ദോഹ: എത്ര പെട്ടെന്നാണ് കാര്യങ്ങൾ കീഴ്മേൽ മറിയുന്നത്! അൽപകാലം മുമ്പുവരെ അന്റോയിൻ ഗ്രീസ്മാൻ എന്ന 31കാരൻ ഫ്രഞ്ച് ഫുട്ബാൾ ടീമിൽ കേവലമൊരു പകരക്കാരൻ മാത്രമായിരുന്നു. പോൾ പോഗ്ബക്കും എൻഗോളോ കാന്റെക്കും പകരം അൽപസമയം കളത്തിലെത്തുന്ന കളിക്കാരൻ. എന്നാൽ, ഈ ലോകകപ്പ് അയാളുടെ തലവര മാറ്റിവരക്കുകയാണ്. ഖത്തറിൽ കലാശപ്പോരിലേക്കുള്ള ഫ്രാൻസിന്റെ കുതിപ്പിനു പിന്നിലെ എൻജിനാണ് ഗ്രീസ്മാൻ. ഫ്രാൻസിനായി ഈ ലോകകപ്പിൽ 'നിറഞ്ഞു കളിക്കുകയാണ്' അത്ലറ്റികോ മഡ്രിഡ് മിഡ്ഫീൽഡർ. മൂന്നു ഗോളുകൾക്ക് അസിസ്റ്റ് ചെയ്തതിന് പുറമെ 21 ഗോളവസരങ്ങൾ തുറന്നെടുത്ത ഗ്രീസ്മാനാണ് യഥാർഥത്തിൽ ഫ്രഞ്ച് നീക്കങ്ങളുടെ ചാലകശക്തി.
പോഗ്ബക്കും കോളോക്കും പരിക്കേറ്റതോടെ ഗ്രീസ്മാനെ കാര്യങ്ങൾ ഏൽപിക്കുകയായിരുന്നു കോച്ച് ദിദിയർ ദെഷാംപ്സിന് മുന്നിലുണ്ടായിരുന്ന പോംവഴി. കോച്ചിന്റെ വിശ്വാസം അന്വർഥമാക്കുന്ന രീതിയിലായിരുന്നു ഖത്തറിൽ അന്റോയിന്റെ ചുവടുകൾ. കിലിയൻ എംബാപ്പെ, ഒലിവിയർ ജിറൂഡ്, ഉസ്മാൻ ഡെംബലെ എന്നിവർക്ക് തൊട്ടുപിന്നിലായാണ് ഗ്രീസ്മാന്റെ സ്ഥാനം. എംബാപ്പെയിലേക്ക് എതിർ ടീമുകളുടെ നോട്ടം കേന്ദ്രീകരിക്കുമ്പോൾ കൂടുതൽ ഫ്രീ ആയി കളിക്കാനും കഴിയുന്നു. പ്രതിരോധത്തിനും മുൻനിരക്കുമിടയിലെ കണ്ണിയായി മൈതാനം മുഴുവൻ ഗ്രീസ്മാന്റെ സാന്നിധ്യം ഒഴുകിപ്പരക്കുന്നു.
മൊറോക്കോക്കെതിരെ അസുഖം കാരണം റാബിയോ കളിക്കാനിറങ്ങാതിരുന്നപ്പോൾ ആ അധികഭാരം കൂടി അയാൾ ഏറ്റെടുക്കുകയായിരുന്നു. അതിനുള്ള സമ്മാനമായിരുന്നു രണ്ടാം സെമി ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം. ഇനി കലാശപ്പോരിൽ അർജന്റീന കാര്യമായി നോട്ടമിടുന്നത് അയാളെത്തന്നെയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.