ലോകം ഉറ്റുനോക്കുന്ന ഗ്രാൻഡ് ഫിനാലെയാണ് ഇന്ന് ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്നത്. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് അർജന്റീനയും ഫ്രാൻസും കലാശപ്പോരിനിറങ്ങുന്നത്. ഈ സന്ദർഭത്തിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെക്കെതിരെ അർജന്റീനൻ ഗോളി എമിലിയാനോ മാർട്ടിനെസ് നടത്തിയ പരാമർശമാണ് വാർത്തയാകുന്നത്. എംബാപ്പെട്ട് ഫുട്ബോളിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ലെന്നാണ് മാർട്ടിനെസ് പറഞ്ഞത്. അർജന്റീനയ്‌ക്കെതിരെ എംബാപ്പെ നടത്തിയ വിമർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാർട്ടിനെസിന്റെ മറുപടി.
''എംബാപ്പെക്ക് ഫുട്ബോളിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ല. ലാറ്റിനമേരിക്കയിൽ അദ്ദേഹം കളിച്ചിട്ടില്ല. നിങ്ങൾക്ക് ലാറ്റിനമേരിക്കയിൽ കളിപരിചയമില്ലെങ്കിൽ അതെ കുറിച്ച് അധികം സംസാരിക്കാതിരിക്കുന്നതാവും നല്ലത്. അതൊന്നും വലിയ പ്രശ്നമല്ല. ഞങ്ങളുടെത് മികച്ച ടീമാണെന്നത് ലോകം അംഗീകരിച്ചു കഴിഞ്ഞു.''-എന്നായിരുന്നു മാർട്ടിനെസ് ലോകകപ്പ് ഫൈനലിനു മുമ്പായി നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
ലാറ്റിനമേരിക്കക്ക് യൂറോപ്പിന്റെത് പോലെ നിലവാരമില്ലെന്നും അവിടെ ഫുട്ബോൾ വേണ്ടത്ര പുരോഗമിച്ചിട്ടുമില്ലെന്നായിരുന്നു എംബാപ്പെയുടെ അഭിപ്രായം. അത് കൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളിൽ യൂറോപ്യൻ ടീമുകൾക്ക് മികച്ച വിജയമുണ്ടായത്. സ്ഥിരമായി നാഷൻസ് ലീഗ് പോലുള്ള ഉന്നത മത്സരങ്ങൾ ഉപയോഗിച്ച് പരസ്പരം കളിക്കുന്നതാണ് യൂറോപ്പിന്റെ നേട്ടം. യൂറോപ്യൻ ടീമുകളുടെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ അർജന്റീനക്കും ബ്രസീലിനും കഴിയില്ല എന്നും എംബാപ്പെ പറഞ്ഞുവെച്ചു.
മാസങ്ങൾക്കു മുമ്പേ എംബാപ്പെ നടത്തിയ പരാമർശം അർജന്റീനൻ താരങ്ങളുടെ മനസിൽ നിന്ന് മാഞ്ഞുപോയിട്ടില്ലെന്നാണ് മാർട്ടിനെസിന്റെ പരാമർശത്തിലൂടെ തെളിയുന്നത്. എംബാപ്പെ എഴുതിത്തള്ളിയ ഒരു ടീമിനോടാണ് ലോക ഫുട്ബോളിന്റെ അവസാനയങ്കത്തിൽ ഫ്രാൻസ് ഏറ്റുമുട്ടുന്നത് എന്നത് നിയോഗമായിരിക്കാം. ലയണൽ മെസിയാണോ അതോ കിലിയൻ എംബാപ്പെയാണോ ഫുട്ബോൾ രാജാവാകുക എന്നത് കാത്തിരുന്ന് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.