ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ചിരിക്കുകയാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. പ്രീ ക്വാർട്ടറിൽ ആസ്ട്രേലിയക്കെതിരായ ജയത്തിന് പിന്നാലെയാണ് താരത്തിന്റെ അഭിപ്രായ പ്രകടനം. ഒരു ഗോൾ നേടിയ മെസ്സി മത്സരത്തിൽ മിന്നിത്തിളങ്ങുകയും കളിയിലെ താരമാകുകയും ചെയ്തിരുന്നു. ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്സ് ആണ് എതിരാളികൾ.
സാധ്യത ടീമുകളിൽ ഒന്ന് അർജന്റീന തന്നെയാണെന്നും എല്ലായ്പ്പോഴും തങ്ങളുടേത് മികച്ച ടീമുകളിൽ ഒന്നാണെന്നും താരം പറയുന്നു. ആസ്ട്രേലിയക്കെതിരെ അത് ഞങ്ങൾ തെളിയിച്ചു. അടുത്ത മത്സരങ്ങളിൽ കൂടുതൽ തെളിയിക്കേണ്ടതുണ്ട്. കാമറൂണിനോട് പരാജയപ്പെട്ടെങ്കിലും ബ്രസീലാണ് മറ്റൊരു ഫേവറിറ്റ് ടീം. നന്നായി കളിക്കുന്ന അവർ ഇപ്പോഴും ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നാണ്. സ്‍പെയിൻ ആണ് മറ്റൊന്ന്. ജപ്പാനോട് പരാജയപ്പെട്ടെങ്കിലും അവരിൽനിന്ന് പന്ത് പിടിച്ചെടുക്കൽ പ്രയാസമാണ്. ദീർഘനേരം കളി അവരുടെ നിയന്ത്രണത്തിലായിരിക്കുമെന്നും അവരെ പരാജയപ്പെടുത്താൻ പ്രയാസമാണെന്നും താരം പറയുന്നു. കിരീട ജേതാക്കളാകാൻ സാധ്യതയുള്ള മറ്റൊരു ടീം മികച്ച രീതിയിൽ കളിക്കുന്ന ഫ്രാൻസ് ആണ്.
ഏറെ പ്രതിഭാശാലികളുള്ള ജർമനി തുടർച്ചയായ രണ്ടാം ലോകകപ്പിലും ആദ്യ റൗണ്ടിൽ പുറത്തായതാണ് തന്നെ ഏറെ അമ്പരപ്പിച്ചത്. ലോകകപ്പ് എത്ര പ്രയാസമുള്ളതാണെന്ന് ഇത് തെളിയിക്കുന്നുവെന്നും മെസ്സി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.