'ഇത് അവഹേളനം'; ​ഫെർണാണ്ടോ സാന്റോസിനെതിരേ ആഞ്ഞടിച്ച് എൽമ അവീരോ

പോർച്ചുഗൽ പ്ലെയിങ് ഇലവനിൽ ക്രിസ്റ്റ്യാനോ റോണാൾഡോയെ ഉൾപ്പെടുത്താത്ത കോച്ച് ഫെർണാന്റോ സാന്റോസിനെതിരേ ആഞ്ഞടിച്ച് സഹോദരരി എൽമ അവീരോ. സ്വിറ്റ്സർലൻഡിനെതിരെയുള്ള പ്രീ ക്വാർട്ടർ മത്സരത്തിലാണ് ക്രിസ്റ്റ്യാനോയെ കോച്ച് പുറത്തിരുത്തിയത്. ഇതാണ് സഹോദരി എൽമ അവീരോയെ പ്ര​കോപിപ്പിച്ചത്.

സ്വിറ്റ്സർലൻഡ്-പോർച്ചുഗൽ പ്രീ ക്വാർട്ടർ മത്സരം ആരംഭിക്കുമ്പോൾ ഏറ്റവും വലിയ വാർത്ത സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി പോർചുഗൽ കളത്തിലിറങ്ങിയതായിരുന്നു. 2008നുശേഷം പോർചുഗൽ ആദ്യമായാണ് റൊണാൾഡോ ഇല്ലാതെ ആദ്യ ഇലവനെ പ്രഖ്യാപിക്കുന്നത്. 31 മത്സരങ്ങളിൽ തുടർച്ചയായി ആദ്യ ഇലവിൽ റൊണാൾഡോ ഇടംപിടിച്ചിരുന്നു.

'ഇത് അ​വഹേളനമാണ്' എന്നാണ് എൽമ പ്രതികരിച്ചത്. 'ഇത്രയും ടീമിനായി ചെയ്തവനെ അപമാനിക്കുന്നത് ശരിയല്ല. ഇത് നാണക്കേടാണ്' എന്നും എൽമ പറഞ്ഞു. എന്നാൽ മത്സരം വിജയിച്ച പോർച്ചുഗൽ ടീമിനെ അവർ അഭിനന്ദിച്ചു.

മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് സ്വിസ് പടയെ തരിപ്പണമാക്കിയാണ് പറങ്കിപ്പട അവസാന എട്ടിലേക്ക് ടിക്കറ്റെടുത്തത്. ഇതോടെ കോച്ചിന്റെ നടപടി ന്യായീകരിക്കപ്പെടുകയും ചെയ്തു. ജയത്തിനുപിന്നാലെ ടീമിലെ സഹതാരങ്ങളെ അഭിനന്ദിച്ച് ക്രിസ്റ്റ്യാനോ രംഗത്തെത്തിയിരുന്നു. മത്സരത്തിലെ 73ാം മിനിറ്റിൽ ജാവോ ഫെലിക്സിനു പകരക്കാരനായാണ് സൂപ്പർതാരം കളത്തിലിറങ്ങുന്നത്. അപ്പോൾ സ്കോർ 5-1. 83ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ വലകുലുക്കിയെങ്കിലും ലൈൻസ്മാൻ ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി.

ഇൻസ്റ്റഗ്രാമിലൂടെയാണ് ക്രിസ്റ്റ്യാനോ സഹതാരങ്ങളെ അഭിനന്ദിച്ചത്. 'ലോക ഫുട്ബാളിലെ ഏറ്റവും വലിയ മത്സരത്തിൽ ചരിത്രപരമായ ഫലവുമായി പോർചുഗലിന് അവിശ്വസനീയമായ ദിവസം. പ്രതിഭയും യുവത്വവും നിറഞ്ഞ ടീമിന്റെ ആഡംബര പ്രദർശനം. ഞങ്ങളുടെ തെരഞ്ഞെടുപ്പ് അഭിനന്ദനം അർഹിക്കുന്നു. സ്വപ്നം ജീവനുള്ളതാണ്! അവസാനം വരെ! ശക്തി, പോർചുഗൽ!' -താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നേരത്തെ, വെറ്ററൻ താരം പെപ്പെ ടീമിന്‍റെ രണ്ടാം ഗോൾ നേടിയപ്പോൾ സൈഡ് ബെഞ്ചിലിരുന്ന ക്രിസ്റ്റ്യാനോ താരത്തെ അഭിനന്ദിക്കാനായി ഓടിയെത്തിയത് മത്സരത്തിലെ വൈകാരിക കാഴ്ചകളിൽ ഒന്നായി. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിന്‍റെ 65ാം മിനിറ്റിൽ പിൻവലിച്ചതിൽ റൊണാൾഡോ പരിശീലകനോട് കുപിതനായിരുന്നു. താരത്തിന്‍റെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് അന്ന് പരിശീലകൻ തുറന്നുപറയുകയും ചെയ്തു.

തന്റെ തീരുമാനം തന്ത്രപരമായിരുന്നു എന്നും അതിൽ കൂടുതലൊന്നും ഇല്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് കോച്ച് സാന്‍റോസ് പ്രതികരിച്ചത്.

Tags:    
News Summary - 'It's a shame to HUMILIATE a man who has given so much': Cristiano Ronaldo's sister takes aim at Portugal boss Fernando Santos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.