ദോഹ: പെനാല്‍റ്റി പാഴാക്കിയെങ്കിലും പോളണ്ടിനെതിരായ മത്സരത്തിൽ അര്‍ജന്റീന മുന്നേറ്റത്തിന്റെ ചാലകശക്തി ലയണല്‍ മെസ്സി തന്നെയായിരുന്നു. ഇന്നലത്തെ മത്സരത്തോടെ ഒരു പുതിയ റെക്കോഡ് കൂടി അദ്ദേഹത്തിന്റെ പേരിലായി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചയാളെന്ന അർജന്റീന ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോഡാണ് മെസ്സി മറികടന്നത്. താരത്തിന്റെ ഇരുപത്തിരണ്ടാം മത്സരമായിരുന്നു ഇന്നലെ.
ഇതിനെ കുറിച്ച് മെസ്സി പ്രതികരിച്ചത് ഡീഗോ മറഡോണ ഇതിൽ സൂപ്പർ ഹാപ്പി ആയിരിക്കും എന്നാണ്. 'ഈ റെക്കോഡ് നേടാനായതിൽ സന്തോഷമുണ്ട്. ഡീഗോ ഏറെ സന്തോഷവാനായിരിക്കുമെന്ന് ഞാൻ കരുതുന്നു, കാരണം അദ്ദേഹം എപ്പോഴും എന്നോട് വളരെയധികം വാത്സല്യം കാണിച്ചു. എനിക്ക് നല്ല കാര്യങ്ങൾ ഉണ്ടാകുമ്പോൾ അദ്ദേഹം എപ്പോഴും സന്തോഷവാനായിരുന്നു', എന്നായിരുന്നു മെസ്സിയുടെ പ്രതികരണം.
മത്സരത്തിൽ അതുല്യ പ്രകടനമാണ് മെസ്സി പുറത്തെടുത്തത്. പെനാൽറ്റി പാഴാക്കിയെങ്കിലും സഹതാരങ്ങൾക്ക് നിരന്തരം പന്തെത്തിച്ചു കൊണ്ടിരുന്നു. പത്തുപേരെ ബോക്‌സിന് മുന്നില്‍ നിരത്തിയിട്ടും പലതവണ അതെല്ലാം ഭേദിച്ച് ഗോളിനടുത്തെത്തി. അര്‍ജന്റീന കളിയില്‍ തൊടുത്തത് 23 ഷോട്ടുകളായിരുന്നു. ഇതിൽ പോസ്റ്റിലേക്കെത്തിയ പതിമൂന്നില്‍ പതിനൊന്നും മെസ്സിയുടെ ബൂട്ടിൽനിന്നായിരുന്നു എന്നത് തന്നെ അദ്ദേഹത്തിന്റെ കളിമികവിന് അടിവരയിടുന്നു. ഏഴ് തവണയാണ് താരം ഡിഫന്‍സ് ലൈന്‍ പൊട്ടിച്ചത്. പോളിഷ് ഗോൾകീപ്പർ ഷെസ്നിയുടെ അസാമാന്യ മികവില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പേരിൽ ഒന്നിലധികം ഗോളുകൾ കുറിക്കപ്പെടുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.