ലോകകപ്പ് ഗ്രൂപ് സിയിലെ നിർണായക പോരാട്ടത്തിൽ പോളണ്ടിനെതിരെ ജയത്തിൽ കുറഞ്ഞതൊന്നുമില്ലെന്ന ഉറപ്പോടെയായിരുന്നു അർജന്റീന ഇറങ്ങിയത്. മുന്നിൽ ലെവൻഡോവ്സ്കിയെന്ന ഒറ്റയാനെ നിർത്തി ജയം പിടിക്കൽ അത്ര എളുപ്പമല്ലെന്നതിനാൽ ആക്രമണം തത്കാലം മാറ്റിവെച്ച് പ്രതിരോധമായിരുന്നു പോളണ്ടിന്റെ പ്ലാൻ എ. പഴുതുനൽകാതെ കോട്ട കാത്ത പ്രതിരോധത്തെ നടുക്കടലിലാക്കി 36ാം മിനിറ്റിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നു. കിക്കെടുത്തത് ടീമിന്റെ വിശ്വസ്തനായ നായകൻ മെസ്സി. അനായാസം വല തുളക്കുമെന്നു കരുതിയ പന്ത് പക്ഷേ, അസാധ്യ കൈവഴക്കത്തോടെ പോളിഷ് കാവൽക്കാരൻ വോസിയെക് സെസ്നി തട്ടിയകറ്റി.
മുമ്പും പെനാൽറ്റി പാഴായിട്ടുണ്ടെങ്കിലും ഇത്തവണ ഒരു പിഴവിന് ടീം വലിയ വില നൽകേണ്ടിവരുമെന്ന ആശങ്ക മുന്നിലുണ്ടായിരുന്നു. രണ്ടാം പകുതിയിൽ പിറന്ന രണ്ടു ഗോളുകളിൽ ടീം ആധിയകറ്റി ജയത്തിലേക്കു ഓടിക്കയറിയെങ്കിലും മെസ്സിയുടെ പെനാൽറ്റി നഷ്ടമായിരുന്നു പ്രധാന ചർച്ച. ഇതിനെ കുറിച്ച ചോദ്യങ്ങൾക്കായിരുന്നു താരത്തിന്റെ പ്രതികരണം.
''പെനാൽറ്റി നഷ്ടമായതിൽ എനിക്ക് വിഷമമുണ്ട്. എന്നാൽ, ആ പിഴവിനു ശേഷം ടീം കൂടുതൽ കരുത്തരായി. നാം ജയിക്കാൻ പോകുകയാണെന്ന് ടീമിന് ബോധ്യം വന്നപോലെ. ആദ്യ ഗോൾ നേടൽ മാത്രമായിരുന്നു അവശേഷിച്ചത്. അതുംകൂടി സംഭവിച്ചതോടെ, പിന്നെയല്ലാം ഞങ്ങൾ മനസ്സിൽ കരുതിയപോലെ തന്നെയായി''- മെസ്സി പ്രതികരിച്ചു.
മെസ്സിയെന്ന മാന്ത്രികനെ പോലെ മുമ്പ് ഡീഗോ മറഡോണയും പെനാൽറ്റി നഷ്ടമാക്കുന്നതിന്റെ പ്രശ്നങ്ങൾ നേരിട്ടതാണ് അനുഭവം. ഒരിക്കൽ തുടർച്ചയായ അഞ്ചു പെനാൽറ്റികൾ നഷ്ടപ്പെടുത്തിയത് മറഡോണയെ ശരിക്കും നിരാശപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.