ദോഹ: ആറാം കിരീട സ്വപ്നവുമായി എത്തിയ മഞ്ഞപ്പട കണ്ണീരോടെയാണ് ഖത്തറിൽനിന്ന് മടങ്ങുന്നത്. കിരീട ഫേവറിറ്റുകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെട്ടിരുന്ന ടീമാണ് ബ്രസീൽ.
കളിച്ചിട്ടും അപ്രതീക്ഷിത തോൽവി വഴങ്ങിയതിന്‍റെ ഞെട്ടലിലാണ് താരങ്ങളും ആരാധകരും. മത്സരത്തിനു പിന്നാലെ മൈതാനത്ത് ഇരുന്ന് കരയുന്ന താരങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഗ്രൗണ്ടിലിരുന്ന് കരയുന്ന ബ്രസീൽ സൂപ്പർതാരം നെയ്മറിനെ ക്രൊയേഷ്യൻ താരം ഇവാൻ പെരിസിച്ചിന്‍റെ മകൻ ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
മത്സരത്തിനുശേഷം ക്രൊയേഷ്യൻ ജഴ്സിയണിഞ്ഞ് ഗ്രൗണ്ടിലെത്തിയ പെരിസിച്ചിന്‍റെ മകൻ ലിയോ തോൽവിയുടെ നിരാശയിൽ ഗ്രൗണ്ടിലിരിക്കുന്ന നെയ്മറിന്‍റെയും സഹതാരങ്ങളുടെയും അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. പിന്നീട് താരത്തെ ആശ്വസിപ്പിച്ച ലിയോ, ചേർത്തു പിടിക്കുകയും ചെയ്തു.
ലിയോയുടെ മുടിയിൽ തലോടി നെയ്മർ ചെറുതായൊന്ന് പുഞ്ചിരിച്ചു. പിന്നാലെയാണ് ലിയോ ഗ്രൗണ്ട് വിട്ടത്. നേരത്തെ, പെരിസിച്ചും നെയ്മറിന്‍റെയും സഹതാരങ്ങളുടെയും അടുത്തുവന്ന് ആശ്വസിപ്പിച്ചിരുന്നു. ഷൂട്ടൗട്ടിൽ 4-2നായിരുന്നു ക്രോട്ടുകളുടെ വിജയം. നിശ്ചിത സമയത്ത് ഗോൾരഹിതമായും അധികസമയത്ത് 1-1നും സമനിലയിൽ തീർന്നതിനെ തുടർന്നായിരുന്നു ഷൂട്ടൗട്ട്.
ഷൂട്ടൗട്ടിൽ ക്രൊയേഷ്യക്കായി കിക്കെടുത്ത എല്ലാവരും ലക്ഷ്യംകണ്ടു. നികോള വ്ലാസിച്, ലോവ്റോ മായെർ, ലൂക മോഡ്രിച്, മിസ്‍ലാവ് ഒറിസിച് എന്നിവരുടെ കിക്കുകളൊന്നും ബ്രസീലിന്റെ ഗോളി അലിസൺ ബെക്കറിന് തൊടാൻ കിട്ടിയില്ല. മറുവശത്ത് ബ്രസീലിനായി ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ശ്രമം ലിവകോവിച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വിന്യോസിന്റെ ഷോട്ട് പോസ്റ്റിലിടിച്ചുമടങ്ങിയതോടെ വിജയം ക്രൊയേഷ്യക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.