്ഞു. മേഖലയിലെ ലോകകപ്പ് ടൂർണമെൻറ് കൂടുതൽ പ്രതിഭകളുടെ വളർച്ചക്ക് വഴിയൊരുക്കുമെന്ന് അഫ്ഗാനിൽ ജനിച്ച് യൂറോപ്പിലൂടെ ശ്രദ്ധേയതാരമായി വളർന്ന നാദിയ പറഞ്ഞു. വനിത ഫുട്ബാളിന്റെ വളർച്ചയെയും ഈ ലോകകപ്പ് സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുവാക്കളും പുരുഷന്മാരും സ്ത്രീകളും ഫുട്ബാളിലേക്ക് ആകർഷിക്കപ്പെടാനുള്ള പ്രധാന നിമിത്തമാണ് ലോകകപ്പെന്ന് വിശ്വസിക്കുന്നു -അവർ പറഞ്ഞു.
സ്റ്റേഡിയം നവീകരണം, പൊതുഗതാഗതം, സുസ്ഥിര സംവിധാനങ്ങൾ എന്നിവക്കായി സൃഷ്ടിച്ച പുതിയ മാനദണ്ഡങ്ങൾ വരുന്ന വലിയ ചാമ്പ്യൻഷിപ്പുകൾക്കും മാതൃകയാകുന്ന രീതിയിലൊരു പാരമ്പര്യം സൃഷ്ടിക്കാൻ ഖത്തർ ലോകകപ്പിലൂടെ കഴിയുമെന്ന് ലെഗസി അംബാസഡറും മുൻ ആസ്ട്രേലിയൻ സൂപ്പർതാരവുമായ ടിം കാഹിൽ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളും ശീതീകരിച്ച സ്റ്റേഡിയങ്ങളും ടൂർണമെൻറ് എങ്ങനെ ഒരുമിച്ച് സംഘടിപ്പിക്കാമെന്നും ആളുകളെ ഒന്നിലധികം മത്സരങ്ങൾ ആസ്വദിക്കാനുള്ള അവസരം സംബന്ധിച്ചും ഭാവി ടൂർണമെൻറുകളിൽ ചോദ്യമുയരും. അതൊരു വലിയ കടമ്പയായിരിക്കും സംഘാടകരുടെ മുന്നിൽ. കാരണം, വരുന്ന ലോകകപ്പിൽ ഒരു മത്സരം കാണുന്നതിന് നഗരങ്ങളിൽ നിന്നും മറ്റൊരു നഗരത്തിലേക്ക് പോകേണ്ട സാഹചര്യമാണ് വരാനിരിക്കുന്നത് -കാഹിൽ ചൂണ്ടിക്കാട്ടി.
2026ൽ അമേരിക്കയും മെക്സികോയും കാനഡയും ഒരുമിച്ച് വേദിയാകുമ്പോൾ ഖത്തർ സമ്മാനിച്ച അനുഭവങ്ങളും സൗകര്യങ്ങളും നഷ്ടമാകുമെന്നും അദ്ദേഹം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.