കളിക്കളത്തില്‍ ലയണല്‍ മെസ്സി ആയിരം തവണ പൂത്തുനിന്നതിന്റെ പ്രത്യേകതകൂടിയുള്ള ഖത്തര്‍ ലോകകപ്പിലെ രണ്ടാം പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന 2-1 എന്ന മാര്‍ജിനില്‍ ആസ്ട്രേലിയയെ പരാജപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നോക്കൗട്ട് റൗണ്ടിന്റെ ഗരിമ കണ്ട മത്സരത്തില്‍ അര്‍ജന്റീനക്ക് നല്ല ഭീഷണി ഉയര്‍ത്തിത്തന്നെയാണ് ആസ്ട്രേലിയ പടിയിറങ്ങിയത്. ഇരുടീമുകളേയും വ്യത്യാസപ്പെടുത്തിയത് മെസ്സിയെന്ന ഘടകവും ടീമിന്റെ സാങ്കേതികമികവുമായിരുന്നു.
ഗ്രൗണ്ടിന്റെ മധ്യ ഇടനാഴി 4-4-2 രൂപഘടനയില്‍ അടച്ചിട്ട് തുടങ്ങിയ ആസ്ട്രേലിയക്കെതിരെ പതിവിന് വിപരീതമായി പാര്ശ്വങ്ങളിലൂടെയാണ് അര്‍ജന്റീന നീക്കങ്ങള്‍ തുടങ്ങിയത്. പപു ഗോമസിന്റെ ആദ്യ പതിനൊന്നിലേക്കുള്ള വരവ് സാധുവാക്കുന്ന തുടക്കം ലക്ഷ്യ മകന്നെങ്കിലും ആക്രമണത്തിലെ മേല്‍ക്കൈ അര്‍ജന്റീനക്ക് നല്കി.
മെസ്സിയുടെ സ്വതന്ത്രവേഷം എല്ലായ്പ്പോഴും ഓസീസ് പ്രതിരോധനിരയുടെ നിഴലിലായത് മുതലെടുക്കാന്‍ ആല്വാരെസിനോ പപുവിനോ കഴിഞ്ഞില്ല. കളിയുടെ ആദ്യ അരമണിക്കൂറില്‍ നല്ലൊരു ക്രോസ്ബോള്‍ പോലും നല്കാന് അവര്‍ക്കായില്ല. 34ാം മിനുട്ടിലാണ് മെസ്സിയുടെ കാലൊപ്പുള്ള ആ ഗോള്‍ പിറക്കുന്നത്. കോര്ണര്ഫ്ലാഗില് മെസ്സി തന്നെ തുടക്കമിട്ട നീക്കം, കൈമാറി പോയി ഓട്ടമെന്റി ബോക്സില്‍ ട്രാപ് ചെയ്ത പന്തിനെ മൂന്ന് പ്രതിരോധനിരക്കാരുടെ മറവില്‍ ഗോളിലേക്ക് മനോഹരമായി പരവതാനി വിരിച്ചു ഉരുട്ടിവിട്ടു.
മെക്സികോക്കെതിരെ നേടിയ ഗോളിന്റെ ചെറിയൊരു പുനരുല്പാദനം. 56ാം മിനുറ്റില്‍ ആസ്ട്രേലിയന്‍ ഗോള്‍കീപ്പറുടെ നിര്ണ്ണായകപിഴവ് മുതലാക്കി ആല്‍വാരെസ് രണ്ടാം ഗോളും നേടി. ഇരുഗോളുകളുടെ മുന്‍തൂക്കം കിട്ടിയെങ്കിലും ഗെയിമില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ കളിച്ച അര്‍ജന്റീനക്ക് ഭീതി വളര്‍ത്തി ആസ്ട്രേലിയ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും വിജയക്കൊടി പാറിക്കാന്‍ മെസ്സിക്കും ടീമിനും കഴിഞ്ഞു. ഡി പോളും, ലിസാൻഡ്രോയും, അക്യൂനയും പ്രത്യേകം കയ്യടികള്‍ അര്‍ഹിക്കുന്ന മത്സരം കൂടിയായിരുന്നു ഇത്.
ഇത്രമേല്‍ മാരകശേഷിയുള്ള അര്‍ജന്റീനിയന്‍ ആക്രമണനിരയെ തങ്ങളുടെ ബോക്സിലേക്ക് വിരുന്ന് വിളിച്ച് പന്ത് കൈമാറി കളിക്കാനുള്ള ആത്മവിശ്വാസം ആസ്ട്രേലിയ കാണിച്ചത് അവരുടെ കേളീസംവിധാനത്തിന് സുവ്യക്തത നല്കി. മധ്യനിരയില്‍ പന്തുകള്‍ നേടാന്‍ കഴിയാത്തവിധം ഡി പോളും മക് അലിസ്റ്ററും കഴുകരെ പോലെ വട്ടമിട്ടു കളിച്ചത് ആസ്ട്രേലിയയുടെ ഗെയിം ഫ്ലൂയിഡിറ്റിയെ സാരമായി ബാധിച്ചു.
ഒരു ഗോള്‍ വഴങ്ങിയെങ്കിലും പ്ലാനില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്ന ആസ്ട്രേലിയ അര്‍ഹിച്ചതായിരുന്നു അര്‍ജന്റീനയുടെ സെല്‍ഫ് ഗോള്‍. എല്ലാ തന്ത്രകുതന്ത്രങ്ങള്ക്കും മേലെ നൂറ്റൊന്നു ശതമാനം അത്യധ്വാനം ചെയ്ത അവസാനനിമിഷങ്ങളില്‍ ആസ്ട്രേലിയ സമനില ഗോളിലേക്കെത്തിയതിന് തടസ്സം ശൂന്യതയില്‍ നിന്ന് പൊട്ടിവീണ ലിസാൻഡ്രോയുടെ ഇടംകാലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.