ദോഹ: പെനാൽറ്റി ഷൂട്ടൗട്ടിൽ കിരീട ഫേവറിറ്റുകളായ ബ്രസീലിനെ പരാജയപ്പെടുത്തി െക്രായേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പിലും സെമിയിലേക്ക് പ്രവേശിക്കുമ്പോൾ കളിക്കളത്തിൽ െക്രായേഷൻ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന നീളൻ സ്വർണ്ണതലമുടിക്കാരനുണ്ട്, പേര് ലുക്ക മോഡ്രിച്ച്. ഏറെ ഇഷ്ടമുള്ളവർ അവനെ ലൂക്ക എന്നും ലൂക്കിറ്റ എന്നും വിളിക്കും.
2018 ലോകകപ്പിലെ ഗോൾഡൻ ബോൾ പുരസ്കാരം, യുവേഫ ചാമ്പ്യൻസ് ലീഗ് ബെസ്റ്റ് പ്ലെയർ, 2018ലെ ഫിഫയുടെ ഏറ്റവും മികച്ച താരം എന്നീ ബഹുമതികളൊക്കെ കരസ്ഥമാക്കിയ 37കാരൻ ഇപ്പോഴിതാ നാല് വർഷങ്ങൾക്ക് ശേഷം ഖത്തർ ലോകകപ്പിലും വയസ്സിനെ വെറും അക്കങ്ങളാക്കി െക്രായേഷൻ മുന്നേറ്റത്തിന് വഴി തെളിച്ച് കൊണ്ടിരിക്കുകയാണ്.
സെമിയിലേക്കുള്ള കടമ്പയിൽ ബ്രസീലിനെ അവസാന സമയം വരെ ഗോളടിപ്പിക്കാതെ പിടിച്ച് നിർത്തിയതിലും തുടരെത്തുടരെ കാനറികൾക്കെതിരെ പ്രത്യാക്രമണങ്ങൾക്ക് കോപ്പ് കൂട്ടുന്നതിലും മോഡ്രിച്ചിെൻറ പരിചയ സമ്പത്തും തഴക്കവും ഏറെ സഹായിച്ചിരുന്നു. ഖത്തർ ലോകകപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത് മോഡ്രിച്ചായിരുന്നുവെന്നത് ടീമിലെ അദ്ദേഹത്തിെൻറ സാന്നിദ്ധ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തെളിയിക്കുന്നുണ്ട്.
ഫാക്ടറിത്തൊഴിലാളികളായിരുന്ന മാതാപിതാക്കളുടെ ഏക ആൺതരിയായിരുന്നു ലൂക്ക മോഡ്രിച്ച്. ജാസ്മിനയുടെയും ഡിയാറയുടെയും ഏക സഹോദരൻ. മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ മുത്തഛൻ ലൂക്ക മോഡ്രിച്ച് സീനിയർ ആയിരുന്നു സംരക്ഷകൻ. സോവിയറ്റ് യൂണിയൻ തകർച്ചയിൽ നാട്ടിലെ അന്തരീക്ഷം ഏറെ കലുഷിതമായ സമയം.
ലൂക്ക ജനിച്ച മോഡ്രിച്ചിയിലെയും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. െക്രായേഷ്യക്കാരോട് നാട് വിടാൻ സെർബ് പട്ടാളത്തിെൻറ ഭീഷണി നിലനിന്നിരുന്നു. ജനിച്ച നാട് വിട്ട് പോകാൻ മുത്തഛൻ കൂട്ടാക്കിയില്ല. 1991 ഡിസംബറിൽ പശുക്കളെ മേയ്ക്കാൻ പോയ മുത്തഛനടക്കമുള്ള ആറ് പേരെ സെർബ് പട്ടാളം വെടിവെച്ച് കൊന്നു.
ഈ ദുരന്തത്തെ തുടർന്ന് മക്കളെ കൂട്ടി മാതാപിതാക്കൾ സദർ പട്ടണത്തിലെ അഭയാർത്ഥി ക്യാമ്പിലെത്തി. ദുരിതപൂർണമായിരുന്നു അവിടത്തെ ജീവിതം. കുടിക്കാൻ വെള്ളവും വിശപ്പടക്കാൻ ഭക്ഷണവുമില്ലാത്ത, ബോംബുകളുടെയും വെടിയുണ്ടകളുടെയും ശബ്ദമുഖരിതമായ ദിവസങ്ങൾ. കുട്ടിക്കാലത്തെ ഓർമകൾ അനുസ്മരിക്കാൻ ലൂക്ക മോഡ്രിച്ച് ഇപ്പോഴും കൂട്ടാക്കാത്തത് അതിെൻറ കാഠിന്യം ഒന്ന് കൊണ്ട് മാത്രമായിരിക്കും.
അക്കാലത്ത് പ്രദേശത്ത് കൂടെ നടക്കണമെങ്കിൽ ലൂക്കക്കും സഹോദരിക്കും നിലത്ത് മൈനുകൾ ഉണ്ടോ എന്ന് പരിശോധിക്കണമായിരുന്നു. കഷ്ടപ്പാടുകളിലും ലൂക്കക്ക് ഈർജം നൽകിയത് കാൽപന്തുകളിയോടുള്ള താൽപര്യമായിരുന്നു.
1995ൽ െക്രായേഷ്യ സ്വതന്ത്രമായതോടെ ലൂക്കയുടെ സ്വപ്നങ്ങൾക്കും ചിറക് മുളച്ചു. അങ്ങനെ അഭയാർത്ഥിയായി വളർന്നുവന്ന സദറിലെ ക്ലബിലെ താരമായി ലൂക്ക മാറി. 10 മുതൽ 15 വയസ്സ് വരെ വിവിധ െക്രായേഷ്യൻ ക്ലബുകൾക്കായി ലൂക്ക കളിച്ചു. സ്വതന്ത്രമായതിന് ശേഷം നടന്ന ആദ്യ ലോകകപ്പായിരുന്നു 1998ലെ ഫ്രാൻസിലേത്.
അന്ന് കറുത്ത കുതിരകളായിരുന്നു െക്രായേഷ്യ. ആദ്യമായി യോഗ്യത നേടി വമ്പന്മാരെയെല്ലാം തറപറ്റിച്ച് ഡേവർ സൂക്കറും സംഘവും ടൂർണമെൻറിൽ മൂന്നാം സ്ഥാനത്തെത്തി ചരിത്രം രചിച്ചു. ഈ വീരഗാഥകളും ലൂക്കയുടെ ഫുട്ബോളിനോടുള്ള ആവേശം വർധിപ്പിച്ചതിൽ വലിയ പങ്ക് വഹിച്ചു.
2002ൽ െപ്രാഫഷണൽ ഫുട്ബോളിലേക്ക് ലൂക്ക മോഡ്രിച്ച് രംഗപ്രവേശം ചെയ്തു. ഡൈനാമോ സാഗ്രബായിരുന്നു ആദ്യ ക്ലബ്. 18ാം വയസ്സിൽ സീനിയർ ടീമിനായി അരങ്ങേറിയ താരം മികച്ച പ്രകടനം നടത്തുകയും സാഗ്രബിനെ മുൻനിര ക്ലബുകളുടെ കൂട്ടത്തിലെത്തിക്കുകയും ചെയ്യുന്നതിൽ വലിയ പങ്ക് വഹിച്ചു.
െക്രായേഷ്യയിലെ തന്നെ രണ്ട് ക്ലബുകളിൽ ലോണടിസ്ഥാനത്തിൽ പന്ത് തട്ടിയ ലൂക്ക 2008ൽ പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടനത്തിൽ ചേർന്നു. നാല് വർഷം കളിച്ച താരം 127 മത്സരങ്ങളിൽ നന്നായി 13 ഗോളുകൾ കണ്ടെത്തി.
2012ൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് പുതിയ ഹോമായി മാറിയതോടെ താരത്തിെൻറ മൂല്യവും വർധിച്ചു. അവിടെ നിന്ന് ലോകോത്തര താരമായി അദ്ദേഹം വളർന്നു. റയലിന് വേണ്ടി 300ലധികം മത്സരങ്ങളിൽ കുപ്പായമണിഞ്ഞ ലൂക്ക 25 ഗോളുകൾ നേടുകയും ചെയ്തു. കൃത്യമായ പാസുകളും സെറ്റ്പീസുകളുമായി കളിയുടെ ഗതി തന്നെ മാറ്റിമറിക്കാൻ ലൂക്കക്ക് കഴിവുണ്ട്.
പാസിംഗിലെ കൃത്യതയും ഉയർന്ന വിഷനുമാണ് െക്രായേഷ്യൻ ടീമിലും റയൽ മാഡ്രിഡിലും ഇന്നും ലൂക്ക മോഡ്രിച്ചെന്ന മധ്യനിര അടക്കിവാഴുന്ന താരത്തെ സ്ഥിരസാന്നിദ്ധ്യമാക്കി മാറ്റുന്നത്.
െക്രായേഷ്യ അണ്ടർ 15, 17,19, 21 ടീമുകൾക്കായി പന്ത് തട്ടിയ താരം 2006 മാർച്ച് ഒന്നിനാണ് ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ബാസിലിൽ അർജൻറീനക്കെതിരായ സൗഹൃദ മത്സരത്തിൽ 3-2ന് െക്രായേഷ്യ വിജയം കണ്ടെത്തുകയും ചെയ്തു. ദേശീയ ടീമിനായി 160ലധികം മത്സരങ്ങളിൽ കളത്തിലിറങ്ങിയ മോഡ്രിച്ച് 23 ഗോളുകളും നേടിയിട്ടുണ്ട്. 2
018ൽ അന്നത്തെ ക്യാപ്റ്റനായിരുന്ന ദാരിയോ സെർന അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചതോടെയാണ് ക്യാപ്റ്റെൻറ ആംബാൻഡ് മോഡ്രിച്ചിനെ തേടിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.