തന്നെ ചതിച്ചെന്ന ക്രിസ്റ്റ്യാനോയുടെ വിമർശനം; ഒന്നും പറയാതെ യുനൈറ്റഡിന്റെ പ്രതികരണം

ലണ്ടൻ: സ്വന്തം ക്ലബിനെതിരെ ടെലിവിഷൻ ചാനലിനു മുന്നിൽ പൊട്ടിത്തെറിച്ച സൂപർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾക്ക് കരു​തലോടെ മറുപടി പറഞ്ഞ് മാഞ്ചസ്റ്റർ യുനൈറ്റഡ്. താനേറെ പ്രിയത്തോടെ മനസ്സിൽ താലോലിക്കുന്ന ക്ലബും കോച്ച് ടെൻ ഹാഗും തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും കരിങ്കാലിയാക്കുകയായിരുന്നുവെന്നുമായിരുന്നു കുറ്റപ്പെടുത്തൽ. ഇനിയൊരിക്കൽ കൂടി ഓൾഡ് ട്രാഫോഡിൽ കളിക്കാനില്ലെന്ന സന്ദേശം നൽകുന്നതായിരുന്നു വാക്കുകൾ. ''ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ മാധ്യമ അഭിമുഖം ക്ലബിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിഷയങ്ങൾ പൂർണമായി പഠിച്ച ശേഷം മറുപടി പറയും. പകുതിയിൽ നിൽക്കുന്ന സീസണിലെ തുടർ മത്സരങ്ങൾക്കായി ടീമിനെ സജ്ജമാക്കുന്നതിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. താരങ്ങൾ, മാനേജ്മെന്റ്, സ്റ്റാഫ്, ആരാധകർ എന്നിവർക്കിടയിൽ വിശ്വാസവും പാരസ്പര്യവും ചടുലതയും നിലനിർത്തുകയാണ് വേണ്ടത്''- ക്ലബ് സമൂഹ മാധ്യമത്തിൽ നൽകിയ പ്രതികരണം പറയുന്നു.

പോർച്ചുഗൽ ദേശീയ ടീമിനായി കളിക്കാൻ ഖത്തറിലേക്ക് പോകാനൊരുങ്ങുന്ന താരം മടങ്ങിയെത്തിയ ശേഷം എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. അടുത്തിടെയായി ടീമും താരവും തമമിലെ പ്രശ്നങ്ങൾ മൂർഛിച്ചുവരികയായിരുന്നു.

പ്രീസീസൺ പരിശീലനത്തിന് എത്താതെയും ടീമിന്റെ തായ്‍ലൻഡ്, ആസ്ട്രേലിയ സന്ദർശനങ്ങൾ മുടക്കിയും തുടക്കം മുതൽ അകൽച്ച പ്രകടമാക്കിയ താരത്തെ കോച്ച് പരസ്യമായി വിമർശിച്ചിരുന്നു. അതിനിടെ, അവസാന നിമിഷങ്ങളിൽ പകരക്കാരനായി ഇറക്കാനുള്ള കോച്ചിന്റെ ആവശ്യം ടോട്ടൻഹാമിനെതിരെ കളിക്കുമ്പോൾ നിരസിക്കുകയും ചെയ്തു. മാധ്യമ റിപ്പോർട്ടുകൾ ശരിവെച്ച് കഴിഞ്ഞ ദിവസമാണ് റൊണാൾഡോ കടുത്ത വിമർശനം പരസ്യമാക്കിയത്. ടെൻ ഹാഗിനോട് തനിക്ക് ആദരമില്ലെന്നും തന്നെ പുറത്താക്കാനാണ് പരിശീലകൻ ശ്രമിക്കുന്നതെന്നും അഭിമുഖത്തിൽ കുറ്റപ്പെടുത്തി.

വിമർശനം അതികഠിനമായതിനാൽ താരത്തെ ഇനിയും ക്ലബ് നിലനിർത്തിയേക്കില്ലെന്നു തന്നെയാണ് സൂചനകൾ. സീസണിൽ താരത്തിന്റെ പ്രകടനം ശരാശരിയിൽ നിൽക്കുന്നത് നടപടികൾ എളുപ്പത്തിലാക്കും.

എന്നാൽ, എല്ലാറ്റിനും ഖത്തർ ലോകകപ്പിൽ പോർച്ചുഗൽ ജഴ്സിയിൽ കണക്കുതീർക്കാനാണ് ക്രിസ്റ്റ്യാനോ കാത്തിരിക്കുന്നത്. 

Tags:    
News Summary - Manchester United Responds To Cristiano Ronaldo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.