നിരാശപ്പെടുത്തി ജപ്പാൻ; വിജയം പിടിച്ചെടുത്ത് കോസ്റ്റാറിക്ക

ദോഹ: വമ്പന്മാരായ ജർമനിയെ അട്ടിമറിച്ച് ആദ്യ മത്സരത്തിൽ കരുത്തുകാട്ടിയ ജപ്പാനെ വീഴ്ത്തി കോസ്റ്റാറിക്ക.  ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ ഏകപക്ഷീയമായ ഒറ്റ ഗോളിനായിരുന്നു കോസ്റ്റാറിക്കയുടെ വിജയം. കളിയുടെ 81ാം മിനിറ്റിൽ കെയ്ഷർ ഫുള്ളർ ആണ് വിജയ ഗോൾ നേടിയത്. കളിയുടെ ഗതിക്ക് വിപരീതമായായിരുന്നു ഗോൾ പിറന്നത്. ജപ്പാൻ നടത്തിയ നിരന്തര ആക്രമണങ്ങൾക്കിടെ കോസ്റ്ററിക്ക നടത്തിയ കൗണ്ടർ അറ്റാക്ക് വിജയം കാണുകയായിരുന്നു.

മികച്ച ആക്രമണ മുഹൂർത്തങ്ങൾ മത്സരത്തിൽ വിരളമായിരുന്നു. ഇരുടീമുകളും കരുതലോടെയാണ് ആദ്യ പകുതിയിൽ കളിച്ചത്. ആക്രമണത്തിന് പ്രാധാന്യം നൽകുന്ന 4-2-3-1 ഫോർമേഷനിലാണ് ജപ്പാൻ ഇറങ്ങിയത്. കോസ്റ്ററിക്കയാകട്ടെ 4-4-2 എന്ന പ്രതിരോധ പാറ്റേനാണ് സ്വീകരിച്ചത്. ആദ്യ പകുതിയിൽ പന്ത് കൂടുതലും കൈവശംവെച്ചത് കോസ്റ്റാറിക്കയായിരുന്നു.

രണ്ടാം പകുതിയിൽ ജപ്പാൻ ഇറങ്ങിയത് മികച്ച സബ്സ്റ്റിട്യൂഷനുകളുമായാണ്. വെറ്ററൻ ഡിഫൻഡർ നഗാറ്റോമോക്ക് പകരം ഇറ്റോ കളത്തിലിറങ്ങി. ആക്രമണത്തിൽ ഉയേഡക്ക് എകരം അസാനോയും വന്നു. ഇതോടെ ജപ്പാന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂടി. കോസ്റ്റാറിക്കൻ പകുതിയിലേക്ക് അലകളായി പടർന്നുകയറിയ ബ്ലൂ സമുറായീസ് ഏത് നേരവും ഗോൾ ​നേടുമെന്ന് തോന്നിപ്പിക്കുന്നുണ്ടായിരുന്നു. 

ജർമനിയോട് മത്സരിച്ച ടീമിൽനിന്ന് അഞ്ച് മാറ്റങ്ങളുമായാണ് ജപ്പാൻ കളത്തിലിറങ്ങിയത്. സകായ്, ടോമിയാസു എന്നിവർ പരിക്കുമൂലം പുറത്തിരുന്നു. കോസ്റ്ററിക്കയാകട്ടെ രണ്ട് മാറ്റങ്ങൾ മാത്രമാണ് വരുത്തിയത്. മാർട്ടിനസിന് പകരം വാട്സൻ പ്രതിരോധത്തിൽ കളിച്ചു. 

Tags:    
News Summary - 2022 World Cup LIVE: Japan v Costa Rica

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.