ഇന്ത്യ ലോകകപ്പിൽ കളിക്കാതിരുന്നത് നെഹ്റു ബൂട്ട് വാങ്ങി നൽകാത്തത് കൊണ്ടോ? യഥാർഥ കാരണം ഇതാണ്...

ഖത്തർ ലോകകപ്പിൽ നിരവധി ചെറുരാജ്യങ്ങളും ദരിദ്ര രാഷ്ട്രങ്ങളും അവിശ്വസനീയ പ്രകടനവുമായി ലോകത്തെ അതിശയിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ ഫുട്ബാൾ ടീമിന് ഇതുവരെ ​കളിക്കാൻ കഴിയാത്തതിന്റെ കാരണങ്ങളും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. മൂന്ന് ഇന്ത്യൻ ഫുട്ബാൾ താരങ്ങൾ നഗ്നപാദരായി മൈതാനത്തേക്ക് നടക്കുന്ന ചിത്രവും ഇതിനൊപ്പം ഹിന്ദിയിലുള്ള കുറിപ്പും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിച്ചത്. 1948ലെ ഒളിമ്പിക്‌സിൽ ഇന്ത്യൻ താരങ്ങൾ ഫ്രാൻസിനോട് തോറ്റത് നെഹ്റു സർക്കാർ ബൂട്ട് വാങ്ങി നൽകാത്തതിനെ തുടർന്നാണെന്നാണ് ഇതിലെ ആരോപണം.

ആ കുറിപ്പ് ഇങ്ങനെയായിരുന്നു: ''ഈ ചിത്രം കണ്ടാൽ ഗാന്ധിമാരെ വെറുക്കാൻ തുടങ്ങും. അതെ, നെഹ്‌റുവിന്റെ വസ്ത്രങ്ങൾ പ്രത്യേക വിമാനത്തിൽ ചാർട്ടർ ചെയ്ത കാലത്തുള്ളതാണ് ഈ ചിത്രം... 1948ലെ ലണ്ടൻ ഒളിമ്പിക്‌സിന്റെ ചിത്രമാണിത്. ഫ്രാൻസിനെ നമ്മുടെ ടീം സമനിലയിൽ തളച്ചു. എന്നാൽ, കളിക്കാർക്ക് ബൂട്ട് ഇല്ലാത്തത് കൊണ്ട് ജയിക്കാനായില്ല. മത്സരം മുഴുവൻ നഗ്നപാദനായി കളിക്കാൻ നിർബന്ധിതരായ കളിക്കാർക്ക് എതിർ ടീം അംഗങ്ങളുടെ ചവിട്ടിൽ പരിക്കേറ്റു. എന്നിട്ടും മത്സരം വീറുറ്റതായിരുന്നു. ശൈലേന്ദ്ര നാഥ് മന്നയായിരുന്നു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. ആവശ്യത്തിന് പണമുണ്ടായിട്ടും എന്തുകൊണ്ട് സർക്കാർ ബൂട്ട് നൽകിയില്ല. പാരീസിൽനിന്ന് ഡ്രൈ-ക്ലീൻ ചെയ്താണ് നെഹ്‌റുവിന്റെ വസ്ത്രം കൊണ്ടുവന്നിരുന്നത്. തന്റെ നായയുമായി അദ്ദേഹം പ്രൈവറ്റ് ജെറ്റിൽ കറങ്ങിനടന്നു. ഒരിക്കലും ഇന്ത്യൻ ടീം ഫിഫ ലോകകപ്പിന് പോയിട്ടില്ല. എന്നാൽ, ഇന്ന് രാജ്യത്തെ പല സ്റ്റേഡിയങ്ങളും നെഹ്‌റു ഗാന്ധിയുടെ കുടുംബത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്".


എന്തായിരുന്നു ഇന്ത്യ പ​ങ്കെടുക്കാത്തതിന്റെ കാരണം?

72 വർഷം മുമ്പ് ബ്രസീലിൽ നടന്ന വിശ്വമേളയിലേക്ക് സ്വതന്ത്ര്യ ഇന്ത്യയുടെ ഫുട്ബാൾ സംഘത്തെ രാജ്യാന്തര ഫുട്ബാൾ ഫെഡറേഷൻ ക്ഷണിച്ചിരുന്നു. എന്നാൽ, പലകാരണങ്ങളാൽ ഇന്ത്യ പങ്കെടുത്തില്ല. അന്ന് ലോകകപ്പിൽ ബൂട്ട് കെട്ടിയിരുന്നെങ്കിൽ, ഇന്ത്യയുടെ ഫുട്ബാൾ ചരിത്രം മറ്റൊന്നാവുമായിരുന്നുവെന്ന് ആ ടീമിൽ അംഗമാവേണ്ടിയിരുന്ന ശൈലൻ മന്ന പിൽക്കാലത്ത് അഭിപ്രായപ്പെട്ടിരുന്നു.

1950 ലോകകപ്പിലേക്ക് ഇന്ത്യക്ക് അവസരം ഒരുങ്ങിയ കഥ ഇങ്ങനെ. രണ്ടാം ലോകയുദ്ധത്തിന്റെ വെടിയും പുകയും അടങ്ങിയ ശേഷമായിരുന്നു ബ്രസീലിൽ നാലാം ലോകകപ്പിന് അരങ്ങൊരുങ്ങുന്നത്. യുദ്ധ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങൾക്ക് ഫിഫ വിലക്കേർപ്പെടുത്തുകയും മറ്റു ചിലർ ഭീതിദമായ രാഷ്ട്രീയ സാഹചര്യത്തിൽ പിൻവാങ്ങുകയും ചെയ്തപ്പോൾ ഇന്ത്യൻ ഫുട്ബാളിന് മുന്നിൽ സുവർണാവസരം തുറന്നു. യോഗ്യത റൗണ്ടിൽ ഏഷ്യൻ മേഖലയിൽ ബർമ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയവർ പിൻവാങ്ങിയതോടെ ഒരു കളി പോലും കളിക്കാതെ ഇന്ത്യക്ക് സ്വാഭാവിക യോഗ്യത ഉറപ്പായി. ബ്രസീലിലേക്ക് രാജ്യാന്തര ഫുട്ബാൾ ഫെഡറേഷന്‍റെ ക്ഷണവും ലഭിച്ചു. ചരിത്ര മുഹൂർത്തത്തിനുള്ള തയാറെടുപ്പിലായിരുന്നു ഇന്ത്യ. 1950 മേയ് 22ന് ലോകകപ്പിൽ മത്സരിക്കേണ്ട രാജ്യങ്ങളുടെ നറുക്കെടുപ്പും നടന്നു. ഗ്രൂപ് മൂന്നിൽ ഇറ്റലി, സ്വീഡൻ, പരഗ്വേ എന്നിവർക്കൊപ്പം ഇന്ത്യയും ഇടം പിടിച്ചു. അന്നത്തെ റാങ്കിങ് സംവിധാനമായ എലോ റേറ്റിങ്ങിൽ 36ലായിരുന്നു നമ്മുടെ രാജ്യം.

റിയോയിലെ ടീം നറുക്കെടുപ്പിന് പിന്നാലെ അടുത്ത ദിവസം അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് മുഈനുൽ ഹഖ് കൊൽക്കത്തയിൽ പറന്നെത്തി. ഫുട്ബാൾ സംഘാടകരുമായി മണിക്കൂറുകൾ നീണ്ട കൂടിലാലോചനകൾക്ക് ശേഷം ചെറു പത്രക്കുറിപ്പിലൂടെ ഇന്ത്യ ലോകകപ്പിൽനിന്ന് പിൻവാങ്ങുന്നതായി അറിയിച്ചു. ഗ്രൂപ്പ് തെരഞ്ഞെടുപ്പിലെ അതൃപ്തിയും പരിശീലനത്തിന് വേണ്ടത്ര സമയമില്ലെന്നതുമായിരുന്നു പിൻവാങ്ങാനുള്ള കാരണമായി ആദ്യം ചൂണ്ടിക്കാണിച്ചത്. റിയോയിലേക്കുള്ള വിമാന യാത്രാച്ചെലവ് താങ്ങാനാവാത്തതാണ് കാരണമെന്നും, അതല്ല ബൂട്ടിടാതെ കളിക്കാൻ അനുവദിക്കാത്തതിനാലാണ് പിന്മാറ്റമെന്നും വാദങ്ങളുണ്ടായി. ഇന്ത്യ പിൻവാങ്ങിയതായ അറിയിപ്പ് വന്നതിനു പിന്നാലെ യാത്രാ ചെലവ് വഹിക്കാമെന്ന വാഗ്ദാനവുമായി ഫിഫ ഇടപെട്ടെങ്കിലും ലോകകപ്പ് ഒഴിവാക്കാനുള്ള തീരുമാനം നമ്മുടെ ഫുട്ബാൾ സംഘാടകർ പുനഃപരിശോധിച്ചില്ല.

'ലോകകപ്പിനെക്കാൾ വലുത് അന്ന് ഒളിമ്പിക്സും ഏഷ്യൻ ഗെയിംസുമായിരുന്നു. ലോകകപ്പിനെ കുറിച്ച് പലരും കേട്ടിട്ടുപോലുമില്ലായിരുന്നു. കുറഞ്ഞ ധാരണയെങ്കിലുമുണ്ടെങ്കിൽ ഞങ്ങൾ കളിക്കാർ തന്നെ ലോകകപ്പിൽ പന്തുതട്ടാൻ മുൻകൈയെടുക്കുമായിരുന്നു. ഞങ്ങൾക്കും ഒളിമ്പിക്സും ഏഷ്യൻ ഗെയിംസുമായിരുന്നു ഏറ്റവും വലുത്' ^ഇന്ത്യയുടെ പിൻമാറ്റത്തെ കുറിച്ച് അന്നത്തെ ടീമംഗമായിരുന്ന ശൈലൻ മന്ന ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഇന്ത്യൻ ഫുട്ബാളിന്‍റെ സുവർണ നാളിലെ നായകൻ കൂടിയായ മന്ന മരണംവരെ തന്‍റെ വലിയ വേദനയായ് പങ്കുവെച്ച ലോകകപ്പ് നഷ്ടത്തെ കുറിച്ച് മറ്റൊരു കാര്യം കൂടി പറഞ്ഞു, 'റിയോ ലോകകപ്പിൽ നമ്മുടെ ടീം കളിച്ചിരുന്നെങ്കിൽ ഇന്ത്യൻ ഫുട്ബാൾ മറ്റൊന്നായി മാറുമായിരുന്നു. ഇന്നു നമ്മൾ കാണുന്ന സ്വപ്നത്തിനും മുകളിലാവുമായിരുന്ന ആ യാത്ര'. സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

കാലങ്ങൾക്കിപ്പുറം ലോകകപ്പിന് ഒരുപാട് ആഗ്രഹിച്ചിട്ടും ഇന്ത്യ കാതങ്ങൾ അകലെയാണ്. 2017ൽ രാജ്യം വേദിയായ അണ്ടർ 17 ലോകകപ്പിൽ പന്തുതട്ടിയാണ് ആദ്യ ലോകകപ്പ് കളിച്ചത്.

Tags:    
News Summary - India did not play in the World Cup because Nehru did not buy boots? The real reason is...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.