മെസ്സിയും കൂട്ടരും ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന്‍റെ ആഘോഷം ആരാധകർ തുടരവെ ട്വിറ്ററിൽ വൈറലാവുകയാണ് ഏഴ് വർഷം മുമ്പൊരു ആരാധകന്‍റെ ട്വീറ്റ്. 'ഏഴ് വർഷത്തിന് ശേഷം വന്ന് പരിശോധിക്കൂ' എന്ന് പറഞ്ഞുകൊണ്ട് 2015ൽ ജോസ് മിഗ്വേൽ എന്ന ആരാധകൻ നടത്തിയ പ്രവചനം കൃത്യമായ കാഴ്ചയാണ് ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിൽ കണ്ടത്.
2015 മാർച്ച് 21നായിരുന്നു ജോസ് മിഗ്വേലിന്‍റെ ട്വീറ്റ്. 'ഡിസംബർ 18, 2022. ലയണൽ മെസ്സി എന്ന 34കാരൻ ലോകകപ്പ് വിജയിക്കും, എക്കാലത്തെയും മികച്ച കളിക്കാരനായി മാറും. ഞാനീ പറഞ്ഞത് ഏഴ് വർഷം കഴിഞ്ഞ് വന്ന് പരിശോധിക്കൂ' -എന്നായിരുന്നു ട്വീറ്റ്.
കടുത്ത മെസ്സി ആരാധകനായ മിഗ്വേൽ ഫൈനൽ കാണാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് അർജന്‍റീനയുടെ വിജയത്തോടെ ഏഴ് വർഷം മുമ്പത്തെ ട്വീറ്റ് വൈറലായി. 322K ലൈക്കുകളാണ് ട്വീറ്റ് നേടിയത്.
അതേസമയം, അർജന്‍റീന വിജയിക്കും എന്ന കാര്യം കൃത്യമായി പറഞ്ഞ മിഗ്വേൽ, നിസാരമായ ഒരു കാര്യം പ്രവചനത്തിൽ തെറ്റിച്ചെന്ന് പലരും തമാശരൂപേണ ചൂണ്ടിക്കാട്ടി. മെസ്സിയുടെ പ്രായമായിരുന്നു അത്. 35 ആണ് മെസ്സിയുടെ പ്രായം. എന്നാൽ, 2022ൽ 34 ആവുമെന്നായിരുന്നു മിഗ്വേൽ ട്വീറ്റ് ചെയ്തത്.
2022 ഡിസംബർ 18നാണ് ഫൈനൽ നടക്കുകയെന്ന് ഏഴ് വർഷം മുമ്പ് എങ്ങിനെ മിഗ്വേൽ അറിഞ്ഞു എന്നായിരുന്നു മറ്റ് ചിലരുടെ സംശയം. ഇതിനും വിശദീകരണമുണ്ട്. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18നാണ് 2022 ലോകകപ്പിന്‍റെ ഫൈനൽ നടക്കുകയെന്ന് ഫിഫ പ്രഖ്യാപിച്ചത് 2015 മാർച്ച് 19നാണ്. ഇത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മാർച്ച് 21നായിരുന്നു മിഗ്വേലിന്‍റെ ട്വീറ്റ്.
ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിൽ ലോകകപ്പ് വിജയം ആഘോഷിക്കുന്ന ചിത്രം ജോസ് മിഗ്വേൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'നിങ്ങളുടെ ആദ്യ ലോകകപ്പ് കാണാൻ ഞാനുണ്ടായിരുന്നു. ലിയോ, ഡിയഗോ മറഡോണ ചെയ്തത് പോലെ കൈകളാൽ നിങ്ങൾ ആകാശം തൊട്ട ദിവസത്തിനും സാക്ഷിയാകാൻ എനിക്ക് കഴിഞ്ഞു. ഇനിയുള്ള ജീവിതം മുഴുവൻ സന്തോഷത്തിന് അതുമതി. നമ്മൾ ലോക ജേതാക്കളായിരിക്കുന്നു' -ജോസ് മിഗ്വേൽ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.