ലോകകപ്പിൽ ജർമനിയുടെ നിരാശജനകമായ പ്രകടനത്തിനിടയിലും ഫുട്ബാൾ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ് ജമാൽ മുസിയാല എന്ന 19കാരൻ. സ്പെയിനുമായി 1-1ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ജർമനിയുടെ ആക്രമണം ഈ കൗമാരക്കാരനെ കേന്ദ്രീകരിച്ചായിരുന്നു. ജർമനി നേടിയ ഏക ഗോളിന് വഴിയൊരുക്കിയതും അവൻ തന്നെ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും താരത്തിന്റെ പ്രകടനം, താൻ ജർമനിയുടെ ഭാവി വാഗ്ദാനമാണെന്ന് അടിവരയിടുന്നു. ഞായറാഴ്ച സ്‍പെയിനിനെതിരായ മത്സരത്തിൽ 84 ശതമാനമായിരുന്നു പാസ് കൃത്യത. ക്രോസുകൾ 100 ശതമാനം പൂർത്തിയാക്കി.
നൈജീരിയൻ-ജർമൻ ദമ്പതികളുടെ മകനായി സ്റ്റട്ട്ർട്ടിൽ ജനിച്ച മുസിയാല ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ അക്കാദമിയിലൂടെയാണ് കളിച്ചു വളർന്നത്. യൂത്ത് തലത്തിൽ ഇംഗ്ലണ്ടിന് വേണ്ടി ബൂട്ടണിഞ്ഞ ശേഷം 2019ൽ 16ാം വയസ്സിലാണ് ബയേണിന്റെ ജഴ്സിയിൽ ജന്മനാട്ടിൽ തിരിച്ചെത്തിയത്. 2026 വരെ അവിടെ കരാറുണ്ട്.
ജർമനിയുടെ മുൻ ക്യാപ്റ്റൻ ലോതർ മത്തേയൂസ് താരത്തെ വിശേഷിപ്പിക്കുന്നത് 'ഭാവിയിലെ മെസ്സി' എന്നാണ്. 'അവന് ഭാവിയിലെ മെസ്സിയാകാൻ കഴിയും, അവൻ മികച്ചവനാണ്', 1990ലെ ലോകകപ്പ് ജേതാവായ മത്തേയൂസ് ബി.ബി.സി സ്പോർട്സിനോട് പറഞ്ഞു. "കഴിഞ്ഞ രണ്ട് വർഷമായി ഞാൻ അവനെ സ്നേഹിക്കുന്നു, അവന്റെ ഫുട്ബാൾ ശൈലിയും വ്യക്തിത്വവും ഇഷ്ടപ്പെടുന്നു. പാസിങ്ങിൽ മികച്ച കഴിവുണ്ട്, ചിന്തയിലും മിടുക്കനാണ്. മുസിയാലക്ക് അടുത്ത മെസ്സിയാകാം. അവന് ഫുട്ബാളിനോട് വലിയ അഭിനിവേശമുണ്ട്. രണ്ട് വർഷം മുമ്പ് ആദ്യമായി കണ്ടത് മുതൽ ഞാൻ അവന്റെ വലിയ ആരാധകനാണ്'', മത്തേയൂസ് പറഞ്ഞു.
പന്ത് കാലിൽ കിട്ടിയാൽ മുസിയാല മെസ്സിയെ അനുസ്മരിപ്പിക്കും. ഏത് പൂട്ടും പൊട്ടിച്ച് പുറത്തുചാടാൻ സവിശേഷമായ കഴിവുണ്ട്. എതിർ പ്രതിരോധത്തെ ചിതറിക്കുന്ന പാസുകളിലൂടെ മികച്ച ഗോൾ അസിസ്റ്റുകളും നൽകുന്നു. ബയേൺ മ്യൂണിക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററും ജർമനിയുടെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററും മുസിയാലയാണ്.
മുൻ ടോട്ടൻഹാം മാനേജർ മൗറീഷ്യോ പോച്ചെട്ടിനോ താരത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്, "ജമാൽ മുസിയാലയെ ഏറ്റവും പ്രതിഭയുള്ള യുവ കളിക്കാരിൽ ഒരാളായാണ് കാണുന്നത്. ഗവി, ജൂഡ് ബെല്ലിംഗ്ഹാം, പെഡ്രി എന്നിവരോടൊപ്പം അവനും ഒരു വലിയ താരമാണ്. ലോകകപ്പിനിടെ അവൻ വളരുമെന്നും ജർമനി അദ്ഭുതപ്പെടുത്തുമെന്നും ഞാൻ കരുതുന്നു''.
മുൻ ജർമൻ ക്യാപ്റ്റനും പരിശീലകനുമായ യുർഗൻ ക്ലിൻസ്മാൻ പറയുന്നതിങ്ങനെയാണ്, 'ജർമനിയുടെ മികച്ച കളിക്കാരനാണ് മുസിയാലയെന്ന് ഞാൻ കരുതുന്നു. അവനിൽ ആശ്ചര്യപ്പെടുത്തുന്ന നിരവധി ഘടകങ്ങളുണ്ട്. അവൻ ഭയപ്പെടുന്നില്ല. ബയേൺ സംവിധാനത്തിലൂടെ വളർന്നുവന്ന ഒരു മികച്ച യുവതാരമാണ് അവൻ. ഇത് അവന്റെ ആദ്യ ലോകകപ്പാണ്, അവൻ കൂടുതൽ കൂടുതൽ വളരും'.
മികച്ച വേഗതയും ഡ്രിബ്രിങ് മികവുമെല്ലാം കരുത്താക്കി മുസിയാല ഭാവിയിൽ മെസ്സിയുടെ പിൻഗാമിയാകുമെന്ന് തന്നെയാണ് ഫുട്ബാൾ ആരാധകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.