ഹെർവ റെനാർഡ് എന്ന കോച്ചിനെ അർജന്റീന ടീമും ആരാധകരും അടുത്തൊന്നും മറക്കാനിടയില്ല. ഫുട്ബാളിന്‍റെ ചരിത്ര പുസ്തകങ്ങളിൽ ആ പേര് മായാതെകിടക്കുമെന്ന് തീർച്ച. ഖത്തർ ലോകകപ്പിൽ അർജന്‍റീനയുടെ തേരോട്ടം കാണാൻ കാത്തിരുന്ന ആരാധക ലക്ഷങ്ങളെ സങ്കടക്കടലിലാഴ്ത്തി ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യ വെന്നിക്കൊടി പാറിച്ചപ്പോൾ ഹെർവ റെനാർഡ് എന്ന സൂത്രധാരൻ ചിരിച്ചു.
കരുത്തരായ അർജന്റീനയെ ആദ്യമത്സരത്തിൽ തന്നെ സൗദി തളച്ചതിന്‍റെ ഞെട്ടലിൽ നിന്ന് നീലപ്പട ആരാധകർ പെട്ടെന്ന് മുക്തരാവാനിടയില്ല. ഹെർവ റെനാർഡ് എന്ന സൗദിയുടെ പ്രധാന പരിശീലകൻ ആണ് ഇതിന്റെയെല്ലാം പിന്നിൽ.
മൂന്ന് വർഷമായി സൗദി ടീമിന്‍റെ പരിശീലകനാണ് ഫ്രഞ്ചുകാരനായ റെനാർഡ്. 2012ൽ സാംബിയക്കും 2015ൽ ഐവറി കോസ്റ്റിനും തന്റെ തന്ത്രപരമായ തലച്ചോറ് ഉപയോഗിച്ച് ആഫ്രിക്ക നേഷൻസ് കപ്പ് നേടിക്കൊടുത്തതും ഇതേ മനുഷ്യൻ.
സൗദി ടീം ഖത്തറിലെത്തിയത് ഉല്ലാസ യാത്രക്കല്ല, ഓരോ സൗദി പൗരനും ടീമിനെ കുറിച്ച് അഭിമാനിക്കാനും ഉയർന്ന അഭിമാന ബോധത്തോടെ കളിക്കാനാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റെനാർഡിന്‍റെ വാക്കുകൾ - "ലോകകപ്പ് എത്ര പ്രയാസകരമാണെന്ന് ഞങ്ങൾക്കറിയാം. മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ആവേശവും പ്രചോദനവും ഞങ്ങൾക്കുണ്ട്.
ലോകകപ്പിൽ പങ്കെടുക്കാൻ വർഷങ്ങളോളം ഞങ്ങൾ കഠിനാധ്വാനം ചെയ്തു. അർജന്റീനയെയും അതിന്റെ സൂപ്പർ താരം ലയണൽ മെസ്സിയെയും നേരിടുക എന്നത് വെല്ലുവിളി തന്നയാണ് എന്ന് ഞങ്ങൾക്കറിയാം. ഇതിനായി ഞങ്ങൾ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, ഞങ്ങൾക്ക് ഉയർന്ന പോരാട്ട വീര്യവുമുണ്ട്, അത് കളത്തിൽ പ്രതിഫലിക്കും". നവംബർ 26ന് നടക്കുന്ന അടുത്ത മത്സരത്തിൽ സൗദി അറേബ്യ പോളണ്ടിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.