ഫ്രാൻസിനെ തോൽപിച്ച് മൂന്നാമതും കാൽപന്തുകളിയിലെ രാജാക്കന്മാരായതിന്റെ ആഹ്ലാദത്തിമിർപ്പിലാണ് അർജന്റീനയും ആരാധകരും. ലോകകപ്പ് നേട്ടം മെസ്സിയും സംഘവും ഡ്രസിങ് റൂമിൽ ആഘോഷിക്കുന്നതിന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ഡ്രസിങ് റൂമിലെ മേശയിൽ കപ്പുമായി കയറുന്ന മെസ്സി പാട്ടുപാടി നൃത്തം ചെയ്യുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സഹതാരങ്ങളും ഇതിൽ പങ്കുചേരുന്നു. ലോകകപ്പ് വിജയം ആഘോഷിക്കാൻ അർജന്റീന തലസ്ഥാനമായ ബ്വേനസ് ഐറിസിൽ ദശലക്ഷക്കണക്കിനാളുകളാണ് ഒത്തുകൂടിയത്.
കപ്പിനൊപ്പം നിരവധി അതുല്യ നേട്ടങ്ങളാണ് ക്യാപ്റ്റൻ ലയണൽ മെസ്സി സ്വന്തമാക്കിയത്. ഫൈനൽ കളിച്ചതോടെ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടം മെസ്സിയുടെ പേരിലായി. 25 മത്സരങ്ങൾ കളിച്ച ജർമനിയുടെ ലോതർ മത്തേയൂസിനെയാണ് മറികടന്നത്. ഇറ്റലിയുടെ പോളോ മാൾഡീനിയെ പിന്നിലാക്കി ലോകകപ്പിൽ ഏറ്റവും കൂടുതൽ സമയം കളിച്ച താരമായും മാറി.
ഫൈനലിൽ ഫ്രാൻസിനെതിരായ ജയത്തോടെ ലോകകപ്പിൽ കൂടുതൽ മത്സരങ്ങൾ ജയിച്ച കളിക്കാരനെന്ന ജർമനിയുടെ മിറാസ്ലാവ് ക്ലോസെയുടെ റെക്കോഡിനൊപ്പവും എത്തി. ലോകകപ്പിലെ ആദ്യ റൗണ്ടിലും പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും സെമിഫൈനലിലും ഫൈനലിലും ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡും സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ ഗോൾഡൻ ബാൾ നേടിയ ആദ്യ താരമായും മെസ്സി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.