ഇ​ന്ത്യ​ക്കാ​രാ‍യ ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ ഖ​ത്ത​റി​ൽ

ഗാലറി നിറഞ്ഞ് ഇന്ത്യ

ദോഹ: ലോകമെങ്ങും കാൽപന്ത് പോരാട്ടത്തിന്റെ ആവേശം മാറോടു ചേർക്കുമ്പോൾ കളത്തിലില്ലെങ്കിലും ഗാലറിയിൽ നിറസാന്നിധ്യമായി ഇന്ത്യക്കാരുണ്ട്. ഗ്രൂപ് റൗണ്ടിലെ മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കിക്കോഫ് കുറിച്ചപ്പോൾ ഖത്തർ ടൂറിസം അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കാണികളുടെ എണ്ണത്തിൽ മുൻനിരയിലാണ് ഇന്ത്യക്കാരുടെ ഇടം.

ഖത്തറിൽ താമസക്കാരായ ഇന്ത്യക്കാർക്കു പുറമെയുള്ള കണക്കുകൾ പ്രകാരം ലോകകപ്പിനായി കര-വ്യോമമാർഗമെത്തിയ കാണികളിൽ സൗദി അറേബ്യക്ക് പിന്നിലായി രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് ഇന്ത്യൻ ഫുട്ബാൾ പ്രേമികളാണ്. അമേരിക്ക, മെക്സികോ, ബ്രിട്ടൻ, അർജൻറീന, ഈജിപ്ത്, ഇറാൻ, മൊറോക്കോ, സുഡാൻ എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങൾ.

ലോകകപ്പിനായി ഇതുവരെയെത്തിയ കാണികളിൽ 55 ശതമാനവും ആദ്യ പത്തിലുള്ള രാജ്യങ്ങളിൽ നിന്നാണെന്ന് ഖത്തർ ടൂറിസം ചീഫ് ഓപറേറ്റിങ് ഓഫിസർ ബ്രെതോൾഡ് ട്രെങ്കൽ പറഞ്ഞു. ലോകകപ്പിനായി ഖത്തറിൽ എത്തിയവരിൽ 11 ശതമാനം സൗദിയിൽ നിന്നുള്ളവരാണ്.

ഒമ്പതു ശതമാനമാണ് ഇന്ത്യക്കാരുടെ പങ്കാളിത്തം. അമേരിക്ക ഏഴ്, മെക്സികോ, ബ്രിട്ടൻ ആറ് ശതമാനം, അർജൻറീന (നാല്), ഈജിപ്ത്, ഇറാൻ, മൊറോക്കോ, സുഡാൻ (മൂന്ന്) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽനിന്നുള്ള കാണികളുടെ വരവ്.

നേരത്തേ ലോകകപ്പ് മാച്ച് ടിക്കറ്റുകളുടെ വിൽപനയിലും ആദ്യ പത്തിൽ തന്നെ ഇന്ത്യൻ കാണികൾ ഇടം പിടിച്ചിരുന്നു. 92 വർഷത്തെ ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ പങ്കാളിത്തവുമാണ് ഖത്തർ ലോകകപ്പിലെ ഗാലറി കാഴ്ചകൾ.

ഗ്രൂപ് റൗണ്ടിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ അർജൻറീനയെ അട്ടിമറിച്ചതിനു പിന്നാലെ, അയൽ രാജ്യത്തു നിന്നുള്ള ആരാധകരുടെ വരവ് ഇരട്ടിയായി വർധിച്ചു. 95 ശതമാനം സൗദി ആരാധകരും റോഡുമാർഗം കര അതിർത്തി കടന്നാണ് ദോഹയിലെത്തിയത്. വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള കാണികളും ലോകകപ്പിലേക്കുള്ള യാത്രക്ക് റോഡ് യാത്ര തിരഞ്ഞെടുത്തതായി ഖത്തർ ടൂറിസം അറിയിച്ചു.

Tags:    
News Summary - india- second place in World Cup audience list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.