ദ. കൊറിയൻ ലോക്ക്; ഉറുഗ്വായിയെ സമനിലയിൽ തളച്ച് കൊറിയ

ദോഹ: കരുത്തും കരുതലും ആവോളംകണ്ട ആവേശപ്പോരിൽ കാര്യനീതി പോലെ സമനില. ലാറ്റിൻ അമേരിക്കൻ കേളീശൈലിയോട് കൊമ്പുകോർക്കാൻ ഏഷ്യ വളർന്നുകഴിഞ്ഞെന്ന വിളംബരമായി ഗ്രൂപ് എച്ചിലെ ദക്ഷിണ കൊറിയ- ഉറുഗ്വായ് പോരാട്ടം.

നിറഞ്ഞുതുളുമ്പിയ എജുക്കേഷൻ സിറ്റി മൈതാനത്ത് ഒരു പണത്തൂക്കം മുന്നിൽ നിന്നത് ഹ്യൂങ് സൺ മിൻ നയിച്ച കൊറിയൻ ടീം. ഹ്വാങ് യുയി-ജോ ആദ്യ പകുതിയിൽ അടിച്ച പന്ത് ബാറിനു മുകളിലൂടെ പറന്നതുൾപ്പെടെ ടീം പലവട്ടം എതിർഗോൾ മുഖം പരീക്ഷിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഗോളി സ്ഥാനം തെറ്റി നിൽക്കെയായിരുന്നു ഹ്വാങ് യുയി-ജോയുടെ ബുള്ളറ്റ് ഷോട്ട് ഗാലറിയിലേക്ക് പറന്നത്. ആദ്യ പകുതിയിൽ കൊറിയക്കാരെ കളിക്കാൻ വിട്ട ഉറുഗ്വായ് പക്ഷേ, അടുത്ത പാതിയിൽ കളിയുടെ ഗിയർ മാറ്റിപ്പിടിച്ചു. ഫ്രഡറികോ വാൽവെർഡെ പലപ്പോഴും അപകടകാരിയായി. ഒരുവട്ടം ക്രോസ്ബാറിലിടിച്ചാണ് വാൽവെർഡെയുടെ ഷോട്ട് മടങ്ങിയത്. മറ്റൊരിക്കലും ക്രോസ്ബാർ ഉറുഗ്വായ്ക്ക് അവസരം നിഷേധിച്ചു. പിന്നെയും അപകടം പിടിച്ച അതിവേഗ നീക്കങ്ങളുമായി ഉറുഗ്വായ് നിര ഓടിയെത്തിയപ്പോഴൊക്കെ കൊറിയൻ പ്രതിരോധമതിൽ ഉറച്ചുനിന്നു.

കൊട്ടിഗ്ഘോഷിച്ച സുവാരസ്- നൂനസ് കൂട്ടുകെട്ടിനെ മനോഹരമായി പൂട്ടിയാണ് കൊറിയക്കാർ കളിയിൽ മുന്നിൽ നിന്നത്. സുവാരസ് പലപ്പോഴും ചിത്രത്തിൽ തന്നെ ഇല്ലെന്നപോലെയായി നീക്കങ്ങൾ. മറുവശത്ത്, പരിക്കും ശസ്ത്രക്രിയയും കഴിഞ്ഞ് തിരിച്ചെത്തിയ ഹ്യൂങ് സൺ മിന്നിന്റെ കുതിപ്പ് ലക്ഷ്യത്തിനരികെ പാളി. രണ്ടാം പകുതിയിൽ കൊറിയൻ താരത്തിന്റെ കാലിൽ ലഭിച്ച സുവർണാവസരം പുറത്തേക്കടിച്ചാണ് നഷ്ടപ്പെടുത്തിയത്. കളി അവസാനിക്കാനിരിക്കെ പിന്നെയും കൊറിയക്ക് അവസരം തുറന്നുകിട്ടിയെങ്കിലും വീണ്ടും പന്ത് ഗാലറിയിലെത്തി.

കൊറിയ ആദ്യാവസാനം ആക്രമണത്തിന് മുൻഗണന നൽകിയപ്പോൾ കൗണ്ടർ അറ്റാക്കുകളിലായിരുന്നു ഉറുഗ്വായ് ശ്രദ്ധയൂന്നിയത്. അതുകൊണ്ടുതന്നെ കാലിൽനിന്ന് പന്തു വഴുതാതെ സൂക്ഷിക്കുകയെന്ന ശ്രമകരമായ ദൗത്യം കൂടി കൊറിയൻ താരങ്ങൾക്കു വന്നു. വാൽവെർഡെക്കൊപ്പം നൂനസും മുന്നിൽനിന്നു നയിച്ച പോരിൽ അവസാനം എഡിൻസൺ കവാനി കൂടി ഇറങ്ങിയതോടെ ലാറ്റിൻ അമേരിക്കൻ പടയോട്ടത്തിന് അതിവേഗമായി. എന്നിട്ടും പക്ഷേ, ഇരുവശത്തും ഗോൾ പിറന്നില്ല.

കളി സമനിലയിലായതോടെ ഗ്രൂപ് എച്ചിൽ ഇരു ടീമുകൾക്കും ഒരു പോയന്റ് വീതമായി. ക്രിസ്റ്റ്യാനോയുടെ പോർചുഗൽ ഉൾപ്പെടുന്ന ഗ്രൂപിൽ മൂന്നു ടീമുകൾക്കും നോക്കൗട്ട് കടക്കാൻ അടുത്ത കളികൾക്കായി കാത്തിരിക്കണം.

പരിക്കിനെ വകവെക്കാതെ ഇറങ്ങിയ ഹ്യൂങ് സൺ മിൻ ആയിരുന്നു കളിയിലെ താരം. ഈ ലോകകപ്പിൽ ആദ്യം ഇംഗ്ലണ്ടും പിറകെ സ്പെയിനും പുറത്തെടുത്ത സമഗ്രാധിപത്യവും അർജന്റീനയും ജർമനിയും വഴങ്ങിയ തോൽവിയും മറച്ച് തുല്യശക്തികൾ തുല്യമായി പൊരുതിയ മത്സരമായി ഇത്. സ്പെയിൻ കഴിഞ്ഞദിവസം ഏഴു ഗോളിനായിരുന്നു ജയവുമായി മടങ്ങിയത്. ദുർബലരായ കോസ്റ്ററീകയെ ടീം മുക്കിയപ്പോൾ ഇംഗ്ലണ്ട് ഏഷ്യൻ കരുത്തരായ ഇറാനെ വീഴ്ത്തിയത് 6-2ന്.

Tags:    
News Summary - Korea-Uruguay match ends in draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.