അബൂദബി: ഖത്തറിൽ ലോകകപ്പിന് കിക്കോഫ് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ സന്നാഹങ്ങളുമായി ടീമുകൾ അവസാനവട്ട ഒരുക്കങ്ങളിലാണ്. ആഫ്രിക്കൻ സ്വപ്നങ്ങളുടെ ഭാരവും ഭാണ്ഡവും കാലുകളിലാവാഹിച്ചെത്തിയമൊറോക്കോക്ക് വ്യാഴാഴ്ച സൗഹൃദമത്സരത്തിൽ എതിരാളികളായി ജോർജിയയായിരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളിന് ആഫ്രിക്കൻ സംഘം ജയിച്ച കളിയുടെ രണ്ടാം പകുതിയിൽ ചെൽസി താരം ഹകീം സിയെക് നേടിയ ഗോളാണ് ശരിക്കും അദ്ഭുതപ്പെടുത്തിയത്.
ജോർജിയ പകുതിയിൽ തുടങ്ങിയ മുന്നേറ്റം തടയാൻ വട്ടമിട്ടുനിന്ന മൊറോക്കൻ മധ്യനിരയെയും പ്രതിരോധത്തെയും കടന്ന് പാസ് നൽകാനുള്ള ശ്രമം വഴിതെറ്റി ചെന്നുപറ്റിയത് ഹകീം സിയെകിന്റെ കാലുകളിൽ. ജോർജിയ ഗോളി ജോർജി മമർഡാഷ്വിലി അൽപം മുന്നോട്ടുകയറി നിൽക്കുകയാണെന്ന് മനസ്സിലാക്കിയ സിയെക് പിന്നൊന്നും ആലോചിക്കാതെ നീട്ടിപ്പായിച്ച ഷോട്ട് അനായാസം വലയിൽ. തിരിച്ചോടിയ ഗോളി പോസ്റ്റിലെത്തുംമുമ്പ് പന്ത് വല ചുംബിച്ചിരുന്നു.
ജീവിതം തേടി കറുത്ത വൻകരകടന്ന് യൂറോപ്യൻ കളിമുറ്റങ്ങളിൽ അദ്ഭുതങ്ങൾ തീർക്കുന്ന വിലപിടിച്ച കാലുകളിലൊന്നാണ് ഹകീം സിയെക്. താരത്തിന്റെ മാസ്മരിക പ്രകടനം കരുത്താക്കി കൂടുതൽ കുതിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് മൊറോക്കോ. കോച്ചുമായി പിണങ്ങി ഏറെകാലം ദേശീയ ടീമിൽനിന്ന് വിട്ടുനിന്ന സിയെക് കഴിഞ്ഞ സെപ്റ്റംബറിലാണ് വീണ്ടും ദേശീയ ജഴ്സിയിൽ കളിക്കാൻ സമ്മതം മൂളിയത്.
കളിയിൽ യൂസുഫുന്നസീരി, മുൻ സതാംപ്ടൺ താരം സൂഫിയാൻ ബൂഫൽ എന്നിവർ കൂടി ലക്ഷ്യം കണ്ടു.
കരുത്തരുടെ ഗ്രൂപായ എഫിൽ ബെൽജിയം, ക്രൊയേഷ്യ, കാനഡ എന്നിവർക്കൊപ്പമാണ് മൊറോക്കോ ഇറങ്ങുന്നത്. ബുധനാഴ്ച ക്രൊയേഷ്യക്കെതിരെയാണ് ആദ്യ മത്സരം.
മറ്റൊരു കളിയിൽ ഘാന എതിരില്ലാത്ത രണ്ടു ഗോളിന് സ്വിറ്റ്സർലൻഡിനെ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.