പി.എസ്.ജി താരം ലയണൽ മെസ്സിയെ സൗദിയിലെ പ്രമുഖ ക്ലബ് ബന്ധപ്പെട്ടെന്ന വാർത്ത ശരിയല്ലെന്ന് സ്പാനിഷ് ഫുട്ബാൾ വിദഗ്ധനായ ഗിലെം ബാലാഗ്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വാഗ്ദാനം ചെയ്തതിനെക്കാൾ ഉയർന്ന തുകക്ക് താരത്തെ സ്വന്തമാക്കാൻ അൽഹിലാൽ ക്ലബ് രംഗത്തുവന്നതായി കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ടാേബ്ലായ്ഡ് വാർത്ത നൽകിയിരുന്നു. 24.5 കോടി പൗണ്ട് നൽകി താരത്തെ സ്വന്തമാക്കാനാണ് ശ്രമമെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ, സീസൺ അവസാനത്തോടെ പി.എസ്.ജിയുമായി കരാർ അവസാനിക്കുന്ന മെസ്സി ക്ലബിൽ തന്നെ തുടരുമെന്നും പുതിയ കരാർ അന്തിമ ഘട്ടത്തിലാണെന്നും ബാലാഗ് പറഞ്ഞു. ‘‘അങ്ങനെ ഒരു ഓഫർ ഉണ്ടായിട്ടില്ല. പി.എസ്.ജിയും മെസ്സിയുമായി ആഴ്ചകൾക്കുള്ളിൽ അടുത്ത കരാർ സംബന്ധിച്ച ചർച്ച നടക്കാനിരിക്കുന്നു. താരം പാരിസിൽ തന്നെ തുടരും’’- അദ്ദേഹം പറഞ്ഞു.
1986നു ശേഷം ആദ്യമായി ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലെത്തിച്ച സൂപർ താരവുമായി പി.എസ്.ജി ധാരണയിലെത്തിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. യൂറോപ്യൻ ലീഗുകളിൽ തന്നെ തുടരാനാണ് നിലവിൽ മെസ്സിയുടെ തീരുമാനം.
ഇത്തവണ ബാലൺ ദി ഓർ വീണ്ടും നേടാനും ചാമ്പ്യൻസ് ലീഗിലുൾപ്പെടെ വലിയ നേട്ടങ്ങൾ പിടിക്കാനും സാധ്യതയുണ്ടെന്നും ബാലാഗ് പറഞ്ഞു.
നീണ്ട കാലം ബാഴ്സയിൽ ബൂട്ടുകെട്ടിയ മെസ്സി 2021ലാണ് ടീം വിട്ട് പി.എസ്.ജിയിലെത്തുന്നത്. ഇതുവരെ 54 കളികളിലായി 24 ഗോളുകൾ ടീമിനായി കുറിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.