ലോകകപ്പിന്റെ അക്രഡിറ്റേഷൻ കാർഡ് റെഡിയാണെന്ന് ഫിഫയുടെ അറിയിപ്പ് വന്നത് കഴിഞ്ഞ ദിവസമാണ്. അൽ റയ്യാനിലെ ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ പ്രവർത്തിക്കുന്ന മീഡിയ അക്രഡിറ്റേഷൻ സെന്ററിലെത്തണം. ഇക്കുറി ഖത്തർ മെട്രോയെ ആശ്രയിക്കാൻ തീരുമാനിച്ചു. അൽ ഖലീഫ സ്റ്റേഡിയത്തിന് തൊട്ടടുത്ത സ്പോർട്സ് സിറ്റി മെട്രോ സ്റ്റേഷനിലെത്തി. യാത്രക്ക് ടിക്കറ്റില്ല. പകരം 10 ഖത്തർ റിയാൽ കൊടുത്ത് മെട്രോ കാർഡെടുക്കണം. എന്തു സഹായത്തിനും മെറൂൺ ഓവർകോട്ടിട്ട വളണ്ടിയർമാരുടെ കൂട്ടം തന്നെ സ്റ്റേഷനിലുണ്ട്. സഹായം തേടിയപ്പോൾ നാലു പേരടങ്ങിയ സംഘത്തിൽനിന്ന് ഒരാൾ ഓടിയെത്തി. പേരു ചോദിച്ചപ്പോൾ ആൾ മലയാളിയാണ്. കൊല്ലം സ്വദേശി. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേരും മലയാളികൾ തന്നെ.
ടച്ച് സ്ക്രീനിൽ തൊട്ട് 10 റിയാലിന്റെ കാർഡെടുത്തു. ഇനി യാത്രക്ക് അത് റീചാർജ് ചെയ്യണം. ഒരു തവണ സ്റ്റേഷനിൽ കയറുമ്പോൾ റീചാർജ് ചെയ്തതിൽനിന്ന് ഒരു റിയാൽ വീതം കുറയും. ഇറങ്ങുമ്പോഴും അങ്ങനെത്തന്നെ. ഫലത്തിൽ ഒരു യാത്രക്ക് രണ്ടു റിയാൽ ചെലവാകും. ഏകദേശം 50 ഇന്ത്യൻ രൂപ. ആറു റിയാലിന് ഒരു ദിവസം മുഴുവൻ യാത്ര ചെയ്യാം. 40 റിയാൽ ചാർജ് ചെയ്താൽ ഒരാഴ്ച മുഴുക്കെയും. അഞ്ചു റിയാൽ റീചാർജ് ചെയ്തു. കാർഡ് സ്കാൻ ചെയ്തു അകത്തേക്ക്. രണ്ടു മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ. ഗോൾഡ്, ഗ്രീൻ, റെഡ് എന്നിങ്ങനെ മൂന്നു ട്രാക്കുകളായാണ് മെട്രോ ഓടുന്നത്. ഗോൾഡൻ ട്രാക്കിലുള്ള ട്രെയിനിൽ കയറി മഷറബിലേക്ക്. അവിടെനിന്ന് ഖത്തർ നാഷനൽ ലൈബ്രറി സ്റ്റേഷനിലേക്ക് ഗ്രീൻ ട്രാക്കിലുള്ള ട്രെയിൻ പിടിക്കണം. ഗോൾഡ്, ഫാമിലി, സ്റ്റാൻഡേർഡ് എന്നിങ്ങനെയാണ് കമ്പാർട്മെന്റുകളുടെ സംവിധാനം. ഉച്ച രണ്ടര കഴിഞ്ഞ സമയമായതിനാൽ, ട്രെയിനിൽ വലിയ തിരക്കൊന്നുമില്ല. ജോലിക്കു പോകുന്നതും മടങ്ങുന്നതുമായ വിവിധ ദേശക്കാർ. മനോഹരമായി സംവിധാനിച്ച ട്രെയിനിനുള്ളിലെ സ്റ്റീൽ തൂണുകൾക്കു മുകളിൽ ഖത്തർ ലോകകപ്പ് 2022 എന്നെഴുതിയ കറുപ്പും വെളുപ്പം നിറത്തിലുള്ള പന്തുകൾ.
മഷറബ് സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് പോകാതെ തന്നെ എസ്കലേറ്റർ കയറി മുകളിലെത്തി. ഇറങ്ങാനും കയറാനുമെത്തിയാലൊക്കെ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നു ചോദിച്ച് വളണ്ടിയർമാർ ഉടനെത്തും. ഗ്രീൻ ട്രാക്കിൽ വേറൊരു ട്രെയിനിൽ ഖത്തർ എജുക്കേഷൻ സിറ്റി സ്റ്റേഷനിലേക്ക്. അക്രഡിറ്റേഷൻ കാർഡ് വാങ്ങി തിരിച്ച് ഖത്തർ നാഷനൽ ലൈബ്രറി മെട്രോ സ്റ്റേഷനിൽനിന്ന് മൻസൂറയിലേക്ക്. വൈകീട്ട് അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ മെട്രോയിൽ തിരക്കുണ്ട്. ആളുകൾ കൂട്ടമായി ജോലികഴിഞ്ഞ് മടങ്ങുന്നതിനാലാകണം. മെട്രോ സ്റ്റേഷനുകളെല്ലാം അകത്തും പുറത്തും സർവം ലോകകപ്പ് മയം. എസ്കലേറ്ററുകളുടെ വശങ്ങൾ ഉൾപ്പെടെ മുഴുവൻ ലോകകപ്പ് മുദ്രകൾ. പരസ്യങ്ങളിൽ നിറയെ ഫുട്ബാൾ താരങ്ങളുടെ ചിത്രങ്ങൾ. എന്നാൽ, ഇന്നു മുതൽ കഥ മാറും. ഹയ കാർഡുള്ളവർക്കു മുന്നിൽ ഡിഫൻഡർമാരില്ലാത്ത ഗോൾമുഖം പോലെ മെട്രോ തുറക്കുകയാണ്. എപ്പോഴും എവിടെ വേണമെങ്കിലും പോകാം. സ്വദേശികൾക്കും വിദേശത്തുനിന്നെത്തുന്നവർക്കുമെല്ലാം സുവർണാവസരമാണ് മെട്രൊ ഒരുക്കുന്നത്. ആളുകൾ സ്വന്തം വാഹനവുമായി നിരത്തിലിറങ്ങി ട്രാഫിക്ബ്ലോക് ഉണ്ടാവുന്നത് നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.