പാരിസ് സെന്‍റ് ജെർമെയ്ൻ ക്ലബിലെ സൂപ്പർതാരങ്ങളുടെ നേർക്കുനേരെയുള്ള പോരാട്ടമായിരുന്നു സെമി ഫൈനലിലെ ഫ്രാൻസ്-മൊറോക്കോ മത്സരത്തിന്‍റെ കൗതുകം.
മൊറോക്കൻ താരം അഷ്റഫ് ഹക്കീമിയും ഫ്രാൻസിന്‍റെ കിലിയൻ എംബാപ്പെയും സുഹൃത്തുക്കളും പി.എസ്.ജിയിലെ സഹതാരങ്ങളുമാണ്. ഒടുവിൽ ആഫ്രിക്കൻ കരുത്തുമായെത്തിയ മൊറോക്കോയുടെ കുതിപ്പിനെ പിടിച്ചുകെട്ടി ഫ്രഞ്ച് പട തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് ടിക്കറ്റെടുത്തു. കളിയിലുടനീളം തങ്ങളെ വിറപ്പിച്ച ആഫ്രിക്കൻ ടീമിനെ 2-0നു മറികടന്നാണ് ഫ്രാൻസ് കലാശപ്പോരിലെത്തിയത്.
തോൽവിയുടെ നിരാശയിൽ മൈതാനത്ത് മുഖംപൊത്തി കിടക്കുന്ന ഹക്കീമിയെ എംബാപ്പെ ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഫൈനൽ പ്രവേശനം ഫ്രഞ്ച് താരങ്ങൾ മതിമറന്ന് ആഘോഷിക്കുന്നതിനിടെ, ഹക്കീമിയുടെ അടുത്തെത്തിയ എംബാപ്പെ താരത്തിന് കൈ നീട്ടി എഴുന്നേൽക്കാൻ സഹായിക്കുകയും പിന്നാലെ ചേർത്തുപിടിക്കുകയും ചെയ്തു.
കവിളിൽതട്ടി ഹക്കീമിയെ ആശ്വസിപ്പിക്കുന്നതിന്‍റെയും പരസ്പരം ജഴ്സി കൈമാറുന്നതിന്‍റെയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പിന്നാലെയുള്ള എംബാപ്പെയുടെ ട്വിറ്ററിലെ അഭിനന്ദന കുറിപ്പും ഫുട്ബാൾ പ്രേമികളുടെ ഹൃദയം കീഴടക്കി.
'നിങ്ങൾ വിഷമിക്കരുത്, എല്ലാവരും നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു, നിങ്ങൾ ചരിത്രം സൃഷ്ടിച്ചു' -എന്നായിരുന്നു ട്വീറ്റ്. ഇതോടൊപ്പം ഹക്കീമിയെ ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജന്‍റീനയാണ് ഫ്രാൻസിന്‍റെ എതിരാളികൾ. ലൂസേഴ്സ് ഫൈനലിൽ മൊറോക്കോ ക്രൊയേഷ്യയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.