സനത് ജയസൂര്യയും ഫർവീസ് മഹറൂഫും അർജന്റീന-സൗദി മത്സരം കാണാൻ സ്റ്റേഡിയത്തിൽ
'ഫുട്ബാൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടാണ് ഇവിടേക്ക് പറന്നെത്തിയത്. മികച്ച അനുഭവമാണ് ഈ ലോകകപ്പ് സമ്മാനിക്കുന്നത്. ഖത്തറിൽ എല്ലാം അത്യുജ്ജ്വലമായിരിക്കുന്നു' -പറയുന്നത് ഒരു ക്രിക്കറ്റ് താരമാണ്. ശ്രീലങ്കയുടെ മുൻ രാജ്യാന്തര ഓൾറൗണ്ടർ ഫർവീസ് മഹറൂഫ്. മഹറൂഫിനൊപ്പം മറ്റൊരു 'സിംഹം'കൂടി ഫുട്ബാളിന്റെ ലോകപോരിടത്തിൽ കാഴ്ചക്കാരനായെത്തിയിട്ടുണ്ട്.
വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ക്രിക്കറ്റിന്റെ ദിശതന്നെ മാറ്റിയെഴുതിയ സാക്ഷാൽ സനത് ജയസൂര്യ. ഇരുവരും ഉദ്ഘാടന ചടങ്ങുകൾക്ക് സാക്ഷികളാകാൻ അൽബെയ്ത്ത് സ്റ്റേഡിയത്തിലെത്തി. പിറ്റേന്ന് അർജന്റീനയെ സൗദി അറേബ്യ അട്ടിമറിച്ച 'ചരിത്ര പോരാട്ട'ത്തിന് സാക്ഷികളായി ഇരുവരും ഗാലറിയിലുമുണ്ടായിരുന്നു.
ക്രിക്കറ്റ് ജീവനായിക്കരുതുന്ന ശ്രീലങ്കയിൽനിന്ന് നിരവധി പേരാണ് ഇത്തവണ ഖത്തറിൽ കളികാണാനെത്തിയിട്ടുള്ളത്. ഇവിടെ ജോലി ചെയ്യുന്ന ശ്രീലങ്കക്കാരിലും വലിയൊരു വിഭാഗം പേർ ഫുട്ബാൾ ആരാധകരാണ്. 'കടുത്ത ഫുട്ബാൾ ആരാധകനാണ് ഞാൻ. കുഞ്ഞുന്നാൾ മുതൽ ലയണൽ മെസ്സിയാണെന്റെ ഹീറോ.
ലോകകപ്പ് നേരിൽ കാണുകയെന്നത് സ്വപ്നമായിരുന്നു. ഇത്തവണ ടൂർണമെന്റ് കാലം മുഴുവൻ ഞാൻ ദോഹയിലുണ്ടാകും. ഫൈനലിനുശേഷമേ തിരിച്ചുപോകൂ. 16 മത്സരങ്ങളുടെ ടിക്കറ്റുകൾ ഞാനെടുത്തിട്ടുണ്ട്. ഇവിടെ ലോകകപ്പിനായുള്ള സജ്ജീകരണങ്ങൾ മികച്ചതാണ്' -ലങ്കയിൽനിന്നെത്തിയ ഫുട്ബാൾ ആരാധകൻ ഹംസ ഹനീഫ് പറയുന്നു.
ഉബർ ടാക്സി ഡ്രൈവറായ ധനഞ്ജയ് ലോകകപ്പ് ഖത്തറിലെത്തിയത് മഹാഭാഗ്യമായി കരുതുന്നു. 'സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഞാൻ ഫുട്ബാൾ ഇഷ്ടപ്പെടുന്നയാളാണ്. ജീവിതവൃത്തിക്കായി ഖത്തറിൽ വന്നിട്ട് ആറുവർഷമായി. ഇവിടെ ലോകകപ്പ് വന്നത് ഏറെ അനുഗ്രഹമായി. ബ്രസീൽ-സ്വിറ്റ്സർലൻഡ് മത്സരം നേരിൽ കണ്ടു. ഞാൻ കടുത്ത നെയ്മർ ആരാധകനാണ്. അദ്ദേഹം കളിക്കാത്തതിൽ നിരാശയുണ്ട്.
എങ്കിലും ബ്രസീലിന്റെ കളി കാണാൻ കഴിഞ്ഞല്ലോ. ടീം ജയിക്കുകയും ചെയ്തു. ഖത്തറിൽ ലോകകപ്പ് വന്നില്ലെങ്കിൽ ജീവിതത്തിൽ ഇതൊന്നും ആസ്വദിക്കാൻ കഴിയുമായിരുന്നില്ല.' ഇന്ത്യയെപ്പോലെ, ലങ്കയുടെ ചരിത്രത്തിലും ഏറ്റവുമധികം പേർ നേരിട്ടു കളി കാണുന്ന ലോകകപ്പാണിത്. പ്രവാസികളായ ലങ്കക്കാർ ഫാൻ ഫെസ്റ്റ് ഉൾപ്പെടെ ലോകകപ്പിനു മുന്നോടിയായി അരങ്ങേറിയ ആഘോഷങ്ങളിലും സജീവമായിരുന്നു. ലോകകപ്പിനായി അർജന്റീന, ബ്രസീൽ അടക്കമുള്ള ടീമുകൾക്കു പിന്നിൽ അണിനിരന്നുള്ള 'ഫാൻ ഫൈറ്റും' സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.